For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയ്യപ്പതാണ്ഡവം അഥവാ പതിനെട്ടാംപടി.. മലയാളത്തിന് ഒരു പുതിയ ഹീറോ..! ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Mammootty, Prithviraj Sukumaran, Ahaana Krishna
  Director: Shankar Ramakrishnan

  ഉറുമി എന്ന ഒറ്റ തിരക്കഥയിലൂടെ മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിലേക്ക് കസേര വലിച്ചിട്ടിരുന്ന മനുഷ്യനാണ് ശങ്കർ രാമകൃഷ്ണൻ. ഉറൂമിയ്ക്ക് ശേഷം നത്തോലി ഒരു ചെറിയ മീനല്ല , മൈസ്റ്റോറി എന്നിങ്ങനെയുള്ള സിനിമകളുടെ തിരക്കഥകൾ കൂടി എഴുതിയെങ്കിലും എഴുത്തുകരാണെന്നതിലുപരി ആക്ടർ എന്ന നിലയിൽ ആണ് മൂപ്പർ കുറേക്കൂടി ശ്രദ്ധേയനായത്. സംവിധാനരംഗത്തേക്ക് കൂടി ശങ്കർ രാമകൃഷ്ണൻ തന്റെ മേഖല വിപുലപ്പെടുത്തുകയാണ് ആഗസ്റ്റ് സിനിമയുടെ 'പതിനെട്ടാം പടി'യിലൂടെ..

  ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ചുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു "പതിനെട്ടാം പടി" അനൗൺസ് ചെയ്യപ്പെട്ടത്. പേരിന്റെ പ്രത്യേകത കൊണ്ട് സ്വാഭാവികമായും വിവാദവിഷയങ്ങളിൽ കൈവെക്കുന്നതാവും സിനിമയുടെ ഉള്ളടക്കം എന്ന് കേട്ടവരൊക്കെ കരുതി. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ട്രെയിലറിൽ വിശദമായി പറഞ്ഞ പോലെ നഗരത്തിലെ രണ്ടു സ്‌കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള കുടിപ്പകയുടെയും ഗ്യാംഗ് വാറിന്റെയും കഥയാണ് പതിനെട്ടാം പടിയുടെ ഉള്ളടക്കം.

  പണക്കാരുടെ മക്കൾ പഠിക്കുന്ന പബ്ലിക്ക് സ്കൂളിലെയും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ മോഡൽ സ്കൂളിലെയും വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്നൊക്കെ പറയുമ്പോൾ നല്ല ഒന്നാംതരം ക്ളീഷേ ത്രെഡ് ആണെങ്കിലും സംഭവ ബഹുലമായിട്ടാണ് ശങ്കർ രാമകൃഷ്ണൻ 159.48 മിനിറ്റ് ദൈർഘ്യത്തിൽ പതിനെട്ടാം പടി ഒരുക്കിയിരിക്കുന്നത്. ചടുലവും സംഘര്‍ഷ ഭരിതവുമാണ് ഒന്നര മണിക്കൂറോളം ഒന്നാം പകുതി.

  പടം തുടങ്ങി നാലാം മിനിറ്റിൽ നായകന്മാരിൽ ഒരാളായ അശ്വിൻ എന്ന പൃഥ്വിരാജ് സുകുമാരന്റെ ഇൻട്രോ സംഭവിക്കും. പരമ്പരാഗത വിദ്യാഭ്യാസരീതിയും കോണ്ക്രീറ്റ് ക്‌ളാസ് റൂമുകളും ഉപേക്ഷിച്ച് മിടുക്കരായ ഒരുപറ്റം വിദ്യാർഥികളെ ഭാവിജീവിതത്തിലേക്ക് പ്രാപ്തരാക്കുന്ന ഒരു സ്‌കൂളിന്റെ അധിപനായ അശ്വിൻ വാസുദേവ് തന്റെ സ്‌കൂൾ കാലഘട്ടം ഓർക്കാൻ ഫ്ലാഷ് ബാക്കിലേക്ക് നൂഴ്ന്നു കടക്കുന്നതോടെ ആണ് മോഡൽ സ്‌കൂളിന്റെയും പബ്ലിക്ക് സ്‌കൂളിന്റെയും സംഘർഷങ്ങൾ കടന്നുവരുന്നത്. പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു അശ്വിൻ. ഇപ്പോൾ ഇന്ത്യൻ ആർമിയിൽ മേജറും അന്ന് ഗവണ്മെന്റ് സ്‌കൂളിലെ സ്റ്റുഡന്റുമായിരുന്ന അയ്യപ്പനും കൂടി നോർത്ത് ഈസ്റ്റ് ബോര്ഡറിൽ എവിടെയോ നിന്ന് ഫ്‌ളാഷ്ബാക്കിൽ പങ്കാളി ആവുന്നതോടെ സംഗതി ചീറും.

  പുതുമുഖങ്ങളായ അറുപത്തഞ്ചോളം ചെറുപ്പക്കാർ ആണ് പതിനെട്ടാം പടിയുടെ പ്രത്യേകിച്ചും ഫസ്റ്റ് ഹാഫിന്റെ ജീവൻ. ഓഡിഷൻ നടത്തി കണ്ടെത്തി വർക്ക് ഷോപ്പിലൂടെ ഇവരെ പരിശീലിപ്പിച്ചെടുക്കുന്നതൊക്കെ എൻഡ് ക്രെഡിറ്റ്സിന്റെ കൂടെ സൈഡിൽ കാണിക്കുന്നുണ്ട്. എല്ലാവരും തന്നെ മിടുക്കന്മാരും മിടുക്കികളും ആണെങ്കിലും അയ്യപ്പൻ ആയി വരുന്ന അക്ഷയ് രാധാകൃഷ്ണൻ ആണ് പെർഫോമൻസ് കൊണ്ട് പതിനെട്ടാം പടിയുടെ താരം. കണ്ണുകളിൽ തീക്ഷ്ണതയും ചലനങ്ങളിൽ ചടുല വേഗവുമുള്ള അയ്യപ്പനായി അക്ഷയ് ഒന്നാം പകുതിയിൽ പൂണ്ട് വിളയാടി. ഒരു പക്ഷെ, മുതിർന്ന ശേഷം ആവാനിരിക്കുന്ന ആര്യയുടെ മേജർ വേഷത്തിനും എത്രയോ പടി മേലെ. കഴിവുള്ള സംവിധായകരുടെ കയ്യിൽ കിട്ടിയാൽ മലയാള സിനിമയ്ക്ക് ഒരു മികച്ച നായകൻ അക്ഷയ് രാധാകൃഷ്ണനിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു. ആറ്റുകാൽ സുരൻ എന്ന ലേഡി ഡാൻസർ കം കരാട്ടെയിസ്റ്റ് ക്യാരക്റ്ററിനെ ചെയ്ത ചെറുപ്പക്കാരൻ ആണ് പടത്തിന്റെ മറ്റൊരു ആകർഷണം. കക്ഷിയുടെ പേര് മനസിലാക്കാൻ സാധിച്ചില്ല.

