പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. പ്രശസ്ത സംവിധായകന്‍ ജയകുമാറിന്റെ മകനായ ബാല 'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2006ല്‍ 'കളഭം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. 2007ല്‍ പുറത്തിറങ്ങിയ 'ബിഗ് ബി' എന്ന ചിത്രത്തിലെ മുരുഗന്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബാല മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ചെമ്പട, ആയുധം, സൗണ്ട് ഓഫ് ബൂട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ബാല മലയാളത്തില്‍ സജീവമാകുകയായിരുന്നു.
ബിഗ് ബിക്ക് ശേഷം 2009ല്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലൂടെ വീണ്ടും ബാല മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ ദീപന്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ബാല അവതരിപ്പിച്ചത്. പുതിയ മുഖം ശ്രദ്ധിക്കപ്പെട്ടതോടെ ചെറുതും വലുതുമായി നിരവധി മലയാള ചിത്രങ്ങളില്‍ ബാല അഭിനയിച്ചു. എന്നു നിന്റെ മൊയ്തീന്‍, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് ബാല അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
നാല്‍പതിധലികം ചിത്രങ്ങളില്‍ നടനായി തിളങ്ങിയ ബാല സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ലിസ്റ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ബാല തന്നെയായിരുന്നു. ഉണ്ണി മുകുന്ദന്‍, ബാല, നരേന്‍, ടിനി ടോം, സന്ധ്യ എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
വിവാഹം
200ലായിരുന്നു ബാലയുടെ ആദ്യ വിവാഹം. പ്രശസ്ത ഗായിത അമൃതയാണ് താരത്തിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ അവന്തിക എന്നു പേരുള്ള ഒരു മകള്‍ കൂടി ബാലയ്ക്കുണ്ട്. എന്നാല്‍ 2019ല്‍ ബാലയും അമൃതയും വിവാഹമോചിതരായി. 2021ലായിരുന്നു ബാലയുടെ രണ്ടാമത്തെ വിവാഹം.ഡോ.എലിസബത്താണ് ബാലയുടെ രണ്ടാമത്തെ ഭാര്യ.
വിവാദം
2022ല്‍ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്കും, ചില അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം തന്നില്ലെന്നായിരുന്നു ബാലയുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ബാല പ്രസ്മീറ്റ് വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുകയായിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് 2023 ഫെബ്രുവരി മാസം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആദ്യ ഭാര്യ അമൃതയും മകളും ബാലയെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു. എന്നാല്‍ അസുഖമൊന്നുമില്ലാതെ മകളെ അടുത്ത് കാണാനായി ബാല വെറുതെ ആശുപത്രിയില്‍ അഡ്മിറ്റായതാണ് എന്ന തരത്തില്‍ നിരവധി ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു.