»   » മണിച്ചിത്രത്താഴിട്ട് പൂട്ടിയ പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും വരുന്നു; ചില സത്യ കഥകള്‍

മണിച്ചിത്രത്താഴിട്ട് പൂട്ടിയ പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും വരുന്നു; ചില സത്യ കഥകള്‍

Posted By:
Subscribe to Filmibeat Malayalam

അശ്വിനി ഗോവിന്ദ്

ജേര്‍ണലിസ്റ്റ്
23 വര്‍ഷമായി നാഗവല്ലിയുടെ വിടമാട്ടെ എന്ന സംഭാഷണത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. നമ്മള്‍ മാത്രമല്ല ഭാഗ്യലക്ഷ്മിയും. അവിടെ ചെറിയൊരു സന്ദേഹം, സ്വന്തം ശബ്ദം തിരിച്ചറിയാന്‍ ഇത്രയും കാലം ഭാഗ്യലക്ഷ്മി എന്ന പ്രഗത്ഭയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന് കഴിഞ്ഞില്ലേ...

23 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. ഫാസില്‍ എന്ന സംവിധായകന്റെ മികവില്‍ നാഗവല്ലി എന്നൊരു തമിഴത്തി, പഴയ നര്‍ത്തകി കേരളത്തില്‍ ജന്മം കൊണ്ടു. നടി ശോഭനയുടെ ശരീരത്തില്‍, ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലാണ് ആ തമിഴത്തിയെ മലയാളികള്‍ പരിചയപ്പെട്ടത്. അന്ന് ആ നാഗവല്ലിയെ സണ്ണി ഡോക്ടര്‍ മനശാസ്ത്രത്തിന്റെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് മണിച്ചിത്രത്താഴിട്ട് പൂട്ടി. ഇന്ന് ആ പഴയ തമിഴത്തി വീണ്ടും പുനര്‍ജ്ജനിച്ചിരിയ്ക്കുന്നു.

ഓര്‍മപ്പൂക്കള്‍ എന്ന പംക്തിയിലൂടെ ഫാസില്‍ തന്റെ പഴയ ഓര്‍മകളുടെ ഭാണ്ഡമഴിച്ചപ്പോഴായിരുന്നു അത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ പഴങ്കഥയ്ക്ക് പിന്നിലെ, പ്രേക്ഷകര്‍ അറിയാത്ത ചില അറിയാക്കഥകളെ കുറിച്ച് ചര്‍ച്ചയാകുന്നു. നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയോ, ദുര്‍ഗ്ഗയോ എന്ന ചോദ്യത്തിനുത്തരം മാത്രമല്ല, ചിത്രത്തിന്റെ ക്ലൈമാക്‌സിന് പിന്നിലെ രഹസ്യങ്ങള്‍ പോലും ചുരുളഴിയുന്നത് ഇപ്പോഴാണ്.


കഥയില്‍ തുടങ്ങാം, മധു മുട്ടമാണ് മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഇന്ന് ആ കാര്യത്തില്‍ അധികമാര്‍ക്കും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. എന്നാല്‍ മണിച്ചിത്രത്താഴ് അന്യഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍, കഥയുടെ അവകാശത്തിനായി മധു മുട്ടത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായിരുനു തന്റെ ശ്രമമെന്ന് അദ്ദേഹം അതിനെപ്പറ്റിപ്പറഞ്ഞിരുന്നു.


കന്നടയിലും, തമിഴിലും കഥയുടെ ക്രെഡിറ്റ് മധു മുട്ടത്തിന് നല്‍കിയില്ല. തമിഴില്‍ ക്രെഡിറ്റ് ഡയറക്ടര്‍ പി വാസുവിന് ആണ് നല്‍കിയിരുന്നത്. മധുമുട്ടം കോടതിയില്‍ ഇതിന്റെ അവകാശവാദം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചതും വിവാദമായിരുന്നു. പിന്നെ എന്ത് നടന്നു എന്നത് നാഗവല്ലിയുടെ കഥപോലെ ബാക്കിയില്ലാതായി. അണിയറയില്‍ പറഞ്ഞ് ഒത്തുതീര്‍പ്പായതോ മറ്റോ ആവാം.


