»   » ഷാരൂഖും, സൽമാനും ആദ്യമായൊന്നിച്ച ചിത്രം; “കരൺ അർജ്ജുൻ”

ഷാരൂഖും, സൽമാനും ആദ്യമായൊന്നിച്ച ചിത്രം; “കരൺ അർജ്ജുൻ”

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പർതാരങ്ങളായ സൽമാൻ ഖാനും, ഷാരൂഖ് ഖാനും വളരെ കുറച്ച് സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. രണ്ട് താരങ്ങളും തിരശീലയിൽ വിസ്മയം തീർത്ത് ജനപ്രീതി നേടിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇവർ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് - 'കരൺ അർജ്ജുൻ’.

1995 ജനുവരി 13 -നാണ് ചിത്രം റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം 1995-ലെ രണ്ടാമത്തെ വലിയ വിജയചിത്രമായി മാറി.

സംഗീത സംവിധായകനില്ലാതെ കമ്മാരസംഭവം ഓഡിയോ ലോഞ്ച്! ഒഴിവാക്കിയവര്‍ക്ക് നന്ദിയുമായി ഗോപി സുന്ദര്‍!

ഹൃത്വിക്ക് റോഷൻ അസിസ്റ്റന്റ് ഡയറക്ടറായ ചിത്രം!

‘കരൺ അർജ്ജുൻ' സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ഇന്നത്തെ സൂപ്പർതാരം ഹൃത്വിക്ക് റോഷൻ പ്രവർത്തിച്ചിരുന്നു. ഹൃത്വിക്കിന്റെ അച്ഛൻ രാകേഷ് റോഷനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ഷാരുക്കിനും, ഹൃത്വിക്കിനുമൊപ്പമുള്ള ഫോട്ടോ വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാൻ ആരാധകരുമായി പങ്കുവച്ചിരുന്നു.
രാകേഷ് റോഷന്റെ ഒരേയൊരു ചിത്രത്തിൽ മാത്രമാണ് സൽമാൻ അഭിനയിച്ചിട്ടുള്ളത്. കരൺഅർജ്ജുന്റെ ചിത്രീകരണ വേളയിലുണ്ടായ അടുപ്പമാണ് 2000 ൽ നായകനായി അരങ്ങേറും മുൻപ് സൽമാൻ ഹൃത്വിക്കിന് പരിശീലനം നൽകാൻ ഇടയാക്കിയതും.

‘കായനാത്’ കരൺഅർജ്ജുനായപ്പോൾ

സിനിമയ്ക്ക് ആദ്യം നൽകിയിരുന്ന പേരായിരുന്നു ‘കായനാത്'. ചിത്രത്തിലേക്ക് സംവിധായകൻ ആദ്യം ആമിർ ഖാൻ, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ തുടങ്ങിയവരേയും പരിഗണിച്ചിരുന്നു. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും, വിജയ സാധ്യത കൂടുതലാണെന്നും അഭിപ്രായപ്പെട്ടതിന് ശേഷമാണ് ആമിർ ചിത്രം നിരസിച്ചത്. തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കഥാപാത്രമെന്നതായിരുന്നു ആമിർ ചിത്രം ഉപേക്ഷിക്കാൻ കാരണം. ഷാരുക്കിനൊപ്പം അഭിനയിക്കേണ്ടതായിരുന്നെങ്കിലും മറ്റ് ചിത്രങ്ങളിൽ തിരക്കായതിനാലാണ് അജയ് ദേവ്ഗൺ കരൺ എന്ന വേഷമുപേക്ഷിച്ചത്. ശേഷം കരണിന്റെ വേഷം സൽമാനിലേക്ക് എത്തുകയായിരുന്നു.
അതുപോലെതന്നെ കാജോൾ, മമ്ത കുൽക്കർണി എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങളായി യഥാക്രമം ജൂഹി ചൗള,രവീണ ടണ്ഡൻ എന്നിവരേയും ക്ഷണിച്ചിരുന്നു.

