For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ വിവാഹം കഴിക്കാന്‍ ഗായത്രി തന്നെയാണ് തീരുമാനിച്ചത്; പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഗിന്നസ് പക്രു

  |

  തന്റെ വിവാഹം നടന്നതിനെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ ഗിന്നസ് പക്രു മുന്‍പ് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. വളരെ ലളിതമായി നടത്താന്‍ ആഗ്രഹിച്ച വിവാഹമാണെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞ് എത്തിയിരുന്നു. വിവാഹശേഷം മീനച്ചിലാറ്റില്‍ വള്ളം തുഴഞ്ഞുള്ള ഫോട്ടോഷൂട്ടിനെ പറ്റിയും പല അഭിമുഖളങ്ങളിലായി പക്രു വെളിപ്പെടുത്തിയിട്ടുണ്ട്.

  സിംപിൾ സ്റ്റൈലിൽ പ്രിയങ്ക തിമേഷ്, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  എന്നാല്‍ ഭാര്യയായ ഗായത്രിയെ കണ്ടുപിടിച്ചതിനെ കുറിച്ചും വിവാഹം ഉറപ്പിച്ചതും എങ്ങനെയാണെന്ന് പറയുകയാണ് താരമിപ്പോള്‍. സഫാരി ചാനലിലെ 'ചരിത്രം എന്നീലൂടെ' എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്നെ തേടി എത്തി. ആദ്യമായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് അവാര്‍ഡ് കിട്ടി. അത്ഭുത ദ്വീപിലൂടെ രണ്ട് നേട്ടങ്ങള്‍ ഉണ്ടായി. കുറച്ചൂടി ആത്മവിശ്വാസം കൂടി. വിദേശ രാജ്യങ്ങളില്‍ അടക്കം സ്വന്തമായിട്ടുള്ള സ്റ്റേജ് ഷോ കളും മെഗാ ഷോകളും ഒക്കെ നടത്തി. അതിലൂടെ സാമ്പത്തികമായും ഉയര്‍ന്നു. ആ സമയത്ത് പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞ് വീടൊക്കെ ഉണ്ടാക്കി. രണ്ട് വീട് വാടകയ്ക്ക് കൊടുത്ത് തുടങ്ങി. പത്ത് പന്ത്രണ്ട് വീടുകളില്‍ വാടകയ്ക്ക് താമസിച്ചത് കൊണ്ട് ഈ വാടക്കകാരന്‍ എന്ന പേര് കിട്ടിയിരുന്നു.

  അന്ന് തൊട്ട് വാടകയ്ക്ക് വീട് കൊടുക്കുന്നത് ഒരു ഹരമായി മാറിയത് കൊണ്ടാണോ എന്ന് അറിയില്ല, കിട്ടുന്ന കാശ് കൊടുത്ത് വീട് ഉണ്ടാക്കിയിട്ട് അത് വാടകയ്ക്ക് കൊടുക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടില്‍ അമ്മയ്‌ക്കൊരു ആഗ്രഹം. എന്നെ കല്യാണം കഴിപ്പിച്ചാലോ എന്ന്. പെങ്ങന്മാര്‍ക്ക് കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളായി. ഞാന്‍ സെറ്റില്‍ ആവാനുള്ള സമയമായെന്ന് അമ്മയ്ക്ക് തോന്നിയത് കൊണ്ടാവും എന്നെക്കാള്‍ കൂടുതല്‍ താല്‍പര്യം അമ്മ കാണിച്ചത്. എനിക്ക് പറ്റിയൊരു പെണ്‍കുട്ടിയെ വേണമെന്ന് പലരോടും അമ്മ അന്വേഷിച്ചു. അങ്ങനെയാണ് പത്താനപുരത്തുള്ള ഒരു ചേച്ചിയോട് ഇതേ കുറിച്ച് പറയുന്നത്. ഇവര് പോയിട്ട് എന്റെ ഭാര്യയുടെ വീട്ടില്‍ പറഞ്ഞു.

  'നിങ്ങള്‍ക്ക് അല്ല. നിങ്ങളുടെ അറിവില്‍ ഇങ്ങനെ ഒരാള്‍ക്ക് പറ്റിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ഒന്ന് പറയണേ'എന്ന് പറഞ്ഞു. പക്ഷേ ഈയൊരു സ്പാര്‍ക്ക് എന്റെ വൈഫിന്റെ ചിന്തയിലേക്ക് വരുന്നു. എന്ത് കൊണ്ട് ഞാനിത് ചെയ്താല്‍ എന്ന് പുള്ളിക്കാരി ചോദിക്കുന്നു. ആദ്യം എല്ലാവരും തമാശയായി എടുത്തു. പിന്നീടത് സ്വഭാവികമായി മാറി. എല്ലാവരും കളിയാക്കിയപ്പോള്‍ പുള്ളിക്കാരി അത് സ്‌ട്രോങ് ആയി എടുത്തു. ഇത് തമാശ അല്ലെന്നും തീരുമാനം എടുക്കുമ്പോള്‍ ആലോചിക്കണമെന്നും പിന്നീട് അത് ബുദ്ധിമുട്ട് ആവരുതെന്നും വീട്ടുകാര്‍ മുന്നറിയിപ്പ് കൊടുത്തു. ഇതില്‍ നിന്നും പിന്മാറാന്‍ പലരും പുള്ളിക്കാരിയെ ഉപദേശിച്ചു. ഇതോടെ കൂടുതല്‍ ശക്തമായി.

  അവര് വിളിച്ച് പറഞ്ഞത് പ്രകാരം അമ്മയും പെങ്ങന്മാരുമൊക്കെ ചേര്‍ന്നാണ് ഗായത്രിയെ പോയി കണ്ടത്. ഇത് സത്യമാണോ, സീരിയസ് ആയി പറയുന്നതാണോ എന്നറിയാന്‍ വേണ്ടിയാണ് ആദ്യം അവരെ ഞാന്‍ പറഞ്ഞ് വിട്ടത്. അവര്‍ക്ക് പോയി വന്നപ്പോള്‍ ഇഷ്ടപ്പെട്ടു. പാവം പിടിച്ചൊരു പെണ്‍കുട്ടിയാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സൊക്കെ കഴിഞ്ഞ് നില്‍ക്കുന്നു. പത്താനപുരത്തെ സാധാരണ കുടുംബത്തിലെ കുട്ടിയാണ്. അച്ഛനും അമ്മയും അനിയത്തും ഉണ്ട്. കാര്യമായിട്ടാണെങ്കില്‍ പോയി കാണാമെന്ന് കരുതി ഞാന്‍ പോയി. കാറിനകത്ത് ഇരുന്നാണ് ഞങ്ങള്‍ സംസാരിച്ചത്. എന്റെ ചരിത്രം എന്നിലൂടെ തന്നെ ഞാനവിടെ പറഞ്ഞു. ഒരു മണിക്കൂറോളം എങ്ങാനും ഞങ്ങള്‍ സംസാരിച്ചു.

  ഇവന്‍ ഈ കല്യാണം മുടുക്കുമോന്ന് ഓര്‍ത്ത് അച്ഛനൊക്കെ ദേഷ്യം വന്നു. ഞാന്‍ കൊച്ചിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു. കൂടുതലും എന്റെ നെഗറ്റീവ് കാര്യങ്ങളാണ് പറഞ്ഞത്. പോസിറ്റീവ് ആയിട്ടുള്ളത് അവിടെ നില്‍ക്കട്ടേ. നെഗറ്റീവ് ആയ കാര്യങ്ങള്‍ പറയുമ്പോള്‍ ഇനി പോവുകയാണെങ്കില്‍ പോയിക്കോട്ടെ എന്ന് കരുതിയാണ് ഞാന്‍ സംസാരിച്ചത്. പുള്ളിക്കാരിയ്ക്ക് ആ സംസാരം എന്തോ ഇഷ്ടപ്പെട്ടു. അങ്ങനെ പെട്ടെന്ന് തന്നെ കല്യാണം നടന്നു. അതും ഒരു കോമഡിയായിരുന്നു. പത്രമാധ്യമങ്ങളോ ആള്‍ക്കാരോ ഒന്നും ഇല്ലാതെ ചെറിയ ചടങ്ങായി വിവാഹം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ എല്ലാവരെയും അറിയിച്ചുള്ള കല്യാണം ആയിരുന്നില്ല. വിവാഹശേഷം ഒരു ചടങ്ങ് വെക്കാം എന്നാണ് കരുതിയത്.

  പക്ഷേ വിവാഹത്തിന് വേണ്ടി കുമാരനല്ലൂര്‍ അമ്പലത്തിലേക്ക് ചെന്നപ്പോള്‍ അവിടെ മൂന്ന് ചാനലും മുപ്പത് പത്രക്കാരും ഉണ്ടായിരുന്നു. അതോടെ പ്ലാനിങ് മുഴുവനും പൊളിഞ്ഞു. പെട്ടെന്ന് തന്നെ കല്യാണം നടത്തിയിട്ട് ഞാന്‍ ഓടി. കല്യാണശേഷം ഫോട്ടോ എടുക്കുമല്ലോ. മീനച്ചിലാറിന്റെ അടുത്ത് ഞാനൊരു വീട് എടുത്തിരുന്നു. ആ കടവിലൊരു തോണി കിടപ്പുണ്ട്. ഫോട്ടോഗ്രാഫര്‍ പറഞ്ഞു അജയന്‍ ആ തോണിയില്‍ ഇരുന്ന് തുഴഞ്ഞ് വരുന്നത് നല്ല രസമുണ്ടാവും എന്ന്. വൈഫിനോട് എന്നാല്‍ കേറി ഇരിക്കാന്‍ പറഞ്ഞു.

  അങ്ങനെ കടവില്‍ തന്നെ ഇരുന്ന് തോണി തുഴയുന്ന ആക്ഷന്‍ കാണിച്ചപ്പോള്‍ വീഡിയോഗ്രാഫര്‍ പറഞ്ഞു. നന്നായിട്ടുണ്ട്. അജയന്‍ വള്ളം തുഴയുമല്ലേ എന്ന്. ഞാന്‍ ശകലം തള്ളി വിടാം. അവിടുന്ന് ഇങ്ങോട്ട് തുഴഞ്ഞ് വരാമോന്ന് ചോദിച്ചു. ഭാര്യ ഇരിക്കുന്നത് കൊണ്ട് എനിക്ക് പേടിയാണെന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനെ ശരിയെന്ന് പറഞ്ഞു. ചെറുതായിട്ട് ഒന്ന് തള്ളി വിടാമെന്ന് പറഞ്ഞെങ്കിലും ഒരു തള്ള് വന്നതോടെ ഞാനും ഇവളും മീനച്ചിലാറിന്റെ നടുക്ക് കിടക്കുവാണ്. ഇതിനിടയില്‍ ഒരു കാറ്റും അടിച്ചു. ഭാര്യയോട് ചോദിച്ചു ഇതിന് മുന്‍പ് വള്ളത്തില്‍ കയറിയിട്ടുണ്ടോന്ന്. ഇല്ലെന്ന് പറഞ്ഞു. ഇതോടെ എന്റെ നെഞ്ചിലൊരു ഇടി വെട്ടി. ആദ്യമായി വള്ളത്തില്‍ കയറുന്നവരുടെ കൈയ്യും കാലും വിറയ്ക്കും.

  ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam

  അവളോട് അനങ്ങാതെ ഇരിക്കാന്‍ പറഞ്ഞു. കയറിയ കടവില്‍ അല്ലെങ്കില്‍ ഏതെങ്കിലും കടവില്‍ എത്തിക്കുമെന്ന് ഞാനും പറഞ്ഞു. പിടി വിട്ട് പോയെന്ന് മനസിലാക്കിയ എന്റെ കമാന്‍ഡോ അളിയന്‍ സ്വിമ്മിങ് സ്യൂട്ടിലേക്ക് മാറി കഴിഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ ഇതിന്റെ അടുത്ത കടവിലേക്ക് അടുപ്പിച്ച്, അവിടെ ഇറങ്ങി. അമ്മ എന്നെ ശരിക്കും വഴക്ക് പറഞ്ഞു. വള്ളം തുഴഞ്ഞ് വന്നതോടെ ലേശം ആത്മവിശ്വാസം കൂടി. അവള്‍ക്കും അങ്ങനെയാവുമെന്ന് കരുതി ഇതുവരെ ചോദിച്ചിട്ടില്ലെന്ന് പക്രു പറയുന്നു.

  English summary
  Guiness Pakru Opens Up About Wife Gayathri And His Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X