മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാര്‍. 1927 ഒക്ടോബര്‍ 14ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായി ജനിച്ചു. ജോണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. പിന്നീട് കുടുംബം പൂന്തോപ്പില്‍ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലായിരുന്നു പ്രഥാമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീവാര്‍പ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു.
എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജില്‍ ധനതത്വശാസ്ത്രം പഠിച്ച കാലയളവില്‍ നാടകത്തിലും സ്‌പോര്‍ട്‌സിലും സജീവമായിരുന്നു. സര്‍വകലാശാലാ തലത്തില്‍ വിജയം വരിച്ചതിനാല്‍ പൊലീസില്‍ ചേരാന്‍ അവസരം ലഭിച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പുമൂലം അതില്‍ നിന്നും പിന്മാറി. അതിനുശേഷം നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തില്‍ അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്‌സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ അഭിനയിച്ചു.
പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഉദയായുടെ നിര്‍മ്മാണത്തില്‍ പ്രേംനസീറിനെ നായകനാക്കി 1952ല്‍ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തില്‍ നിന്നുമാണ് ഈ അവസരം ലഭിച്ചത്. ജോണ്‍എന്ന് പേര് മാറ്റി ശശികുമാര്‍എന്നാക്കിയത് കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിയുമാണ്.
പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും അന്ന് മാറ്റി. തിരമാല, ആശാദീപം, വേലക്കാരന്‍ തുടങ്ങിയ ചില ചിത്രങ്ങളില്‍ ശശികുമാര്‍ അഭിനയിച്ചു. വേലക്കാരന്‍ എന്ന ചിത്രത്തില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്. വിമല്‍ കുമാറിന്റെ ഉമ്മ എന്ന 1960ലെ ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്.
സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടര്‍ന്ന് പ്രേംനസീറിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രന്‍ നായകനായ ചിത്രത്തിലാണ് പ്രവര്‍ത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്‌ചേഴ്‌സിന്റെ ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാല്‍ രണ്ടാമത് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്. 30 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980ല്‍ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങള്‍ ആ വര്‍ഷത്തെ വന്‍വിജയങ്ങളായിരുന്നു. ഡോളര്‍ എന്ന ചിത്രമാണ് നിലവില്‍ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 2014 ജൂലൈ 17ന്അന്തരിച്ചു.