“രാം ലഖൻ” എന്ന 89-ലെ ചിത്രവുമായി ഒരു സാമ്യം

കരൺഅർജ്ജുനിലെ അർജ്ജുനിന്റേയും,കരണിന്റേയും അമ്മയായി അഭിനയിച്ചത് രാഖി ഗുൽസാറാണ്. ചിത്രത്തിലെ മുഖ്യ പ്രതിനായകനായി അമരീഷ് പുരിയും അഭിനയിച്ചു. ഏകദേശം ഇവരുടെ കഥാപാത്രങ്ങൾക്ക് സമാനമായ വേഷങ്ങൾ 1989-ലെ ‘രാം ലഖൻ' എന്ന ചിത്രത്തിലും രാഖിയും, അമരീഷ് പുരിയും അവതരിപ്പിച്ചിരുന്നു.
രാഖിയുടെ മക്കളായി അഭിനയിച്ച ജാക്കി ഷ്റോഫും, അനിൽ കപൂറും തങ്ങളുടെ അച്ഛന്റെ കൊലപാതകത്തിന് അമരീഷ് പുരി അവതരിപ്പിച്ച കഥാപാത്രത്തോട് പ്രതികാരം ചെയ്യുന്നതാണത്.

ഷാരൂഖ്- കാജൾ ജോഡി

തിരശീലയിലെ വളരെ പ്രശസ്തമായ ജോഡിയാണ് ഷാരൂഖും, കാജോളും. 1995 ൽ ഇവർ ജോഡിചേർന്ന് അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. കരൺ അർജ്ജുൻ കൂടാതെ ഇവർ ഒന്നിച്ചെത്തിയ 1995 ചിത്രമാണ് എക്കാലത്തേയും ബ്ലോക്ക്ബസ്റ്ററായ ‘ദിൽവാലാ ദുൽഹാനിയാ ലേ ജായേംഗെ'. സൽമാൻ ഖാനിന്റെ നായികയായി മമ്ത കുൽക്കർണിയാണ് അഭിനയിച്ചത്.

സൂപ്പർ ഹിറ്റായ ഗാനങ്ങൾ:

കരൺ അർജ്ജുൻന്റെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും രാജേഷ് റോഷനാണ് ഒരുക്കിയിട്ടുള്ളത്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിനു വേണ്ടി രാജേഷ് റോഷൻ സംഭാവന ചെയ്തത്.രാജേഷ് റോഷൻ നിരവധി ഈണങ്ങൾ പാതിയിൽ ഉപേക്ഷിച്ചിരുന്നു, അദ്ദേഹത്തിന് സംതൃപ്തി ലഭിക്കാതിരുന്നവയായിരുന്നു അവ. കരൺ അർജ്ജുനിന്റെ സമയത്ത് രാകേഷ് റോഷൻ അത് ശ്രദ്ധിക്കാനിടയായി. ഓരോ ഈണങ്ങളും കേട്ട ശേഷം അതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത അദ്ദേഹം അത് പൂർത്തിയാക്കാൻ രാജേഷ് റോഷനോട് ആവശ്യപ്പെട്ടു. മനസില്ലാ മനസോടെ രാജേഷ് റോഷൻ അന്ന് പൂർത്തിയാക്കിയ ഗാനം റിലീസിനു ശേഷം സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. ഷാരൂഖ് ഖാനും കാജോളുമാമാണ് ആ ഗാനരംഗത്ത് അഭിനയിച്ചത്.‘ജാത്തി ഹൂം മെ'എന്നു തുടങ്ങുന്ന ഗാനമാണത്.

‘യെ ബന്ധൻ തൊ' , ‘ഭംഗ്രാ പാലെ' തുടങ്ങിയ ഗാനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്.

പുനർജന്മത്തിന്റെ കഥ

ദുർഗ്ഗ ( രാഖി )എന്ന അമ്മയുടേയും അവരുടെ മക്കളായ കരണിന്റെയും (സൽമാൻ ), അർജ്ജുനിന്റേയും (ഷാരൂഖ് )പരസ്പ്പര സ്നേഹം കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കരണിന്റേയും അർജ്ജുന്റെയും മുത്തച്ഛൻ അവരെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുമ്പോഴാണ് അവർ അവരുടെ അച്ഛനേപ്പറ്റിയും ,അച്ഛന്റെ കൊലപാതകിയായ ദുർജൻ സിംഗിനേപ്പറ്റിയും (അമരീഷ് പുരി ) അറിയുന്നത്.
മുത്തച്ഛനായ ഠാക്കൂർ ബംഗ്ലാവും, മറ്റ് സ്വത്തുക്കളും കരണിനും അർജ്ജുനിനും നല്കാൻ ശ്രമിക്കുന്നെങ്കിലും ദുർജൻ സിംഗ് അതിന് അനുവദിക്കുന്നില്ല, ഠാക്കൂറിനെ കൊന്നതിനു ശേഷം ദുർജനും ഭാര്യാ സഹോദരൻമ്മാരും ചേർന്ന് ദുർഗ്ഗയുടെ മുന്നിൽ വച്ച് കരണിനേയും, അർജ്ജുനിനേയും കൊലപ്പെടുത്തി.

തന്റെ കൺമുന്നിൽ മക്കളുടെ മരണം കാണേണ്ടി വന്ന അമ്മ കാളിയുടെ ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ കൂട്ടമണിനാദം കേൾക്കുന്നു, തന്റെ മക്കൾ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഭ്രാന്തിയേപ്പൊലെ ആ അമ്മ കാത്തിരിക്കുകയാണ് പിന്നീട് വർഷങ്ങളോളം.

പുനർജന്മമെടുക്കുന്ന കരണും അർജ്ജുനും , അജയ് - വിജയ് എന്നീ പേരുകളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ വളരുന്നു.
കരുത്തരായി വളർന്ന അജയ്യും, വിജയ് യും പിന്നീട് വന്നു ചേരുന്ന സാഹചര്യങ്ങളായി കണ്ടുമുട്ടുന്നു. തങ്ങൾ തമ്മിൽ എന്തോ ആത്മ ബന്ധമുണ്ടെന്ന് തോന്നുന്നെങ്കിലും അതിന്റെ കാരണം അവർക്ക് മനസിലാകുന്നില്ല.

വിജയ് സ്നേഹിക്കുന്ന സോണിയയെ (കാജോൾ) ദുർജൻ സിംഗ് തന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധപൂർവ്വം തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടു പോകുകയും, സോണിയയ്ക്കു വേണ്ടി വിജയ് അവിടേക്ക് എത്തുകയും ചെയ്യുന്നു. അവിടെത്തുന്ന വിജയ് താൻ അർജ്ജുനാണെന്ന് തിരിച്ചറിയുന്നു. അമ്മയും മകനും തമ്മിൽ കാണുന്ന ഹൃദയസ്പർശിയായ രംഗത്തിന് ഗ്രാമം മുഴുവൻ സാക്ഷികളായി.
അർജ്ജുൻ പിന്നീട് കരണിനേയും അവിടേക്ക് കൂട്ടികൊണ്ട് വരുമ്പോൾ ഒരു അമ്മക്ക് തന്റെ നഷ്ടപ്പെട്ടു പോയ രണ്ട് മക്കളെയും തിരികെ ലഭിക്കുകയാണ്.
കരണും അർജ്ജുനും ഒന്നായി ദുർജൻ സിംഗിനോട് പകരം വീട്ടുന്നതാണ് പിന്നിടുള്ള ചിത്രത്തിന്റെ കഥ.

പ്രിയ താരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ

രാകേഷ് റോഷന്റെ സംവിധാന മികവും, സൽമാന്റെയും, ഷാരൂഖിന്റെയും പ്രകടനവും കൊണ്ട് ബ്ലോക്ക്‌ബസ്റ്ററായി മാറിയ കരൺ അർജ്ജുൻ 52 കോടിയോളം ബോക്സ് ഓഫീസിൽ നേടുകയും ചെയ്തു. 1995 ലെ ഏറ്റവും വലിയവിജയം നേടിയ ചിത്രം ‘ദിൽവാല ദുൽഹാനിയ ലേ ജായേംഗെ' - ക്ക് തൊട്ട് പിന്നിലാണ് കരൺഅർജ്ജുനിന്റെ സ്ഥാനം.
ഇന്നും പല വേദികളിലും സൽമാനും, ഷാരൂഖും ഒന്നിച്ചെത്തുമ്പോൾ കരണും,അർജ്ജുനുമായാണ് ആരാധകർ സങ്കല്പ്പിക്കുന്നത്.

English summary
salman and sharukh starring together in karan arjun movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X