»   » നമ്മള്‍ ഏതു മണിയെ ആഘോഷിക്കണം?

നമ്മള്‍ ഏതു മണിയെ ആഘോഷിക്കണം?

Posted By:
Subscribe to Filmibeat Malayalam

കേരളം ഇപ്പോള്‍ കണി കണ്ടുണരുന്നത് ഇടുക്കി മണിയെയാണ്. കലാഭവന്‍ മണിയ്ക്കുമുണ്ടായിരുന്നു പ്രശസ്തി. അതിപ്പോള്‍ എംഎം മണി തട്ടിയെടുത്തുകഴിഞ്ഞു. ഇവരെ കൂടാതെ ഒരു കുഞ്ഞുമണികൂടിയുണ്ടായിരുന്നു ഇവിടെ. ഓര്‍മ്മയുണ്ടോ സംസ്ഥാന അവാര്‍ഡ് നേടിയ ആ ബാലതാരത്തെ?

വയനാട്ടുകാരനായ ഈ ആദിവാസി ബാലന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ കൂടെ സിനിമയില്‍ അഭിനയിച്ച കക്ഷിയാണ്. ആദ്യത്തെ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. തിരക്കഥയില്‍ നിപുണനായ രഞ്ജന്‍ പ്രമോദിന്റെ സംവിധാന സംരംഭം. ചീറ്റിപോയ സിനിമയാണ് ഫോട്ടോഗ്രാഫര്‍. ആ സിനിമയ്ക്ക് അവാര്‍ഡ് വേദിയില്‍ അന്തസ്സോടെ നിറഞ്ഞുനില്ക്കാനായത് മണി നേടിത്തന്ന പേരു കൊണ്ടാണ്.

പുല്‍ച്ചാടിപാട്ടു പാടി നടന്ന ആദിവാസി ബാലന്‍ ഇന്ന് വളര്‍ന്ന് യുവാവായി റോഡുപണിക്കാരനായി. അകാലത്തില്‍ പെണ്ണുംകെട്ടി കുടിയില്‍ ഒതുങ്ങി പോയി. സിനിമക്കാരും ചാനലുകാരുമൊന്നും സെലിബ്രിറ്റി അല്ലാത്തതു കൊണ്ടും ആദിവാസിയായതു കൊണ്ടും മണിയെ കുരുന്നിലെ ഒതുക്കിക്കളഞ്ഞു.

അവാര്‍ഡ് വാങ്ങാന്‍ തിരുവനന്തപുരത്തെത്തിയ മണി ഹോട്ടല്‍ ഹൊറൈസണിലെ എസി മുറിയിലിരുന്ന് പുതിയ കാഴ്ചകളെ പകപ്പോടെ നോക്കിയതോര്‍മ്മ വരികയാണ്. പതുപതുത്ത കട്ടിലില്‍ കിടക്കാന്‍ മനസുവരാതെ അവന്റെ അച്ഛന്‍ നിലത്ത് കാര്‍പെറ്റില്‍ കിടന്നതും അപരിചിതമായ ചുറ്റുപാടുകളോട് ഇണങ്ങാനുള്ള വൈമുഖ്യമായിരുന്നു.

ആഘോഷപൂര്‍വ്വം മണിയെ മാധ്യമങ്ങള്‍ കൊണ്ടു നടന്നു. പിന്നെ ആരും അവനെക്കുറിച്ച് കേട്ടില്ല. സിനിമയുടെ കൂടെ കുറച്ചുനാള്‍ നടന്നപ്പോള്‍ അവനും ചില സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇന്ന് യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മണി അവരിലൊരാള്‍ മാത്രമായി.

വയനാട്ടിലെ ആദിവാസി ജീവിതങ്ങള്‍ കണ്ടറിഞ്ഞ അവരിലൊരാളായ ഒരു മന്ത്രിയുണ്ട് വകുപ്പിന്റെ ക്ഷേമത്തിനായി. വിടരും മുമ്പേ പൊഴിയാന്‍ വിധിക്കപ്പെട്ട പ്രതിഭയുള്ള മണിയെക്കുറിച്ച് അവരും കേട്ടുകാണില്ലേ ?ദുശ്ശകുനം പോലെ ഒരു മണിയെ ആഘോഷിക്കുന്ന ചാനലുകാര്‍ക്ക് ഈ ആദിവാസി ഒരിക്കലും വാര്‍ത്തയായില്ല. കൈരളി ചാനല്‍ അവനെ ഇടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട് എന്നു കൂടി പറയട്ടെ.

English summary
Channels, who are celebrating MM Mani's words, should also pay attention to Photographer fame Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam