twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഓ മോളായിരുന്നോ? മേക്കപ്പ്മാനെ സമ്മതിക്കണം,' ട്രോളന്‍മാരെക്കുറിച്ച് ജലജയുടെ മകള്‍

    Array

    |

    എഴുപതുകളില്‍ മലയാളസിനിമയിലെ സജീവസാന്നിദ്ധ്യമായിരുന്നു നടി ജലജ. പ്രഗല്‍ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം അനേകം ചിത്രങ്ങളില്‍ അഭിനയിച്ച ജലജ വിവാഹശേഷം സിനിമയില്‍നിന്ന് ഏറെക്കാലം വിട്ടുനല്‍ക്കുകയായിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലൂടെയായിരുന്നു ജലജയുടെ രണ്ടാം വരവ്. ജലജയ്‌ക്കൊപ്പം മകള്‍ ദേവി കൂടി ഈ സിനിമയില്‍ തുടക്കം കുറിച്ചു എന്ന സവിശേഷതയുമുണ്ട്. അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം.

    മാലിക്കിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച ജലജയുടെ മകള്‍ ദേവി പ്രകാശ് നായര്‍ തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവിടെ. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാലിക്കിനെക്കുറിച്ചും പിന്നാലെ വന്ന പുതിയ അവസരങ്ങളെക്കുറിച്ചുമൊക്കെ ദേവി സംസാരിച്ചത്.

    മാലിക്കില്‍ തുടക്കം

    ദേവിയുടെ വാക്കുകളില്‍നിന്ന്: 'മാലിക്കില്‍ ഫഹദ് ഫാസിലിന്റെ ഉമ്മയുടെ വേഷമാണ് അമ്മ അവതരിപ്പിച്ചത്. അതില്‍ അമ്മയുടെ യൗവനമാണ് ഞാന്‍ അവതരിപ്പിച്ചത്. അമ്മയുടെ ആദ്യ സിനിമ തമ്പ് ആയിരുന്നു. ആ സിനിമയില്‍ അമ്മയ്ക്ക് ഡയലോഗ് ഇല്ലായിരുന്നു. എന്റെ ആദ്യ സിനിമയായ മാലിക്കില്‍ എനിക്കും ഡയലോഗ് ഉണ്ടായിരുന്നില്ല. അമ്മയുടെ വോയ്‌സ് ഓവറായിരുന്നു എന്റെ കഥാപാത്രം വന്ന സീനുകളില്‍ ഉണ്ടായിരുന്നത്. ആ തുടക്കം എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. മഹേഷ് നാരായണനായിരുന്നു സംവിധായകന്‍. മഹേഷേട്ടന്‍ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാലിക് ടീം മുഴുവന്‍ നല്ലതായിരുന്നു.'

    മാലിക്കിന്റെ പ്രേക്ഷകപ്രതികരണത്തെക്കുറിച്ചും ദേവി വാചാലയായി. 'മാലിക്കില്‍ ചെറിയ കഥാപാത്രമായിരുന്നതുകൊണ്ട് അത്ര ശ്രദ്ധിക്കപ്പെടും എന്നു കരുതിയിരുന്നില്ല. പക്ഷേ, സോഷ്യല്‍ മീഡിയ അതേറ്റെടുത്തു. ധാരാളം ട്രോളിങ് ഉണ്ടായി. ഭാഗ്യത്തിന് നല്ല ട്രോളുകള്‍ ആയിരുന്നു. അതൊക്കെ കണ്ടപ്പോഴാണു ഞാന്‍ ജലജയുടെ മകള്‍ ആണെന്ന് ആളുകള്‍ക്ക് മനസ്സിലായത്. ഓ മോളായിരുന്നോ? മേക്കപ്പ്മാനെ സമ്മതിക്കണം, ജലജച്ചേച്ചിയെ ഇത്രയും ചെറുപ്പമാക്കിയല്ലോ' എന്നൊക്കെയായിരുന്നു കമന്റുകള്‍.

