»   » വന്‍ ഹൈപ്പിലെത്തി ഒന്നാം ഭാഗത്തെ നാണം കെടുത്തിയ മലയാളത്തിലെ രണ്ടാം വരവുകള്‍!

വന്‍ ഹൈപ്പിലെത്തി ഒന്നാം ഭാഗത്തെ നാണം കെടുത്തിയ മലയാളത്തിലെ രണ്ടാം വരവുകള്‍!

Posted By:
Subscribe to Filmibeat Malayalam
വലിയ പ്രതീക്ഷയിലെത്തി തകര്‍ന്നടിഞ്ഞ 14 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍

സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ക്ക് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആദ്യ ചിത്രത്തിന്റെ വിജയം രണ്ടാം ഭാഗത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നത് തന്നെ കാരണം. അത്തരത്തില്‍ ഒരുപിടി രണ്ടാം ഭാഗങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. വന്‍ ഹൈപ്പിലെത്തിയ ഇവയില്‍ ഏറിയ പങ്കും ആദ്യ ഭാഗത്തെ പോലും നാണം കെടുത്തിക്കളയുന്ന വിധം തിയറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു.

മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!

ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്‍ ഫ്‌ളോപ്പാകാന്‍ കാരണം ഈ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം

പഴയ ചില സൂപ്പര്‍ ഹിറ്റുകളുടെ രണ്ടാം അണിയറയില്‍ ഒരുങ്ങുന്നതും വന്‍ പ്രതീക്ഷകളോടെ തന്നെയാണ്. ആട് 2, ലേലം 2, രാജ 2, ബിലാല്‍ (ബിഗ് ബി 2), കമ്മീഷണര്‍ 3, സിബിഐ 5 എന്നിവയാണ് അവയില്‍ പ്രധാനം. വന്‍ ഹൈപ്പിലാണ് ഈ ചിത്രങ്ങള്‍ ഒരുങ്ങുന്നതും. പതിനഞ്ചോളം ചിത്രങ്ങള്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കി നിരാശപ്പെടുത്തിയത്.

കിലുക്കം കിലുകിലുക്കം

ഒരു നഷ്ട ബോധത്തോടെയല്ലാതെ ഈ ചിത്രത്തേക്കുറിച്ച് ഒരിക്കലും ഓര്‍ക്കാന്‍ സാധിക്കില്ല. 1991ലെ സ്വാതന്ത്ര്യ ദിനത്തില്‍ തിയറ്ററിലെത്തി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു കിലുക്കം. വേണു നാഗവള്ളിയുടെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടിനാല്‍ ശ്രദ്ധേയമായി.

15 വര്‍ഷത്തിനിപ്പുറം ഉദയകൃഷ്ണ സിബി കെ തോമസിന്റെ രചനയില്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത കിലുക്കം കിലുക്കം ഒരു രണ്ടാം ഭാഗം എന്നതിനേക്കാള്‍ കിലുക്കത്തിന്റെ വികലമായി റീമേക്ക് എന്ന നിലയിലേക്ക് തരം താഴുകയായിരുന്നു. 2006 മെയ് മൂന്നിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്

എസ്എന്‍ സ്വമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. സുരേഷ് ഗോപി വില്ലനായി എത്തിയ ചിത്രം 1987 ജൂലൈ ആറിനായിരുന്നു തിയറ്ററിലെത്തിയത്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ സൂപ്പര്‍ ഹിറോ കഥാപാത്രങ്ങളില്‍ ഒന്നാണ്.

സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരുക്കിയ രണ്ടാം ഭാഗത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം പക്ഷെ തിയറ്ററില്‍ പരാജയമായി. 2009 മാര്‍ച്ച് 26നായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

ബെല്‍റാം vs താരാദാസ്

ടി ദാമോദരന്റെ രചനയില്‍ ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രങ്ങളായിരുന്നു ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബെല്‍റാം, അതിരാത്രം എന്നിവ. തുടര്‍ച്ചകളായ ആവനാഴി, ഇന്‍സ്‌പെടകര്‍ ബെല്‍റാം എന്നീ ചിത്രങ്ങളിലെ ഇന്‍സ്‌പെടര്‍ ബെല്‍റാം എന്ന പോലീസ് കഥാപാത്രവും അതിരാത്രത്തിലെ കള്ളക്കടത്തുകാരാനായ താരദാസിനേയും ഒരുമിച്ച് കൊണ്ടുവന്ന ചിത്രമായിരുന്നു ബെല്‍റാം vs താരാദാസ്.

മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിന് പിന്നിലും ടി ദാമോദരന്‍-ഐവി ശശി കൂട്ടുകെട്ട് തന്നെയായിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷകളോടെയെത്തിയ ചിത്രം അതിദയനീയമായി തിയറ്ററില്‍ പരാജയം ഏറ്റുവാങ്ങി.

ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍

സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ കഥാപാത്രങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍. ദി കിംഗിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രവും കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സുരേഷ് ഗോപി കഥാപാത്രവും ഒന്നിച്ചെത്തുകയായിരുന്നു ഈ ചിത്രത്തിലൂടെ.

ട്രെന്‍ഡ് സെറ്ററായി മാറിയ ദി കിംഗ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു ഈ ചിത്രത്തിന് പിന്നിലും. ദില്ലി പശ്ചാത്തലമായ രാഷ്ട്രീയം പറഞ്ഞ ചിത്രം തിയറ്ററില്‍ വന്‍ പരാജയമായി മാറി.

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2

സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങാണ് റാംജി റാവു സ്പീക്കിംഗും അതിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിംഗും. ശക്തമായ കഥയെ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രങ്ങളുടെ തുടര്‍ച്ചയായി എത്തിയ ചിത്രമായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് 2.

സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് അല്ല മമ്മാസ് ആയിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എഴുതി സംവിധാനം ചെയ്തത്. ആദ്യ ഭാഗങ്ങളുടെ വികലമായ ആവര്‍ത്തനത്തിന് ശ്രമിച്ച ചിത്രത്തിന്റെ ശക്തമായ കഥയുടെ അഭാവവും പ്രകടമായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ചിത്രം തിയറ്ററില്‍ ദയനീയമായി തകര്‍ന്നു.

സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച അധോലോക കഥാപാത്രങ്ങളില്‍ ഒന്നാണ് സാമ്രാജ്യം എന്ന ചിത്രത്തിലെ അലക്‌സാണ്ടര്‍. ജോമോന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന ചിത്രമാണ്.

ഉണ്ണി മുകുന്ദനെ നായകനാക്കി തമിഴ് സംവിധായകന്‍ പേരരശ് ആയിരുന്നു സാമ്രാജ്യത്തിന് രണ്ടാം ഭാഗം ഒരുക്കിയത്. സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന പേരില്‍ വന്‍ പ്രതീക്ഷയുമായി തിയറ്ററിലെത്തിയ ചിത്രം ദയനീയമായി തകര്‍ന്നടിഞ്ഞു. കഥയുടെ അഭാവം തന്നെയായിരുന്നു ചിത്രത്തിന് തിരിച്ചടിയായത്.

ഗീതാഞ്ജലി

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറയാരുന്നു. എലോണ്‍ എന്ന തായ് ഹൊറര്‍ ചിത്രത്തിന്റെ സ്വാധീനത്തില്‍ ഇറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

മോഹന്‍ലാലിന്റെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ദ്ധിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ ചിത്രം തകര്‍ന്നടിഞ്ഞു. പ്രതീക്ഷകളുടെ ഭാരം തന്നെയായിരുന്നു ചിത്രത്തിന് തിരിച്ചടിയായത്.

ചെങ്കോല്‍

ഹൃദയത്തില്‍ ഇന്നും വിങ്ങലായി അവശേഷിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് പ്രേക്ഷകര്‍ക്ക് കിരീടം. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 1989ലായിരുന്നു തിയറ്ററിലെത്തിയത്. നാല് വര്‍ഷത്തിന് ശേഷം ചെങ്കോല്‍ എന്ന പേരില്‍ കിരീടത്തിന് തുടര്‍ച്ചയുമായി ഇതേ ടീം എത്തി.

ദുരന്തങ്ങളില്‍ നിന്നും തിരികെയെത്തി ജീവിതം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ഒരു സേതുമാധവനെയായിരുന്നു ചെങ്കോല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കഥാന്ത്യത്തില്‍ കീരിക്കാടന്‍ ജോസിന്റെ മകന്റെ കത്തിക്ക് ഇരയാകുന്ന സേതുമാധവനെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. ചിത്രം പരാജയമായി.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ സിനിമയായിരുന്നു ഉദയനാണ് താരം. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം പറഞ്ഞത് സിനിമയ്ക്കുള്ളിലെ കഥയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശ്രീനിവാസന്റെ രചനയില്‍ സജിന്‍ രാഘവ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ സിനിമയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍.

ശ്രീനിവാസന്‍ നായകനായ ചിത്രം സൂപ്പര്‍ താരങ്ങളെ കണക്കിന് കളിയാക്കുന്ന മറ്റൊരു സിനിമ സ്പൂഫ് ആയിരുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത കഥ ചിത്രത്തിന് തിരിച്ചടിയായി. ഉദയനാണ് താരത്തിന്റെ നിലവാരം പ്രതീക്ഷിച്ച് തിയറ്ററിലെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ആഗസ്റ്റ് 15

എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ആഗസ്റ്റ് 1. ഇതിന്റെ തുടര്‍ച്ചായി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ആഗസ്റ്റ് 15. എസ്എന്‍ സ്വാമി തന്നെയായിരുന്നു തിരക്കഥ. ആദ്യ ഭാഗത്തിലെ പെരുമാള്‍ എന്ന മമ്മൂട്ടിയുടെ പോലീസ് കഥാപാത്രത്തിന്റെ പുതിയ ദൗത്യമായിരുന്നു ആഗസ്റ്റ് 15.

പുതിയ ദൗത്യം എന്ന് പറയാമെങ്കിലും ആദ്യ ഭാഗത്തിലേതു പോലെ തന്നെ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കുക എന്നത് തന്നെയായിരുന്നു ദൗത്യം. പല രംഗങ്ങളിലും ആദ്യ ഭാഗത്തെ ഓര്‍മ്മപ്പെടുത്തി 2011ലെ കേരള രാഷ്ട്രീയം പറഞ്ഞ ചിത്രം തിയറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

കാണ്ഡഹാര്‍

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കീര്‍ത്തി ചക്ര. പട്ടാളക്കഥ പറഞ്ഞ ചിത്രം വന്‍വിജയമായി മാറി, ഒപ്പം മേജര്‍ മഹാദേവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് മേജര്‍ മഹാദേവനെ കേന്ദ്രകഥാപാത്രമാക്കി കാര്‍ഗില്‍ യുദ്ധത്തിന്റെ കഥപറഞ്ഞ കരുക്ഷേത്രയും പുറത്ത് വന്നു.

കണ്ഡഹാര്‍ വിമാന റാഞ്ചല്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു കാണ്ഡഹാര്‍. മോഹന്‍ലാലിന്റെ മേജര്‍ മഹാദേവന്‍ കേന്ദ്ര കഥപാത്രമായ ചിത്രം തിയറ്ററില്‍ വന്‍പരാജയമായി. വിഷയത്തില്‍ നിന്ന് വ്യതിചലിച്ച അവതരണം ചിത്രത്തിന് തിരിച്ചടിയായി.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

കീര്‍ത്തിചക്ര, കരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയുടെ തുടര്‍ച്ചായി പുറത്ത് വന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മേജര്‍ മഹാദേവന്റെ പിതാവ് മേജര്‍ സഹദേവനായിരുന്നു ചിത്രത്തിലെ കഥാപാത്രം. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തി മേജര്‍ മഹാദേവനായും മേജര്‍ സഹദേവനായും അഭിനയിച്ച ചിത്രം പക്ഷെ തിയറ്ററില്‍ തകര്‍ന്നു.

കീര്‍ത്തിചക്ര എന്ന ആദ്യ ചിത്രത്തിന്റെ മാതൃക പിന്തുടര്‍ന്ന തിരക്കഥ പ്രേക്ഷകര്‍ പുതുകളൊന്നും സമ്മാനിച്ചില്ല. ഇന്ത്യന്‍ ആര്‍മിയുടെ ടാങ്കറും ആയുധങ്ങളും കണാം എന്നതൊഴിച്ചാല്‍ വന്‍ നിരാശ സമ്മാനിച്ച ചിത്രമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

ഹണീബി 2

നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധായകനായി അരങ്ങേറിയ ചിത്രമായിരുന്നു ഹണീബി. യുവതലമുറ ഏറ്റെടുത്ത ചിത്രം ഹിറ്റായി മാറി. എന്നാല്‍ ചിത്രം വിമര്‍ശനങ്ങളും ഏറ്റ് വാങ്ങിയിരുന്നു. ആദ്യ ഭാഗം വിജയിച്ചതിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.

ഏറെ പ്രതീക്ഷകളോടെ വന്‍ഹൈപ്പുമായി തിയറ്ററിലെത്തിയ ചിത്രം പക്ഷെ തിയറ്ററില്‍ തകര്‍ന്നടിഞ്ഞു. ആദ്യ ഭാഗം ഏറ്റെടുത്ത യുവതലമുറ പോലും ചിത്രത്തെ കൈവിട്ടു.

എന്നിഷ്ടം നിന്നിഷ്ടം 2

മോഹന്‍ലാല്‍, പ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് എന്നിഷ്ടം നിന്നിഷ്ടം. പ്രിയദര്‍ശന്‍ തിരക്കഥ ഒരുക്കിയ ചിത്രം 1986ലായിരുന്നു തിയറ്ററിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

25 വര്‍ഷത്തിന് ശേഷം ആലപ്പി അഷറഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്നിഷ്ടം നിന്നിഷ്ടം 2. ആദ്യ ഭാഗത്തിലെ കാമുകീ കാമുകന്മാരുടെ മക്കളുടെ പ്രണയം പറഞ്ഞ ചിത്രം തിയറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങി.

ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍

കലൂര്‍ ഡെന്നീസിന്റെ രചനയില്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ്. ബാബു ആന്റണി, ജഗദീഷ്, ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 1993ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

18 വര്‍ഷത്തിന് ശേഷം ടിഎസ് സുരേഷ് ബാബു തന്നെയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കിയത്. റെജി മാത്യുവിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്ത് ആയിരുന്നു നായകന്‍. ഒന്നാം ഭാഗത്തിന്റെ ആലസ്യം വിട്ട് മാറാത്ത കഥയുമായി എത്തിയ രണ്ടാം ഭാഗം വന്‍ പരാജയമായി മാറി.

English summary
Disappointed second parts of super hit Malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X