»   » ബാര്‍ബറില്ലാതെ ബില്ലുവെത്തും

ബാര്‍ബറില്ലാതെ ബില്ലുവെത്തും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ 'കിങ് ഖാന്‍' ഷാരൂഖിനെ അണിനിരത്തിക്കൊണ്ട് പ്രിയദര്‍ശന്‍ ഒരുക്കുന്ന 'ബില്ലു ബാര്‍ബര്‍; ഇനി വെറും ബില്ലു മാത്രം. ചിത്രത്തിന്റെ പോസ്റ്ററിലേയും ഹോര്‍ഡിങ്ങ്സിലേയും 'ബാര്‍ബര്‍' എന്ന പദം നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ഷാരൂഖ് തന്നെയാണ് പുതിയ തീരുമാനം അറിയിച്ചത്.

സിനിമയുടെ പേരില്‍ 'ബാര്‍ബര്‍' എന്ന പദം ചേര്‍ത്തതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സലൂണ്‍ ആന്‍ഡ്‌ ബ്യൂട്ടി പാര്‍ലര്‍ അസോസിയേഷനുകള്‍ ഷാരൂഖിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ പ്രതിനിധികളുമായി ഷാരൂഖ്‌ ഖാന്‍ നടത്തിയ ചര്‍ച്ചയിലാണ് പേരില്‍ മാറ്റാന്‍ വരുത്താന്‍ തീരുമാനമുണ്ടായിരിക്കുന്നത്.

ഷാരൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയ്ന്‍മെന്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌. ഫെബ്രുവരി 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് വേണ്ടി വന്‍ തുക ചെലവാക്കിയാണ് പോസ്റ്ററുകളും ഹോര്‍ഡിങ്ങ്സുകളും ഇറക്കിയത്. ഇവ മാറ്റി പുതിയതു നിര്‍മ്മിച്ചാല്‍ കമ്പനിക്കു വന്‍ നഷ്ടം വരുമെന്ന് ഷാരൂഖ്‌ ഖാന്‍ പറഞ്ഞു.
അതിനാല്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ള പോസ്റ്ററുകളിലും ഹോര്‍ഡിങ്ങ്സുകളിലും പേപ്പര്‍ ഉപയോഗിച്ചു 'ബാര്‍ബര്‍' എന്ന പദം മറയ്ക്കാമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക്‌ അദ്ദേഹം ഉറപ്പു നല്‍കി. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കന്പനിയുടെ ആളുകളെ അയച്ചതായും ഷാരൂഖ്‌ ഖാന്‍ പറഞ്ഞു. 'ബാര്‍ബര്‍' എന്ന പദത്തിലൂടെ ആരേയും അപകീര്‍ത്തിപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തില്‍ വന്പന്‍ വിജയം കൈവരിച്ച 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബില്ലു ബാര്‍ബര്‍. ശ്രീനിവാസന്‍ നായകനും മമ്മൂട്ടി അതിഥി താരവുമായെത്തിയ 'കഥ പറയുന്പോളി'നെതിരെ കേരളത്തിലെ ബാര്‍ബര്‍മാരും പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്നീട് തമിഴില്‍ കുചേലന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും ബാര്‍ബര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഹിന്ദിയില്‍ ഇര്‍ഫാന്‍ ഖാനാണ് ബില്ലു ബാര്‍ബറായി വേഷമിടുന്നത്‌. ബില്ലുവിന്റെ സുഹൃത്തും സിനിമാ താരവുമായി ഷാരൂഖ്‌ ഖാന്‍ വേഷമിടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam