Celebs»Vani Jayaram»Biography

    വാണി ജയറാം ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് വാണി ജയറാം. 1950 നവംബര്‍ 30 ന് തമിഴ്‌നാട്ടില്‍  ജനിച്ചു. തമിഴ്,  മലയാളം, മറാത്തി, ഹിന്ദി, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലായി ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ പഠിച്ചത്. 
     
    കര്‍ണാടക സംഗീതം പഠിച്ചത് കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരില്‍ നിന്നുമാണ്. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനിന്റെ പക്കല്‍നിന്നും ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു.    

    1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തില്‍ പാടിയ  'ബോലേ രേ പപ്പി' എന്ന ഗാനം വാണിയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍  ഒന്നാണ്. ഈ ചിത്രത്തിലെ ഗാനത്തിന്  അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. ആശാ ഭോസ്‌ലെക്കൊപ്പം പക്കീസ എന്ന ചിത്രത്തില്‍ പാടിയിരുന്നു. കൂടാതെ ചിത്രഗുപ്ത്, നൗഷാദ് മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം  ഗാനങ്ങള്‍ ആലപിച്ചു. 

    1974ല്‍ ചെന്നൈയിലേക്ക്  താമസം മാറ്റി. അതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ വാണി സജീവസാന്നിധ്യമാവുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു. 

    സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നിവരുടെ പാട്ടുകള്‍ ആലപിച്ചു. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്.  

    മരണം

    2023 ഫെബ്രുവരി 4ന് അന്തരിച്ചു. ചെന്നൈയിലെ നുങ്കം പാക്കത്തിലെ വസതിയില്‍ വാണി ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ഭര്‍ത്താവ് ജയറാമിന്റെ മരണശേഷം മൂന്ന് വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണി കഴിഞ്ഞിരുന്നത്. ഫെബ്രുവരി 4ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയ വീട്ടുജോലിക്കാരി വാണി ജയറാമിനെ വിളിച്ചിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജോലിക്കാരി അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ച് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലായിരുന്നു വാണി ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേക്ഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

    അവാര്‍ഡുകള്‍

    1975 ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം  'ഏഴു സ്വരങ്ങള്‍' (അപൂര്‍വ്വരാഗങ്ങള്‍)
    1980 ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം  ശങ്കരാഭരണം
    1991 ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം  സ്വാതികിരണം








     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X