    ജലജയുടെ മകള്‍

    അമ്മയുടെ സിനിമാഭിനയം നേരില്‍ക്കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏറെ രസകരമായിരുന്നു ദേവിയുടെ മറുപടി. നല്ല ഭക്ഷണമുണ്ടാക്കിത്തരുന്ന, ഡ്രൈവ് ചെയ്തു സ്‌കൂളില്‍ കൊണ്ടുവിടുന്ന, ഒട്ടും ദേഷ്യം വരാത്ത അമ്മയെ മാത്രമല്ലേ എനിക്കറിയൂ. കല്യാണത്തിനുശേഷം എനിക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ ഒരു ടെലിഫിലിമില്‍ മാത്രമേ അമ്മ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ, അതെനിക്ക് ഓര്‍മ്മയില്ല.

    ആദ്യമായി അമ്മ അഭിനയിച്ചു കാണുന്നത് മാലിക് എന്ന ചിത്രത്തിലാണ്. ആദ്യമായി, മറ്റൊരാളായി, മറ്റൊരു രൂപത്തില്‍, മറ്റൊരു ശബ്ദത്തിലൊക്കെ കാണാന്‍ പറ്റി. അതു വല്ലാത്തൊരു അനുഭവമായിരുന്നു.

    സിനിമയില്‍നിന്ന് മാറി ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ വന്ന് അമ്മയോട് സംസാരിക്കും. അവരുടെ സ്‌നേഹം കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നും. ഒരു താരം എന്ന ഇമേജല്ല, നമുക്കു പ്രിയപ്പെട്ട ഒരാളെപ്പോലെയാണ് ആളുകള്‍ക്ക് അമ്മ.

    അമ്മ അഭിനയിച്ച കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന സിനിമയാണ് ആദ്യം കണ്ടത്. അമ്മയുടെ ഏക കോമഡി ചിത്രമാണത്. ബാക്കിയൊക്കെ ട്രാജഡി ആണെന്നു പറഞ്ഞ് അമ്മ തന്നെയാണ് ആദ്യം ഈ സിനിമ കാണാന്‍ നിര്‍ദ്ദേശിച്ചത്. അമ്മയ്ക്ക് ഒരു ദുഃഖപുത്രി ഇമേജ് ആണല്ലോ.

    ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യ്ക്ക് ഞാന്‍ തമ്പ് കണ്ടിരുന്നു. യവനിക, വേനല്‍, ശാലിനി എന്റെ കൂട്ടുകാരി, രാധ എന്ന പെണ്‍കുട്ടി, ആലീസിന്റെ അന്വേഷണം-ഈ സിനിമകളൊക്കെ എനിക്കിഷ്ടമാണ്.

    വരാനിരിക്കുന്ന ചിത്രങ്ങള്‍

    എന്റെ ആദ്യചിത്രം മാലിക് ആയിരുന്നുവല്ലോ. അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തിന്റെ സംവിധായകനാണ്. രണ്ടാമത്തെ സിനിമയും ദേശീയ അവാര്‍ഡ് നേടിയ സംവിധായകനൊപ്പം ആയിരുന്നു- രാജീവ്‌നാഥ്. സാറിന്റെ ഹെഡ്മാസ്റ്റര്‍ എന്ന സിനിമയില്‍ ബാബു ആന്റണിയുടെ മകളായിട്ടാണ് അഭിനയിക്കുന്നത്. ആ ചിത്രത്തില്‍ ബാബു ആന്റണിയുടെ അച്ഛനായി അഭിനയിക്കുന്നത് സഹോദരന്‍ തമ്പി ആന്റണിയാണ്. രാജീവ് നാഥ് സാര്‍ ആ സിനിമയില്‍ എന്നെക്കൊണ്ട് ആദ്യമായി ഡബ്ബ് ചെയ്യിപ്പിച്ചു. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആ സിനിമ സഹായിച്ചു.

    മൂന്നാമത്തെ സിനിമ ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്കൊപ്പമാണ്. അതൊരു വലിയ ഭാഗ്യമാണ്. റസൂലിക്ക സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന സിനിമയില്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. ആസിഫ് അലിയാണ് നായകന്‍.' ദേവി പറയുന്നു.

    English summary
    Actress Jalaja's daughter Devi Prakash Nair opens up about her acting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X