പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് ശ്രീകാന്ത്.ശശി സംവിധാനം ചെയ്ത പ്രണയചിത്രമായ റോജാ കൂട്ടം ആയിരുന്നു ശ്രീകാന്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി.തുടർന്ന് ഏപ്രിൽ മാതത്തിൽ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രവും പ്രേക്ഷകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി.സ്നേഹയായിരുന്നു ഈ ചലച്ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.കരു പഴനിയപ്പൻ സംവിധാനം ചെയ്ത പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രവും ശ്രദ്ധിക്കപ്പെട്ടു.ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ശ്രീകാന്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചു.2004-ൽ ശ്രീകാന്ത് അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം ബോസ് ആയിരുന്നു. ഈ ചിത്രത്തിലും സ്നേഹയായിരുന്നു നായിക.
2003-ൽ പുറത്തിറങ്ങിയ ഒക്കിരി ഒക്കരു ആയിരുന്നു തെലുഗു ഭാഷയിൽ ശ്രീകാന്ത് അഭിനയിച്ച ആദ്യ ചലച്ചിത്രം.ഈ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു.എന്നാൽ മേക ശ്രീകാന്ത് എന്ന പേരിൽ ഒരു അഭനേതാവ് തെലുഗു ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്രീറാം എന്നായിരുന്നു ശ്രീകാന്ത് അറിയപ്പെട്ടത്.2007-ൽ തെലുഗുവിൽ സെൽവരാഘവൻ സംവിധാനം ചെയ്ത ആടവാരി മാടലാകു അരതലു വെരുലേ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.
2008-ൽ പുറത്തിറങ്ങിയ ശ്രീകാന്തിന്റെ ഏക ചിത്രം ശശി സംവിധാനം ചെയ്ത പൂ ആയിരുന്നു. തുടർന്ന് പോലീസ് പോലീസ് എന്ന ചിത്രവും പുറത്തിറങ്ങി.2011-ലാണ് ചതുരംഗം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. 2006-ൽത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും 5 വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്തത്.2011 ഒക്ടോബർ 7-ന് ചിത്രം റിലീസ് ചെയ്തു.2012-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത കോമഡി ചലച്ചിത്രമായ നൻപനിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു.വിജയ്, ജീവ, ഇലിയാന ഡിക്രൂസ്, സത്യരാജ് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2010-കളിൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, ഹീറോ എന്നീ മലയാള ചലച്ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിരുന്നു.
പുരസ്കാരങ്ങൾ
പാർത്ഥിപൻ കനവ് എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചു.
2002-ൽ റോജാ കൂട്ടം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള IIFA പുരസ്കാരം ലഭിച്ചു.