twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിൻ്റെ കഥ കാണിച്ച് കൊടുക്കണം; മരക്കാരിനെ കുറിച്ച് ആര്‍ രാമാനന്ദ്

    |

    മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നൂറ് കോടിയ്ക്ക് മുകളില്‍ നിര്‍മാണ ചിലവ് ആവശ്യമായി വന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തുടക്കത്തില്‍ വന്നത്. പിന്നീടിങ്ങോട്ട് മോശമില്ലാത്ത രീതിയില്‍ തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ കുഞ്ഞാലി വെച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങള്‍ക്കുള്ള പാദമുദ്രയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

    മരക്കാരിനെ കുറിച്ച് ആർ രാമാനന്ദ്

    'ചത്തും കൊന്നും അടക്കി കൊള്ളുക' പള്ളിവാള് വിക്രമന്‍ ഏറാടിക്കും മാനിച്ചന്‍ ഏറാടിക്കും നല്‍കിക്കൊണ്ടു പ്രതാപത്തോടെ മഹോദയപുരം വാണ ചേരമാന്‍ പെരുമാള്‍ ചൊല്ലിയതാണീ വാക്കുകള്‍. അതില്‍ പിന്നീട് കുന്നും അലയും അതിരു കോറിയിട്ട കോഴിക്കോടിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ ഏതാണ്ട് 750 വര്‍ഷം ഇളക്കം ഇല്ലാതെ കുന്നലക്കോനാതിരിമാര്‍ സംസ്‌കൃതത്തില്‍ 'സമുദ്രഗിരിരാജ' അഥവാ സാമൂതിരിമാര്‍ എന്ന പേരില്‍ നാട് ഭരിച്ചു. നെടിയിരിപ്പ് സ്വരൂപം കോഴിക്കോട് കേന്ദ്രമാക്കി ഭരണം തുടങ്ങിയത് മുതല്‍, ആ രാജസിംഹാസനത്തിലേക്ക് അരിയിട്ടുവാഴ്ച നടത്തി ചെങ്കോല്‍ പിടിച്ച സാമൂതിരിമാര്‍ എല്ലാം തന്നെ അതീവ പരാക്രമശാലികളായിരുന്ന മാനിച്ചനെയും വിക്രമനെയും സ്മരിച്ചുകൊണ്ട് മാനവിക്രമന്‍, മാനവേദന്‍ എന്നീ പേരുകള്‍ സ്വീകരിച്ചു പോന്നു.

     മരക്കാരിനെ കുറിച്ച് ആർ രാമാനന്ദ്

    ലോകഭൂപടത്തില്‍ സമുദ്രാന്തര യാത്രകളെയും, സമുദ്ര വാണിഭത്തിനെയും, നാവിക ശക്തിയേയും ഒരുമിച്ചുചേര്‍ത്ത് കെട്ടാവുന്ന വളരെ ചുരുക്കം തുറമുഖങ്ങള്‍ മാത്രമേ ഉയര്‍ന്നു വന്നിട്ടുള്ളൂ. അങ്ങനെ തന്ത്രപ്രധാനമായ തുറമുഖങ്ങള്‍ കയ്യാളിയ സമുദ്രാധിപത്യം സാമൂതിരിമാര്‍ക്കുണ്ടായിരുന്നു. പറങ്കിപ്പട, വാസ്‌കോയുടെ രൂപത്തില്‍ കാലുകുത്തുന്നത് വരെ ഏതാണ്ട് സമ്പൂര്‍ണാധിപത്യം. ഭാരതത്തിലെ സ്വാഭിമാനമുള്ള മറ്റേത് രാജ്യത്തെയും പോലെയായിരുന്നു കോഴിക്കോടും. പീരങ്കിയുള്ള പറങ്കിപ്പടയെ കരയിലും കടലിലും ഒന്നിലധികം തവണ മുട്ടുകുത്തിച്ച ചരിത്രവും സാമൂതിരിമാര്‍ക്കുണ്ട്. എങ്കിലും നമ്മുടെ സിനിമകളിലും മറ്റും ധൈര്യമില്ലാത്ത, സ്വാഭിമാനമില്ലാത്ത, വഞ്ചകര്‍ ആയാണ് സാമൂതിരിയെ പൊതുവില്‍ കാണിച്ചു വന്നിട്ടുള്ളത്.

    മരക്കാരിനെ കുറിച്ച് ആർ രാമാനന്ദ്

    വിദ്ദേശികളുമായുള്ള സന്ധിയുടെ ഘട്ടങ്ങള്‍ വീര പഴശ്ശിക്കും, വേലുതമ്പിക്കും, മാര്‍ത്താണ്ഡ വര്‍മ്മയ്ക്കുമെല്ലാം ഉണ്ടായിട്ടുണ്ട്. അത്തരം സന്ധികള്‍ രാജ്യ താല്‍പ്പര്യം, യുദ്ധതന്ത്രം എന്നിവയെ മുന്‍ നിര്‍ത്തിയായിരുന്നു എന്ന് ചരിത്ര പഠിതാക്കള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ സാമൂതിരിമാരെ മാത്രം ഇതിന്റെ പേരില്‍ ഇകഴ്ത്തുന്നത് എന്തെന്ന്? ഉത്തരമില്ല. മരക്കാര്‍ സിനിമയില്‍ സ്വാഭിമാനിയായ സാമൂതിരിയെ കണ്ടു. നീതി ബോധം രാജകാര്യ നിര്‍വ്വഹണത്തില്‍ പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്ന വിധമുള്ള മങ്ങാട്ടച്ചന്റെ അവതരണം കണ്ടു. ചരിത്രത്തിലെ മനപ്പൂര്‍വ്വമായ ചില തിരസ്‌കരിക്കലുകളെ ചര്‍ച്ചയാക്കിയത് കണ്ടു. മരയ്ക്കാര്‍ കുടുംബത്തിന്റെ രാജ്യതാല്‍പര്യവും സന്ധിയില്ലാത്ത അഭിമാനബോധവും കണ്ടു.

    Recommended Video

    Marakkar gets negative reviews | FIlmiBeat Malayalam
     മരക്കാരിനെ കുറിച്ച് ആർ രാമാനന്ദ്

    കുഞ്ഞാലി നാലാമന്‍ ഫലത്തില്‍ സാമൂതിരിയുടെ നാവിക പടത്തലവന്‍ ആയിരുന്നു. ചരിത്രകാരമാര്‍ക്കതില്‍ അഭിപ്രായയൈക്യം ഇല്ലെങ്കിലും പറങ്കിപ്പടയുടെ മേല്‍ തീരാത്ത അഗ്നി വര്‍ഷമായി കുഞ്ഞാലി പെയ്തു എന്നത് സംശയമില്ല. 1600 ല്‍ ഗോവയില്‍ വിചാരണ ചെയ്ത് അതിദാരുണമായി കുഞ്ഞാലി വധിക്കപ്പെടുമ്പോള്‍ കടലിനപ്പുറം, ഇനി വരുന്ന രണ്ട് നൂറ്റാണ്ട് നാം ചോര കൊടുത്ത് പൊരുതേണ്ട നമ്മുടെ യഥാര്‍ത്ഥ ശത്രു - ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിറ കൊള്ളുന്നേയുള്ളു. മരയ്ക്കാര്‍ സിനിമയുടെ എല്ലാ പൊടിപ്പും തൊങ്ങലും മാറ്റി വെച്ചാല്‍. നമ്മുടെ ജനത സാമ്യാജ്യ ശക്തികളോട് നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പുകളുടെ ഓര്‍മ്മപ്പെടുത്തലാണത്.

     രാക്കുയില്‍ സീരിയല്‍ നായിക വിവാഹിതയാവുന്നു; വിജയ് മാധവുമായിട്ടുള്ള വിവാഹം ജനുവരിയിലാണെന്ന് നടി രാക്കുയില്‍ സീരിയല്‍ നായിക വിവാഹിതയാവുന്നു; വിജയ് മാധവുമായിട്ടുള്ള വിവാഹം ജനുവരിയിലാണെന്ന് നടി

     മരക്കാരിനെ കുറിച്ച് ആർ രാമാനന്ദ്

    1947 ല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതം രുചിക്കുന്നത് വരെ നാം ഒഴുക്കിയ ചോരയുടെ കഥയാണ്. ഇന്നത്തെ കാലത്ത് അനവധി കഥാതന്തുക്കള്‍ അനസ്യൂതം പറഞ്ഞു പോകാവുന്ന അവസരമുള്ളപ്പോള്‍, കടലൊരുക്കി, കപ്പലൊരുക്കി, നൂറു ദിനങ്ങള്‍ക്കു മീതെ കഷ്ടപെട്ട്, അതു പ്രേക്ഷകര്‍ തീയറ്ററില്‍ തന്നെ കാണണമെന്ന് ആഗ്രഹിച്ച് മരയ്ക്കാര്‍ വരുമ്പോള്‍, അതു കാണണം. കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം ഇതാ തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിന്റെ കഥ കാണൂ എന്ന്. സ്വാതന്ത്ര്യ സമരം പോലെ ഉജ്ജ്വലതയുണ്ട് അതു സിനിമയായി ആവിഷ്‌ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും. മലയാള സിനിമയുടെ ചരിത്രത്തില്‍ കുഞ്ഞാലി വെച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങള്‍ക്കുള്ള പാദമുദ്രയാണ്. നാം വലുതാകുകായാണ് വിശ്വസിനിമയോളം... ആര്‍ രാമാനന്ദ്

    English summary
    R Ramanand Opens Up About Mohanlal's Marakkar Arabikadalinte Simham Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X