  തായ്‌ലൻഡ് കാരനായ കെച്ച കെംബഡികെ ഉൾപ്പടെ മൂന്ന് ആക്ഷൻ കൊറിയോഗ്രാഫർ ഉള്ള പതിനെട്ടാം പടിയുടെ ആദ്യ പകുതിയിൽ സ്‌കൂളുകൾ തമ്മിലുള്ള പോരാട്ടമൊക്കെ തെലുങ്ക് സ്റ്റൈലിൽ വിറുവിറുപ്പായിട്ടാണ് ചെയ്തിരിക്കുന്നത്. അൽ കിടു!! ഫസ്റ്റ് ഹാഫിനെ കുറിച്ച് ഇത്രയേറെ വാചാലമായതിൽ നിന്ന് തന്നെ സെക്കന്റ് ഹാഫ് കംപാരിറ്റീവ്‌ലി അത്ര പോര എന്ന് മനസിലായിക്കാണും. കുട്ടികളുടെ ജീവിതത്തിലേക്ക് ജോണ്‍ എബ്രഹാം പാലക്കൽ എന്നൊരാൾ കടന്നുവന്നതിനെ തുടർന്നുള്ള സംഭവവികാസങ്ങൾ ആണ് ഒൻപത് പടികൾ ബാക്കിയുണ്ടെന്നു പറഞ്ഞ് നിർത്തുന്ന ഇന്റർവെൽ ബ്ലോക്കിന് ശേഷം കാണാനാവുന്നത്.

  അയ്യപ്പന്റെ നേതൃത്വത്തിലുള്ള പിള്ളേരുടെ അതുവരെയുള്ള സ്വഭാവം വച്ച് ജോണ്‍ എബ്രഹാം അല്ല അയാളുടെ അപ്പൻ വന്നാലും എടുത്ത് കോണാനുടൂത്ത് കളയേണ്ടതാണെങ്കിലും ആ ക്യാരക്റ്ററിനെ ചെയ്തിരിക്കുന്നത് മമ്മൂട്ടി ആയതിനാൽ അങ്ങേരെ കണ്ട് സംവിധായകനെ പോലെ പിള്ളേരും കവാത്ത് മറക്കുന്നതായിട്ടാണ് പിന്നീട് കാണാൻ കഴിയുന്നത്. (ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാനോട് ഒരിക്കൽ കൂടി റെസ്പെക്ട് തോന്നിപ്പോയി.) കൊടും ആരാധകർക്ക് മാത്രം സഹിക്കാനാവുന്ന ഒരു പാത്രസൃഷ്ടിയും ഗെറ്റപ്പുമാണ് ജോണ്‍ എബ്രഹാം പാലക്കലിന്റേത്. അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ടുള്ള കഥാഗതിയും ഒട്ടും തന്നെ കൺവിൻസിംഗ് അല്ലാതെ പോവുന്നു.

  പൃഥ്വിരാജിന്റെയും ആര്യയുടെയും കാമിയോ റോളുകൾക്ക് പുറമെ സുരാജ്‌, ലാലു അലക്സ്, മനോജ് കെ ജയൻ, നന്ദു, മുത്തുമണി, പ്രിയാമണി അങ്ങനെ പലർ ചെറു റോളുകളിൽ ഉണ്ട്. ഉണ്ണി മുകുന്ദന്റെ ഗസ്റ്റ് റോൾ കാണണമെങ്കിൽ മൈക്രോസ്കോപ്പ് കൊണ്ട് പോവണം. അഹാന കഴിഞ്ഞ ആഴ്ച ലൂക്കയിലൂടെ നേടിയ നല്ലപേര് കളഞ്ഞ് കുളിക്കുന്നതും കാണാം. പാട്ടുകൾ ഒരുപാടുള്ള പതിനെട്ടാം പടിയുടെ മ്യുസിക് ഡയറക്ടർ പുതുമുഖമായ എ എച്ച് കാഷിഫ് ആണ്. ക്യാമറ സുദീപ് ഇളമൺ. കൊള്ളാം.

  മൊത്തത്തിൽ എടുത്ത് നോക്കുമ്പോൾ സംവിധാനത്തിൽ മാത്രമല്ല, സ്ക്രിപ്റ്റിങ്ങിലും ശങ്കർ രാമകൃഷ്ണൻ ഒരു തുടക്കക്കാരന്റെ എല്ലാ ചാപല്യങ്ങളും പ്രകടിപ്പിക്കുന്ന സിനിമയാകുന്നു പതിനെട്ടാം പടി.

  English summary
  18am Padi movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X