For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് പത്രം സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഇന്ന് മഞ്ജു വാര്യരുടെ നായകന്‍'; സ്വപ്‌നതുല്യമെന്ന് ജയസൂര്യ

  |

  അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടനാണ് ജയസൂര്യ. ക്യാമറക്ക് മുന്നില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ഒരുകാലം ജയസൂര്യക്കുണ്ടായിരുന്നു. തന്റെ വളരെക്കാലത്തെ ശ്രമത്തിനുശേഷമാണ് സിനിമയിലെത്താന്‍ സാധിച്ചതെന്ന് ജയസൂര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പോയ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യ അവതരിപ്പിച്ച വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിനായിരുന്നു.

  ജയസൂര്യയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന മേരീ ആവാസ് സുനോ എന്ന പുതിയ ചിത്രം മെയ് 13-ന് തീയറ്റര്‍ റിലീസിനെത്തുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിനിടെ തനിക്ക് മഞ്ജു വാര്യരോടുള്ള ആരാധനയെക്കുറിച്ചും അടുത്ത സൗഹൃദത്തെക്കുറിച്ചും ജയസൂര്യ ആദ്യമായി പൊതുവേദിയില്‍ സംസാരിച്ചു.

  ജയസൂര്യയുടെ വാക്കുകളില്‍ നിന്ന്:' ഇന്ന് ഇവിടെ നില്‍ക്കുന്നതില്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രം എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ ഒന്നു മുഖം കാണിക്കുന്നതിനായി, ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ പല ദിവസങ്ങളിലും നടന്നപ്പോള്‍, അതിലൊരു ദിവസം ദൂരെ നിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട് പത്രം എന്ന സിനിമയില്‍, കൊച്ചിന്‍ ഹനീഫ സംസാരിച്ചുകൊണ്ടിരിക്കുന്ന സീനില്‍ ഇതുപോലെ പത്രക്കാര്‍ ഇരിക്കുന്ന കൂട്ടത്തില്‍ ആദ്യത്തേയോ രണ്ടാമത്തെയോ നിരയില്‍ ഇരിക്കാനുള്ള ഒരു ഭാഗ്യം എനിക്കു കിട്ടി.

  അന്ന് ആ പത്രമെന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യര്‍ എന്ന ബ്രില്യന്റായ നടിയുടെ കൂടെ അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായൊരു കാര്യമാണ്. അന്നുമുതലേ ആരാധനയോടെ കാണുന്ന നായികയാണ് മഞ്ജു.

  സിനിമയെ സ്‌നേഹിക്കാനായി ചില വ്യക്തികള്‍ നമ്മള്‍ പോലും അറിയാതെ നമ്മെ സ്വാധീനിക്കാറുണ്ട്. ലാലേട്ടനെയും മമ്മൂക്കയേയും പോലെ..അത്തരത്തിലൊരാളാണ് മഞ്ജുവും. വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്ന പോലെ തമാശയൊക്കെ പറഞ്ഞായിരുന്നു ഞങ്ങളുടെ അഭിനയം. ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ ഒരിക്കലും കാണാന്‍ സാധിക്കില്ല. സീനിയോരിറ്റിയും കാര്യങ്ങളും ഒന്നുമില്ലാതെ എന്നും ഒരു വിദ്യാര്‍ത്ഥിയെപ്പോലെയിരിക്കുന്നതിനാലാണ് മഞ്ജു ഇന്നും സൂപ്പര്‍ സ്റ്റാറായിരിക്കുന്നത്.' ജയസൂര്യ പറയുന്നു.

  റേഡിയോ ജോക്കിയായ ആര്‍.ജെ.ശങ്കര്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഡോക്ടറാണ് മഞ്ജുവിന്റെ കഥാപാത്രം. ഇതാദ്യമായാണ് മഞ്ജു വാര്യരും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രമെത്തുന്നത്.

  ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തിരക്കഥയൊരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെ. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം.ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് ബി.കെ.ഹരിനാരായണന്‍ വരികളെഴുതിയിരിക്കുന്നു. കൃഷ്ണചന്ദ്രന്‍, ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

  Recommended Video

  മമ്മൂക്കയുടെ കൂടെ ഒരു മുഴുനീള ചിത്രം..ആവേശത്തോടെ മഞ്ജു വാര്യർ

  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്. ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

  English summary
  Jayasurya shared his first experience of acting with Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X