ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ്.എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലാണ് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷെയ്ന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
എഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൈരളി ടിവിയല്‍ സംപ്രേഷണം ചെയ്ത ഗുലുമാല്‍ ഭായ്, സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ബുള്ളറ്റ് ബാവ എന്നിവയാണ് അഭിനയിച്ച മറ്റു സീരിയലുകള്‍.
ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രം ജീവിതം ആരംഭിക്കുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ആദ്യ മലയാള ചിത്രം.ഈ ചിത്രത്തിനുശേഷം 2013ല്‍ തമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
2014ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കിസ്മകത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ടത്. ഷെയ്ന്‍ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്.ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
2017ല്‍ ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറ ബാനു,സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തിയേറ്ററില്‍ നിന്നും മികച്ച വിജയം നേടിയ പറവയിലൂടെ മലയാളസിനിയില്‍ സ്വന്തമായൊരു ഇടം ഷെയ്ന്‍ സ്വന്തമാക്കി. 2018ല്‍ ബി.അജിത്കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ചിത്രകാരനായാണ് ചിത്രത്തില്‍ ഷെയ്ന്‍ എത്തിയത്. 2019ല്‍ മധു സീ നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തില്‍ നായകനായി.
വിവാദങ്ങള്‍
2019- വെയില്‍, എന്നിരുന്നാലും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഷെയിന്‍ മുടി മുറിച്ചത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ തുടര്‍ച്ചയെ അത് ബാധിച്ചുവെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും ഷെയിനിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ നിര്‍മാതാവ് ജോബിയുടെ പരാതിയെ തുടര്‍ന്ന് ഷെയിന്‍ നിഗത്തിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനിക്കുകയും ചെയ്തിരുന്നു.
2023- ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എഡിറ്റിങ്ങ് കാണണമെന്ന് വാശി പിടിക്കുകയും ഷൂട്ടിങ്ങിന് കൃത്യമായി എത്തുന്നില്ല എന്നിങ്ങനെയുള്ള പരാതികളെ തുടര്‍ന്ന് ഷെയിന്‍ നിഗത്തിന് 2023ല്‍ വീണ്ടും നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകള്‍ സംയുക്തമായി ചേര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.