സംവൃത സുനിൽ
സംവൃത സുനിൽ ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ യുവ നായികയാണ് സംവൃത സുനിൽ. കെ ടി സുനിലിന്റെയും സാജ്നയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.ഇപ്പോൾ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്.01-11-2012-ൽ കോഴിക്കോട്ടുകാരനായ അഖിൽ ജയരാജ് സംവൃതയെ വിവാഹം ചെയ്തു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്.അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ സംവൃത അഭിനയിക്കുകയുണ്ടായി.2006-ൽ ശ്രീകാന്ത് നായകനായ "ഉയിർ" എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും "എവിടെന്തേ നാകേന്തി" എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. ഹിന്ദിയിൽ പുതുതായി ഒരുങ്ങുന്ന വൈറ്റ് എലിഫന്റ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതോട്കൂടി ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് സംവൃത.