മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് മധു മുട്ടം.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുട്ടം എന്ന ഗ്രാമത്തില് 1951 ആഗസ്ത് 1ന് ജനിച്ചു. നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തേക്ക് വരുന്നത്.പിതാവ് കുഞ്ഞുപ്പണിക്കര്. മാതാവ് മീനാക്ഷി അമ്മ. ഏവൂര് പ്രൈമറിസ്കൂള്, കായംകുളം ഗവ:ഹൈസ്കൂള്, നങ്ങ്യാര്കുളങ്ങര ടി കെ എം കോളേജ് എന്നിവിടങ്ങളില്നിന്നും വിദ്യാഭ്യാസം പൂര്ത്തിയാക്കി.പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു.അദ്ധ്യാപകനായിരിക്കുമ്പോള് കുങ്കുമം വാരികയില് എഴുതാന് തുടങ്ങി.വാരികയിലെഴുതിയ സര്പ്പം തുള്ളല് എന്ന കഥയാണ് മധുവിന്റെ ജീവിതത്തില് വഴിത്തിരിവായത്.
വാരികയിലെ കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകന് ഫാസില് സിനിമ സംവിധാനം ചെയ്തു.ഫാസില് സംവിധാനം നിര്വഹിച്ചതാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം. പിന്നീട് കമല് സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള് എന്ന ചിത്രത്തിന്റെ കഥയെഴുതി.മധുവിന്റെ തറവാട്ടില് പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസില് സംവിധാനം നിര്വഹിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.
മലയാളചിത്രങ്ങളില് എന്നും മികച്ചു നില്ക്കുന്ന ചിത്രമാണ് മണിചിത്രത്താഴ്. മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുന്പ് മലയാള നാട് എന്ന വാരികയില് കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.മണിച്ചിത്രത്താഴിനു ശേഷം ഭരതന് ഇഫക്റ്റ്, കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്വഹിച്ചു.മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂല്ബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്.