നല്ല സിനിമയെ സ്‌നേഹിച്ച മധു കൈതപ്രം
കമേഴ്‌സ്യല്‍സിനിമ ചെയ്യാന്‍ അവസരങ്ങള്‍ ധാരാളമുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ നല്ല സിനിമ മാത്രം ചെയ്യാന്‍ താല്‍പര്യം കാണിച്ച സംവിധായകനായിരുന്നു ഇന്നലെ അര്‍ധരാത്രി അന്തരിച്ച മധു കൈതപ്രം. ജയരാജിന്റെ അസോസിയേറ്റ് ആയി കളിയാട്ടം എന്ന സിനിമയിലൂടെയാണ് മധു തുടക്കം കുറിച്ചത്. അതിനുമുന്‍പ് നാടകമായിരുന്നു മധുവിന്റെ കളരി.
നാട്ടുകാരന്‍ കൂടിയായ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ സിനിമയ്ക്കു തിരക്കഥ എഴുതുന്നതുകണ്ടാണ് മധുവിനും സിനിമയോടു അടുപ്പം തോന്നുന്നത്. നാട്ടുകാരന്‍ കൂടിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സിനിമയില്‍ പേരെടുത്തതോടെ പേരിനൊപ്പം കൈതപ്രം എന്നുകൂടി സ്വീകരിച്ചു.

കണ്ണൂരിലെ തെയ്യത്തെ അവലംബിച്ചായിരുന്നു ജയരാജ് കളിയാട്ടം എന്ന ചിത്രം ചെയ്തിരുന്നത്. അപ്പോഴാണ് തെയ്യത്തെക്കുറിച്ചറിയുന്ന ഒരു നാട്ടുകാരന്‍ അസോസിയേറ്റ് ആയി കൂടെ വേണമെന്നു തോന്നിയത്. അങ്ങനെയാണ് മധുവിനെ ജയരാജ് കൂടെ കൂട്ടുന്നത്. അന്നുതൊട്ട് ജയരാജ് അവസാനമായി ചെയ്ത കാമല്‍ സഫാരി വരെ മധു കൂടെയുണ്ടായിരുന്നു.
തിലകനും മുരളിയും ജ്യോഷ്ഠാനുജന്മരായി അഭിനയിച്ച ഏകാന്തമായിരുന്നു മധുവിന്റെ ആദ്യചിത്രം. ജീവിതത്തിന്‍െ സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ വ്യഥയായിരുന്നു മധുവിന്റെ ഈ സിനിമയില്‍ പ്രമേയമാക്കിയിരുന്നത്. ഈ സിനിമയിലെ അഭിനയത്തിനാണ് തിലകന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മധുവിന് ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.
മനോജ് കെ. ജയന്‍- ശ്വേതാ മേനോന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത മധ്യവേനലില്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. ഇതില്‍ നെയ്ത്തുകാരുടെ വ്യഥയായിരുന്നു പ്രമേയം.
ദിലീപ് നായകനായ ഓര്‍മമാത്രമായിരുന്നു മൂന്നാമത്തെ ചിത്രം. സി.വി. ബാലകൃഷ്ണനായിരുന്നു ഇതിന്റെ കഥയും തിരക്കഥയും. പിന്നീട് ചെയ്തതും സിവിയുടെ തന്നെ കഥയായിരുന്നു. വെള്ളിവെളിച്ചത്തതില്‍. മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു നായകന്‍. ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച മലയാള ചിത്രമായിരുന്നു ഇത്. ഒരു നര്‍ത്തകിയുടെ ആത്മസങ്കര്‍ഷമായിരുന്നു ഇതിന്റെ കഥ.
നാലു ചിത്രവും വ്യത്യസ്തമാക്കാന്‍ മധുവിനു കഴിഞ്ഞിരുന്നു. ലളിതമായ പ്രമേയമായിരുന്നു എല്ലാം. ഇതിനിടെ കമേഴ്‌സ്യല്‍ സിനിമ ചെയ്യാന്‍ ഒട്ടേറെ അവസരങ്ങള്‍ വന്നിരുന്നെങ്കിലും ഒന്നും വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുതിയ സിനിമയുടെ അണിറയ പ്രവര്‍ത്തനം നടക്കുമ്പോഴാണ് അസുഖം വരുന്നതും മരണം കൂടെ കൂട്ടുന്നതും.


Click it and Unblock the Notifications











