»   » ഈ മ യൗ മഹത്വമുള്ള സിനിമയാണ്, മകന്‍ അച്ഛനാകുന്ന അപൂര്‍വ്വത സിനിമയിലുണ്ടെന്ന് തിരക്കഥാകൃത്ത് എസ് ഹരീഷ്

ഈ മ യൗ മഹത്വമുള്ള സിനിമയാണ്, മകന്‍ അച്ഛനാകുന്ന അപൂര്‍വ്വത സിനിമയിലുണ്ടെന്ന് തിരക്കഥാകൃത്ത് എസ് ഹരീഷ്

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ തന്റെ സിനിമയില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ഒന്ന് നാളെ മുതല്‍ തിയറ്ററുകളിലേക്കെത്തുകയാണ്. അവതരണവും ആവിഷ്‌കാരവും വ്യത്യസ്തമായി കൊണ്ടു വരാന്‍ ശ്രമിച്ച ലിജോയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയുടെ വിജയത്തിന് ശേഷം നിര്‍മ്മിച്ച സിനിമയാണ് ഈ മ യൗ.

ആ ഭാഗ്യം അബിയ്ക്കുണ്ടായില്ല! ഡിസംബര്‍ എട്ടിന് മിമിക്രി താരം അബി അവസാനമായി സ്‌ക്രീനിലെത്തും!!

സിനിമയുടെ പ്രീവ്യൂ കണ്ടതിന് ശേഷം മികച്ചൊരു സിനിമയായിരിക്കും എന്ന അഭിപ്രായമാണ് പലരും പങ്കുവെച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ തിരക്കഥാകൃത്ത് എസ് ഹരീഷുമുണ്ട്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഈ മ യൗ മഹത്വമുള്ള സിനിമയാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.

മഹത്വമുള്ള സിനിമയാണ്


ഈ മ യൗ മഹത്വമുള്ള സിനിമയാണ്. ഇന്നലെ അതിന്റെ പ്രിവ്യൂ ഷോ കാണാനിടയായി. മഹത്വമെന്നത് തീര്‍ച്ചയായും കരുതലോടെ ഉപയോഗിക്കേണ്ട വാക്കാണ്. പക്ഷേ ഈ സിനിമ കാണുമ്പോള്‍ ബുഡന്‍ബ്രൂക്ക്‌സ് വായിക്കുന്നതുപോലെ ജീവിതത്തിന്റെ ഒരേയൊരു തീര്‍പ്പായ മരണം നമ്മളെ ഉരുമ്മിപ്പോകും.

മരണത്തിന്റെ ദുരന്ത ജീവിത ദര്‍ശനം


പിംഗള കേശിനിയായ മരണം വരുമ്പോള്‍ ജീവന്‍ മശായ് പരമാനന്ദ മാധവാ എന്നു പറയുന്നതുപോലെയാണ് ഇതിലെ കറുത്തമോളിയും മറ്റു സ്ത്രീകളും ഈശോ മറിയം യൗസേപ്പേ എന്നു വിളിക്കുന്നത്. മരണത്തിന്റെ ദുരന്ത ജീവിത ദര്‍ശനമാണ് ഈ സിനിമ നല്കുന്നത്.

മകന്‍ അച്ഛന്‍ തന്നെയാണ്


കണ്ണു നനയിച്ച് നമ്മളെ വിമലീകരിക്കുന്നു. ഇരുട്ടിന്റെ പുണ്യവാളന്മാരോടും വിശേഷവുദ്ധിയില്ലാത്ത ജീവികളോടുമൊപ്പം കടലിരമ്പത്തില്‍ അനിവാര്യമായതിനെ നമ്മള്‍ കാത്തു നില്ക്കുന്നു. ലോകത്തിലെ ഏറ്റവും ആഴവും പല മാനങ്ങളുള്ളതുമായ ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. മകന്‍ അച്ഛന്‍ തന്നെയാണ്.

മകന്‍ അച്ഛനായി മാറുന്നു


ഒരേസമയം എതിരാളിയും പിന്തുടര്‍ച്ചക്കാരനും. അപുത്രയത്തിലൂടെ സത്യജിത് റായിയും കാരമസോവിലൂടെ ദസ്തയേവ്‌സ്‌കിയും പറയുന്നതു തന്നെ. ഓരോ അച്ഛനും വാവച്ചനെപ്പോലെ മകന്റെ മുന്നില്‍ അവസാന നാടകമാടിയാണ് പോകുന്നത്. ഓരോ മകന്റെയുള്ളിലും അച്ഛനിരുന്ന് എടാ ഈശിയോ നീ എവിടെയാടാ എന്ന് ചോദിക്കുന്നു. ഞാന്‍ ഇവിടെയുണ്ടപ്പാ ഞാന്‍ വരുന്നെന്ന് മകന്റെ മറുപടി. മകന്‍ അച്ഛനായി മാറുന്ന അപൂര്‍വ്വ രംഗമുണ്ടിതില്‍. അപ്പന്റെ മരണാനന്തരം ഈശി അപ്പനേയും അപ്പന്റപ്പനേയും പോലെ തന്നെത്താന്‍ വര്‍ത്തമാനം പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഭ

സ്ത്രീകളെ പോലെ വികാരപ്രകടനത്തിന് ഭാഗ്യമുള്ളവരല്ല മിക്ക പുരുഷന്മാരും. അവര്‍ ആത്മ ഭാഷണം നടത്തുന്നവരും പകുതി ഭ്രാന്തന്മാരുമാണ്. നമ്മുടെ സിനിമ ഇതുവരെ കാണിച്ചുതന്ന കടലും തീരവും കാറ്റുമല്ല ഈ മ യൗവില്‍. പി എഫ് മാത്യൂസിന്റെ എഴുത്ത് ജീവിതത്തിന്റെ ഊര്‍ജ്ജവും അതിനെ പതിന്മടങ്ങാക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഭയുമാണ് ഈ സിനിമ.

സിനിമാ ലോകത്തിന്റെ നന്മ


മാത്യൂസ് ചേട്ടനുള്ള ഉമ്മ ഞാനിന്നലെ നേരിട്ടു നല്കി. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തിനെക്കൊണ്ട് അടുത്ത സിനിമയ്‌ക്കെഴുതിക്കാന്‍ ഒന്‍പത് വര്‍ഷത്തിനുശേഷം ലിജോ വേണ്ടി വന്നത് നമ്മുടെ സിനിമാ ലോകത്തിന്റെ നന്മ വെളിവാക്കുന്നു.

ലോകം കാണേണ്ട സിനിമയാണ്


ആമേനിലും അങ്കമാലിയിലും നിന്ന് ഒരുപാട് മുന്നോട്ടുപോയ സംവിധായകനാണ് ഈ മാ യൗവിന്റെത്. താരങ്ങളെ അയാള്‍ തന്റെ സിനിമയില്‍ നിന്ന് കുടഞ്ഞു കളഞ്ഞിരിക്കുന്നു. നല്ല സിനിമ ചെയ്യാന്‍ അയാള്‍ക്ക് ചെമ്പനും വിനായകനും കൈനകരി തങ്കരാജും ദിലീഷ് പോത്തനും പെണ്ണമ്മയും സെബേത്തും മതി. ഷൈജു ഖാലിദിന്റെ ക്യാമറയാണ് ഈ സിനിമയുടെ മറ്റൊരു ഭാഗ്യം. ഈ മാ യൗ ലോകം കാണേണ്ട സിനിമയാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെ.. എന്നുമാണ് ഹരീഷ് പറയുന്നത്.

English summary
S Hareesh saying about EE Ma Yau

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam