For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ചെറുപുഞ്ചിരിയുമായി എംടിയും കൂടെ ജോണ്‍പോളും! ഓര്‍മ്മകളിലൂടെ എംസി രാജനാരായണന്‍!

  By Desk
  |

  എംസി രാജനാരായണന്‍

  ചലച്ചിത്രജാലം
  ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

  മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിലെ (മിഫ്) മത്സരവിഭാഗത്തില്‍ 'ഒരു ചെറുപുഞ്ചിരി' പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംവിധായകന്‍ എം.ടി. വാസുദേവന്‍ നായരും നിര്‍മ്മാതാവും പ്രശസ്ത തിരക്കഥാകൃത്തുമായ ജോണ്‍പോളും മുംബൈയില്‍ എത്തിയിരുന്നത്. മിഫിലെ ഫിപ്രെസി ജ്യൂറി അംഗം എന്ന നിലക്കായിരുന്നു ഞാന്‍ പങ്കെടുത്തത്. ബല്ലാഡ് എസ്റ്റേറ്റിലെ ഗ്രാന്റ് ഹോട്ടലിലായിരുന്നു എം.ടിയും ഞാനും താമസിച്ചിരുന്നത്. ജോണ്‍പോള്‍ കുറച്ചകലെ എം.എല്‍.എ ഹോസ്റ്റലിലും. ഒരാഴ്ച്ചത്തെ ഫെസ്റ്റിവെലില്‍ ഇന്റര്‍നാഷ്ണല്‍ കോംപിറ്റീഷനിലെ ഇന്ത്യന്‍ പടങ്ങളിലൊന്നായിരുന്നു ഒരു ചെറുപുഞ്ചിരി. എം.ടി. തിരക്കഥയെഴുതി സംവിധാനം ചെയ്ത അവസാന ചിത്രവുമാണിത്. ബ്രിട്ടീഷ് സ്വഭാവമുള്ള ബില്‍ഡിങ്ങുകളും സ്ട്രീറ്റുകളുമാണ് ബല്ലാഡ് എസ്റ്റേറ്റിലേത്. ബോംബെ സിനിമക്കാര്‍ ഇവിടെ ലണ്ടന്‍ സ്ട്രീറ്റ് ചിത്രീകരിക്കാറുണ്ട്!

  പ്രഭാതഭക്ഷണം മിക്കവാറും ഗ്രന്റ് ഹോട്ടലിലെ റെസ്റ്റോറന്റില്‍ എം.ടിയോടൊപ്പമായിരുന്നു. സൗത്തിന്ത്യന്‍ വിഭവങ്ങളായി ഇഡ്ഡലിയും ദോശയും ഉപ്പുമാവുമെല്ലാമുണ്ട്. ടിഫിന്‍ കഴിക്കുന്നതിനിടയില്‍ എം.ടി. പറഞ്ഞു. ''ഇന്നാണല്ലോ എ.കെ. നായരുടെ ഡിന്നര്‍. പ്രത്യേകം ക്ഷണിച്ചതല്ലേ''. ''ജൂറി സ്‌ക്രീനിങ്ങ് ഏഴ്, ഏഴരമണിവരെ കാണും. അതിനുശേഷം പോയാല്‍ മതിയോ''. ''അതുമതി, ഇവിടേക്ക് വന്നാല്‍ ഒരുമിച്ചുപോകാം''. കവി കുഞ്ഞുണ്ണിയുടെ തറവാട്ടുകാരനാണ് എ.കെ നായരെന്ന അതിയാരത്ത് കൃഷ്ണന്‍നായര്‍. മുംബൈയിലെ എം.ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍. അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ പേര് അതിയാരത്ത് എന്നാണെന്ന് എം.ടി. പറഞ്ഞതോര്‍ക്കുന്നു. ചെറിയ രീതിയില്‍ തുടങ്ങി വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ വ്യക്തിയാണ് എ.കെ. നായര്‍.


  ഒരു ചെറുപുഞ്ചിരിയുടെ അന്നത്തെ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ വരവേല്‍പ്പ് നല്‍കിയതില്‍ എം.ടിയും സംതൃപ്തനായിരുന്നു. ജൂറി സ്‌ക്രീനിങ്ങിന് ശേഷം 8 മണിക്ക് ഗ്രാന്റ് ഹോട്ടലില്‍ തിരിച്ചെത്തി. അവിടെ നിന്ന് എ.കെ. നായരുടെ കറുത്ത ബെന്‍സില്‍ മഹാനഗരത്തിന്റെ ഹൃദയഭാഗത്തേക്ക്..... കൊളാബയിലേയോ മറ്റോ ഒരു വലിയ റസ്റ്റോറന്റിലേക്കാണ് എ.കെ. നായര്‍ ഞങ്ങളെ കൊണ്ടുപോയത്. അകത്ത് പ്രവേശിച്ച് മുകളിലത്തെ നിലയിലേക്കുള്ള ഗോവണി പടികള്‍ കയറുമ്പോള്‍ അവിടെ ധാരാളം വിദേശികളും ഇരിക്കുന്നത് കാണാമായിരുന്നു. പ്രകാശമാനവും വര്‍ണ്ണാഭമായ അന്തരീഷം. എ.കെ. നായരെ സ്വീകരിക്കാന്‍ മാനേജര്‍ ഓടിയെത്തി നാലുപേര്‍ക്കുള്ള ഒരു ടേബിളിലേക്ക് ഞങ്ങളെ ആനയിച്ചു. അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് എ.കെ. നായര്‍ ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ മനസ്സിലൊരു ചോദ്യം ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് ഈ സ്ഥലം? ഇതിലും വലിയ സ്ഥലം തെരഞ്ഞെടുക്കാത്തതെന്തുകൊണ്ടാണ്? ഒരുപക്ഷേ ജോണ്‍പോളിന്റെ മനസ്സിലും ആ ചോദ്യം അങ്കുരിച്ചിരിക്കാം. മുഖഭാവത്തില്‍ നിന്ന് ഊഹിക്കാവുന്നതാണ്. ഡിന്നറിനിടയിലെ സംഭാക്ഷണത്തില്‍ എ.കെ. നായര്‍ പറഞ്ഞു. ''ഞാന്‍ നിങ്ങളെ ഇവിടേക്ക് ക്ഷണിച്ചതില്‍ ഒരു പ്രത്യേക കാരണമുണ്ട്. പണ്ട് ബോംബെയില്‍ വന്ന കാലത്ത് ഇതിനു മുന്നിലൂടെ നടക്കുമ്പോള്‍ ഇവിടെ ഒന്ന് കയറാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചിട്ടുണ്ട്. ഇന്നുവേണമെങ്കില്‍ ഇതെനിക്ക് വാങ്ങാന്‍ കഴിയും. പക്ഷേ പഴയകാലം മറക്കാനാവില്ല''. ഞങ്ങളുന്നയിക്കാത്ത ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. എ.കെ. നായരുടെ സാന്നിദ്ധ്യത്തില്‍ എം.ടിയും ഹൃദയം തുറന്നു. പാലക്കാട്ടെ എം.ബി ട്യൂട്ടോറിയല്‍ കാലവും മറ്റും എം.ടിയുടെ വാക്കുകളില്‍ തെളിഞ്ഞു. ജോണ്‍പോള്‍ പറഞ്ഞു. ''നമുക്ക് കിട്ടിയ ഒരു സൗഭാഗ്യമാണ് ഈ രാത്രി''. ''തീര്‍ച്ചയായും. ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഒരു രാത്രി''.
  ജോണ്‍പോളിന്റെ മടക്കയാത്ര..

  അര്‍ദ്ധരാത്രി ഉണര്‍ന്നത് ഫോണ്‍ ശബ്ദിക്കുന്നത് കേട്ടാണ്. അത് ജോണ്‍പോളായിരുന്നു. സ്വന്തം പിതാവിന്റെ മരണം അറിയിക്കാന്‍ വിളിച്ചതാണ്. അസുഖ ബാധിതനായിരുന്നു. ''കാലത്തുള്ള ട്രെയിനില്‍ ടിക്കറ്റ് കിട്ടിയിട്ടുണ്ട്. നാട്ടില്‍ വെച്ച് കാണാം''. ''റെഡിയായിരിക്കൂ. ഞാന്‍ രാവിലെ കാറുമായി വരാം''. അന്നത്തെ സ്‌ക്രീനിങ്ങിന് എത്താനാവില്ലെന്നറിയിച്ച് ഞാന്‍ ജൂറിക്കുള്ള ഫെസ്റ്റിവല്‍ കാറുമായി എം.എല്‍.എ ഹോസ്റ്റലിലേക്ക് തിരിച്ചു. ജോണ്‍പോള്‍ അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്.

  കാറിലിരുന്നുകൊണ്ട് അപ്പന്റെ ഓര്‍മ്മകളില്‍ സഞ്ചരിക്കുകയായിരുന്നു ജോണ്‍പോള്‍. ഇടയക്ക് കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്യുന്നു. അടുത്തബന്ധമാണ് അവര്‍ തമ്മിലുണ്ടായിരുന്നത്. സൗഹൃദാദിഷ്ടിതമായ ഹൃദയബന്ധം. പ്ലാറ്റ്‌ഫോമിലെത്തി റിസര്‍വ്വ് ചെയ്ത ബോഗി കണ്ടെത്തി ജോണ്‍പോള്‍ കയറിയിരുന്നു. ''വണ്ടി വിടാന്‍ സമയമുണ്ട് എം.സി.ആര്‍ വെയ്റ്റ് ചെയ്യേണ്ട''. ''അത് സാരമില്ല. ഞാന്‍ വെയ്റ്റ് ചെയ്യാം''. ''താങ്ക്‌സ് ഫോര്‍ എവരിത്തിങ്ങ്. യു കാന്‍ പ്രൊസീഡ്''. ജോണ്‍പോളിന്റെ മുഖത്ത് ഒരു പേമാരിക്കുള്ള കാര്‍മേഘങ്ങള്‍. ആ തിരക്കിലും അയാള്‍ ഏകനാണ്. ഞാന്‍ കൈയ്യുയര്‍ത്തി യാത്ര പറഞ്ഞു.....

  English summary
  MC Rajanaryanan saying about mt vasudevan nair and john paul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X