For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളസിനിമ സംസാരിച്ചുതുടങ്ങിയിട്ട് 75 വര്‍ഷം

  By Ravi Nath
  |

  Balan
  1938 ജനുവരി 19 കെച്ചിയിലെ സെലക്ട് ടാക്കീസില്‍ വൈകിട്ട് 7മണിക്ക് ആദ്യശബ്ദചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. അഭ്രപാളികളില്‍ തെളിഞ്ഞ ചലിക്കുന്ന ചിത്രത്തിന്റെ അദ്ഭുതങ്ങള്‍ പൂര്‍ണ്ണമായും വിട്ടുമാറുംമുമ്പേ തന്നെ ശബ്ദിക്കുന്നചിത്രം പ്രേക്ഷകര്‍ക്ക് പുതിയഅനുഭവമായി മാറുകയായിരുന്നു. മലയാളചലച്ചിത്രപ്രസ്ഥാനത്തിന്റെ സമാന്തരശ്രേണിയായി വികസിച്ച ചലച്ചിത്രഗാനശാഖയുടെ തുടക്കംകൂടിയായിരുന്നു ആദ്യശബ്ദചിത്രമായിരുന്ന ബാലന്‍.

  ബാലനില്‍ പാട്ടുകള്‍ ഒന്നും രണ്ടുമല്ല ചെറുതും വലുതുമായി 23 എണ്ണമായിരുന്നുവത്രേ. മലയാളസിനിമക്കു മുമ്പേനടന്ന ഹിന്ദി, തമിഴ് സിനിമകളില്‍ കേട്ട് ശീലിച്ച പാട്ടുകളുടെ ഈണത്തിനൊപ്പിച്ചായിരുന്നു ബാലനുള്‍പ്പടെ ആദ്യകാല മലയാളസിനിമഗാനങ്ങള്‍ രൂപപ്പെട്ടത്.

  വര്‍ഷങ്ങള്‍ക്കുശേഷവും പല പ്രമുഖരും ഈണമോഷണം സമൃദ്ധമായി ഉപയോഗിച്ചു വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സിലോണിലെ സ്റ്റുഡിയോവില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച അര്‍ദ്ധമലയാളിയായ സുന്ദരം പിള്ളയാണ് ബാലന് തുടക്കമിടുന്നത്.

  സിനിമയോടുള്ള അതിയായ ഭ്രമം മൂലം നാട്ടിലെത്തിയ പിള്ള നിര്‍മ്മാതാക്കളെ തേടിപിടിക്കാനുള്ള ശ്രമമായിരുന്നു. ഒടുവില്‍ തുണയായത് സേലത്തെ തിയറ്റര്‍ ഉടമയായ ടി. ആര്‍ സുന്ദരമായിരുന്നു. കേരളത്തിലെ തിയറ്ററുകളോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപരസ്യത്തിലൂടെ പിരിഞ്ഞുകിട്ടിയ തുകയാണത്രേ ബാലന്റെ മുടക്കുമുതല്‍.

  അന്ന് തുടങ്ങിയ ശീലം ഇന്നും നിര്‍ബാധം തുടരുന്നുണ്ട് മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകളേയും എഴുത്തുകാരേയും സംവിധായകരേയും നിര്‍മ്മാണ ബാനറുകളേയും കാണിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രധാന തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റുന്ന സമര്‍ത്ഥരായ നിര്‍മ്മാതാക്കള്‍ കേരളത്തിലിന്നുമുണ്ട്.

  അഭിനേതാക്കളെ കണ്ടെത്തിയതും പത്രപരസ്യത്തിലൂടെ, അഭിനയം പരിശീലിപ്പിച്ച് ചിത്രീകരണം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ സുന്ദരം പിള്ള നായികയേയും കൊണ്ട് സ്ഥലംവിട്ടു എന്ന വാര്‍ത്തയും കേട്ടിരുന്നു. രസകരമായ മറ്റൊരു സംഭവം ആദ്യമലയാള ചലച്ചിത്രത്തിലെ ആദ്യം ചിത്രീകരിച്ച സംഭാഷണശകലം ഇംഗ്‌ളീഷിലുള്ളതായിരുന്നു എന്നതാണ്. ഗുഡ് ലക്ക് ടു എവരിബഡി എന്ന സംഭാഷണമുരുവിട്ടുകൊണ്ട് ആലപ്പി വിന്‍സെന്റ് എന്ന നടന്‍ ഒരു ക്‌ളബ്‌സീനില്‍ അഭിനയിക്കുന്നതായിരുന്നു രംഗം.

  ആദ്യനായിക നാടുവിട്ടതോടെ നാടകക്യാമ്പില്‍ നിന്നും എത്തിയ എം. കെ. കമലം ബാലനിലെ നായികയായിവന്നു. ഇന്നത്തെപോലെ
  സ്റ്റുഡിയോ സംവിധാനമോ സൌണ്ട് റിക്കാര്‍ഡിംഗ് സോംഗ് റിക്കാര്‍ഡിംഗ് ഏര്‍പ്പാടോ ഇല്ലാത്തതിനാല്‍ ഒരു മൈക്കില്‍ നടന്‍ സംഭാഷണം പറയുന്നത് സ്‌പോട്ടില്‍ റിക്കാര്‍ഡ് ചെയ്യുകയാണ് പതിവ്. പാട്ടുകളും ഇങ്ങനെ ലൈവായി പാടിയാണ് റിക്കാര്‍ഡ് ചെയ്യുക. ഓര്‍ക്കസ്ട്രക്കാര്‍ പാട്ടു പാടുന്ന സ്ഥലങ്ങളിലൊക്കെ പിന്‍തുടരുകതന്നെ വേണം. സാങ്കേതിക രംഗത്ത് ഏറെ മുന്നോട്ട് പോയ മലയാളസിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ വലിയ അത്ഭുതങ്ങളാണ് അക്കാലത്തെ സിനിമകള്‍ സമ്മാനിക്കുന്നത്.

  ബാലന്റെ തിരക്കഥ രൂപപ്പെടുത്തിയതും ,കേട്ടുപഴകിയ ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതിയതും പ്രമുഖനാടകക്കാരനായിരുന്ന മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന ശബ്ദസിനിമ ഉടലെടുക്കും വരെ സ്‌ക്രീനിന്റെ ഒരു വശത്ത് നിന്ന് ഉറക്കെ സിനിമയുടെ കഥ പറച്ചിലും സംഭാഷണം പറച്ചിലുമൊക്കെയായിരുന്നു അക്കാലത്ത് കൊട്ടകകളില്‍ പ്രദര്‍ശനസമയത്ത് അവലംബിച്ചിരുന്നത്.

  മലയാളസിനിമ ഏഴരപതിറ്റാണ്ട് പിന്നിട്ട് ഇന്ത്യയിലെ മികച്ച സിനിമകളുടെ ഇടയിലും ലോകസിനിമയിലും ഇടം പിടിച്ച് വിഖ്യാതമായി കഴിഞ്ഞു. ഈ വളര്‍ച്ചയിലേക്കുള്ള ആദ്യപടികള്‍ കയറിവന്നത് എത്രമാത്രം കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.

  English summary
  10th January 2013 marks the 75th anniversary of a seminal benchmark in the history of Malayalam and Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X