വി കെ ശ്രീരാമന്‍ ജീവചരിത്രം

  ചലച്ചിത്ര നടന്‍, എഴുത്തുകാരന്‍,മാധ്യമപ്രവര്‍ത്തകന്‍  എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വി കെ ശ്രീരാമന്‍.1953-ൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാ പ്രവേശം. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും അതിനു പ്രേരകമായിരുന്നു.
   
  അരവിന്ദന്റെ “തമ്പ്” ആയിരുന്നു ആദ്യ ചിത്രം. പവിത്രന്റെ “ഉപ്പ്”എന്ന സിനിമയിൽ നായകനായിരുന്നു.ഒരു വടക്കൻ വീരഗാഥ , ഉത്തരം, കാക്കോത്തികാവിലെ അപ്പൂപ്പൻതാടികൾ, ലയനം തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി.ആധാരം, സർഗ്ഗം, വൈശാലി, ഹരികൃഷ്ണൻസ്, ഭരത്ചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകൾ. 
   
  വി.കെ.ശ്രീരാമന്റെ മുസ്ലീം കഥാപാത്രങ്ങൾ പ്രത്യേകം ശ്രദ്ധ നേടാറുണ്ട്.സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷൻ രംഗത്തേക്കു കടന്നത്.ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഇഷ്ടദാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായത്. തന്റെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിലൂടെ ഈ പരിപാടികൾ ശ്രദ്ധേയവും അനായാസവുമായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിനായി.നിരവധി ജനകീയ പ്രശ്നങ്ങൾ ഈ ഷോകളിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.  
   
  അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന വേറിട്ടകാഴ്ചകൾ ആയിരുന്നു അടുത്ത ടെലിവിഷൻ സംരംഭം. 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോലെയല്ലാത നമ്മോടൊപ്പം ജീവിക്കുന്ന ചിലരെകുറിച്ചുള്ള' ഈ പരിപാടി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ മുൻ മാതൃകകളില്ലാത്ത ഒന്നാണ്. ഏറ്റവും നല്ല കമന്റേർക്കുള്ള സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ നേടുകയുണ്ടായി. 
   
  കലാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ വേറിട്ടകാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണു ഇദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. ഇത്തരം കാരക്ടർ സ്കെച്ചുകളിലൂടെ വാർപ്പു മാതൃകകളെ ധിക്കരിക്കുന്ന ലളിതവും ആർജവമുള്ള ഒരു ഭാഷ സൃഷ്ടിക്കുകവഴി എഴുത്തിലും വേറിട്ടവഴികളിലൂടെ സഞ്ചരിക്കാൻ വി.കെ.ശ്രീരാമനായി.ഡി.സി. ബുക്ക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകരിലൂടെ നിരവധി പതിപ്പുകൾ വിറ്റഴിഞ്ഞ വേറിട്ടകാഴ്ചകൾ, ഇതര വാഴ്വുകൾ എന്നിവയാണ് പ്രധാന രചനകൾ. 2008ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരം നേടി. 
   
   
   
   
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X