For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിലകന്‍ പഠിപ്പിച്ചത് ഫഹദിലും പരീക്ഷിച്ചു! ഒരു നിധി പോലെ താനത് സൂക്ഷിച്ചിട്ടുണ്ടെന്ന് അന്‍വര്‍ റഷീദ്

  |

  തമിഴില്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്‍വര്‍ റഷീദ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ട്രാന്‍സ് ആയിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ അന്‍വറിന്റെ സിനിമ.

  ട്രാന്‍സിലെ ഫഹദിന്റെ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അന്‍വര്‍ റഷീദിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ തിലകന്റെ അഭിനയശൈലിയുമായി ഫഹദിനുള്ള ചില സാമ്യങ്ങളെ കുറിച്ചും ട്രാന്‍സിന്റെ ചിത്രീകരണത്തെ കുറിച്ചുമൊക്കെ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  ഒരു നടനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ചുള്ള എന്റെ ധാരണകള്‍ അപ്പാടെ മാറി മറിഞ്ഞത് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷമാണ്. ആദ്യ സ്വീകന്‍സ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ആ രംഗം ഒന്ന് വിവരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നെ അമ്പരിപ്പിച്ച് കൊണ്ട് ആ രംഗത്തിലെ ഡയലോഗുകള്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറ് തരത്തില്‍ എനിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കണ്ണ് തുറപ്പിക്കുന്ന അനുഭവം എന്ന് പറയുന്നതിനെക്കാള്‍ മായികമായ നിമിഷങ്ങളെന്ന് പറയുന്നതാകും ഉചിതം.

  തിലകന്‍ സാറിനെ പോലെ ഒരു നടന്‍ ആദ്യ ടേക്കില്‍ തന്നെ നല്‍കുന്ന പ്രകടനം സംവിധായകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ച് പോകാന്‍ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും. ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താന്‍ ഒന്നിലധികം തവണ ടേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലു കഴിയാത്തവിധം വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാല്‍ ആറ് വര്‍ഷത്തിന് ശേഷം ട്രാന്‍സ് ചെയ്തപ്പോള്‍ ഞാന്‍ കൂടുതലും പിന്തുടര്‍ന്നത് അഭിനയത്തിലെ തിലകന്‍ ശൈലി ആയിരുന്നു.

  That was the biggest motivation mammootty ever got | FilmiBeat Malayalam

  തിലകന്‍ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാന്‍ ഫഹദില്‍ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിന് വേണ്ടി ഒന്നിലധികം ടേക്കുകള്‍ പോകാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ആദ്യ ടേക്കില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം നല്‍കുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ ഞങ്ങള്‍ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകള്‍ പോയി. ശാരീരികമായി അധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാന്‍സിലുള്ളത്. കാരണം ഹൈ എനര്‍ജിയില്‍ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

  പക്ഷെ യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങള്‍ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറ് വിഭവങ്ങള്‍ ഒരു ഷെഫ് തയ്യാറാക്കി മുന്നില്‍ വച്ചാല്‍ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്‌കരമായിരുന്നു.

  എഡിറ്റിങ് ടേബിളില്‍ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലം രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ചിത്രീകരണ ദിവസങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സിനിമയില്‍ ഉപയോഗിക്കാത്ത ആ രംഗങ്ങള്‍ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്.

  English summary
  Anwar Rasheed About Fahadh Faasil's Acting Talent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X