***********


പിന്നെ ഇപ്പോള്‍ ഉയരുന്ന 'ശബ്ദ' കോലാഹലം. 23 വര്‍ഷമായി നാഗവല്ലിയുടെ വിടമാട്ടെ എന്ന സംഭാഷണത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. നമ്മള്‍ മാത്രമല്ല ഭാഗ്യലക്ഷ്മിയും. അവിടെ ചെറിയൊരു സന്ദേഹം, സ്വന്തം ശബ്ദം തിരിച്ചറിയാന്‍ ഇത്രയും കാലം ഭാഗ്യലക്ഷ്മി എന്ന പ്രഗത്ഭയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന് കഴിഞ്ഞില്ലേ...


manichoithrathazhu

നാഗവല്ലിയുടെ പേരില്‍ ശോഭന സംസ്ഥാന ദേശീയ പുരസ്‌കാരം നേടിയപ്പോള്‍, ആ കഥാപാത്രത്തിന്റെ വിജയത്തിന് ഒരുഘടകമായ ശബ്ദത്തിന് ശോഭന ഒരു നന്ദിവാക്കുപോലും പറഞ്ഞില്ലെന്ന് ഭാഗ്യലക്ഷ്മി പരാതിപ്പെട്ടതായും കേട്ടിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ അത് ഭാഗ്യലക്ഷ്മി തിരുത്തുകയുമുണ്ടായി, തന്റെ ശബ്ദം തന്നെയാണോ എന്ന് ഉറപ്പില്ലെന്നും, അവസാന നിമിഷം പലരുടെയും ശബ്ദം ടെസ്റ്റ് ചെയ്തായിരുന്നു എന്നുമായി. അപ്പോഴും ദുര്‍ഗ്ഗ എന്ന പേര് കേട്ടിരുന്നില്ല. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം വെളിപ്പെടുത്തിയ ഫാസിലിനോട് ഇനി എന്ത് പറയാനാണ്. വൈകിയെങ്കിലുമുള്ള വെളിപ്പെടുത്തലിന് നന്ദി പറയാം. അല്ലാതെന്ത്.


also read: 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!


''അവസാന നിമിഷമാണ് നാഗവല്ലിയുടെ ഭാഗം ഡബ്ബ് ചെയ്യാനായി ദുര്‍ഗയെ വിളിക്കുന്നത്. റീ റെക്കോര്‍ഡിംഗ് ഒക്കെ നടക്കുന്ന ഘട്ടമാണ്. തമിഴില്‍ നിന്നുള്ളവരും അന്ന് കൂടെയുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയാണ് ശോഭനയുടെ ഗംഗ എന്ന കഥാപാത്രത്തിനും നാഗവല്ലിക്കും ഡബ്ബ് ചെയ്ത് വച്ചിരുന്നത്. അക്കൂട്ടത്തില്‍ തമിഴില്‍ നിന്നുള്ളവരാണ് നാഗവല്ലിയുടെ സംഭാഷണം മലയാളച്ചുവയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ തന്നെ നാഗവല്ലിയുടെ സംഭാഷണം വന്നാല്‍ അത് ഗംഗ തന്നെയാണെന്ന് തിരിച്ചറിയില്ലേ എന്നും ചിലര്‍ ചോദിച്ചു. എല്ലാം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ദുര്‍ഗയെ വച്ച് വേഗം മാറ്റി ഡബ്ബ് ചെയ്യുന്നത്. അപ്പോഴേക്കും ടൈറ്റില്‍ കാര്‍ഡുകളെല്ലാം പോയിക്കഴിഞ്ഞിരുന്നു. മിക്‌സിംഗിന് തൊട്ടുമുമ്പായതിനാല്‍ ടൈറ്റിലില്‍ ദുര്‍ഗയുടെ പേര് ഉള്‍പ്പെടുത്താനും സാധിച്ചില്ല' എന്നാണ് ഈ വിഷയത്തില്‍ ഫാസിലിന്റെ വിശദീകരണം


Fazil

ശരിയാവാം, അന്നെ റിലീസിങ് തിരക്കില്‍ ടൈറ്റിലിലൊന്നും ദുര്‍ഗ്ഗയുടെ പേര് കാണിക്കാന്‍ സാധിച്ചിരിയ്ക്കില്ല. പക്ഷെ അത് കഴിഞ്ഞിട്ടും ഫാസിലിന് ഒട്ടും സമയം കിട്ടിയിരുന്നില്ലേ. ശോഭന ആ കഥാപാത്രത്തിന്റെ പേരില്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുമ്പോഴെങ്കിലും. കുറഞ്ഞ പക്ഷം ഭാഗ്യലക്ഷ്മിയോടെങ്കിലും പറയാമായിരുന്നില്ലേ...


***********


ദുര്‍ഗ്ഗയുടെ പേര് മാത്രമായിരുന്നില്ല, മറ്റൊരു പേര് കൂടെ കാണിക്കാന്‍ മറന്നു എന്നുകൂടെ ഫാസില്‍ സമ്മതിയ്ക്കുന്നു. ടൈറ്റില്‍ സോങ് പാടിയ ജി വേണുഗോപാലിന്റെ പേര്. ഗംഗ കൊല്‍ക്കത്തയില്‍ നിന്ന് നകുലനൊപ്പം നാട്ടിലേക്ക് വരുമ്പോള്‍ അവരെ പഴയ ഓര്‍മ്മയിലേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ ഗാനമായിരുന്നു ഇത്. 'അക്കുത്തിക്കുത്താനക്കൊമ്പില്‍ കൊത്തങ്കല്ലെന്നാടിപ്പാടി' എന്ന് തുടങ്ങുന്നതായിരുന്നു ആ പാട്ട്. നാടന്‍ ഈണത്തിലായിരുന്ന ഗാനം. ഈ പാട്ട് സിനിമയില്‍ അനിവാര്യവുമായിരുന്നു. പക്ഷേ സമയക്കുറവ് കാരണം ഗാനം ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല.


manichoithrathazhu

ഗംഗ കുട്ടിക്കാലത്ത് പോകുന്ന കുറേ വിഷ്വല്‍സൊക്കെ ഈ പാട്ടില്‍ വരേണ്ടതായിട്ടും ഉണ്ട്. ജി. വേണുഗോപാലും എം.ജി രാധാകൃഷ്ണനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഷൂട്ട് ചെയ്യാതത്തതിനാല്‍ ആ പാട്ട് ഞങ്ങള്‍ മാറ്റി വച്ചു. അവസാനം സിനിമയുടെ ടൈറ്റില്‍ മ്യൂസിക് എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് ഈ പാട്ടിന്റെ കാര്യം ഓര്‍മ്മ വന്നത്. അങ്ങനെ ഈ പാട്ട് ടൈറ്റില്‍ സോംഗ് ആക്കാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും മിക്‌സിംഗും കഴിഞ്ഞ് ടൈറ്റിലുകളൊക്കെ പൂര്‍ത്തിയായതിനാല്‍ പാടിയവരുടെ കൂട്ടത്തില്‍ വേണുഗോപാലിന്റെയും എം.ജി രാധാകൃഷ്ണന്റെയും പേര് ചേര്‍ക്കാന്‍ കഴിഞ്ഞില്ലത്രെ.


***********


സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു മര്‍മപ്രധാനമായ വെളിപ്പെടുത്തല്‍ കൂടെ ഫാസല്‍ നടത്തിയത് ഈ അടുത്താണ്. ചിത്രത്തിന്റെ ക്ലൈമാകാസ്!! അതിന്റെ ക്രഡിറ്റ് എഴുത്തുകാരന്‍ മധു മുട്ടത്തിനോ, സംവിധായകന്‍ ഫാസിലിനോ ഗംഗയെ ചികിത്സിച്ച് സുഖപ്പെടുത്തിയ ഡോ.സണ്ണിക്കോ അല്ല, ഗംഗയുടെ ഭര്‍ത്താവ് നകുലനാണ്. നകുലനായി എത്തിയ സുരേഷ് ഗോപിയ്ക്കാണ്.


മൂന്ന് വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യത്തിലും ആശയക്കുഴപ്പം നീങ്ങിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്‌സ്. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നതിന് ഫാസിലും മധു മുട്ടത്തിനും ഒരു പിടിയുമുണ്ടായിരുന്നില്ല.


also read: മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്‌സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?


സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണി എന്തിന്. മറ്റേത് മനോരോഗ വിഗദ്‌നും അയാല്‍ പോരെ എന്ന ചോദ്യം വന്നു. മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസം എന്ന നിലയിലേക്ക് താഴ്ന്ന് പോകുകയും ചെയ്യും. പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗനിവാരണം എല്ലാ വിഭാഗവും അംഗീകരിക്കുന്ന ഒന്നാവണം എന്നിടത്ത് സംവിധായകനും എഴുത്തുകാരനും വഴിമുട്ടി.


അപ്പോഴാണ് സുരേഷ് ഗോപിയുടെ വരവ്. കഥ എവിടെ വരെയായി സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായിരുന്നു സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തിയത്. പതിവുപോലെ സംസാരം തുടങ്ങി. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പോകാനായപ്പോള്‍ വീണ്ടും സിനിമയിലേക്കെത്തി. തമാശപോലെ ഫാസില്‍ തന്നെ വിഷമിപ്പിയ്ക്കുന്ന ക്ലൈമാക്‌സിന്റെ കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചു. പെട്ടന്നാണ് സുരേഷ് ഗോപിയുടെ മറുപടി വന്നത് 'പലക അപ്പുറവും ഇപ്പുറവും വച്ച് കറക്കിയാല്‍ പോരെ എന്ന്'


മണിച്ചിത്രത്താഴിനെ സംബന്ധിച്ച് നമ്മളറിയാത്ത കഥകള്‍ ഇനിയും ഉണ്ടാവാം. ഫാസിലിന്റെ ഓര്‍മപ്പൂക്കള്‍ എന്ന പംക്തി എഴുതിതീരുമ്പോഴേക്കും അതില്‍ പലതും പുറത്തുവരും എന്നും പ്രതീക്ഷിക്കാം. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, സിനിമ ഒരു വലിയ കൂട്ടായ്മയുടെ ഇന്‍പുട്ടാണ്. മണിച്ചിത്രത്താഴിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഓരോ മേഖലയിലും നടന്ന സൂക്ഷ്മതയും വലിയ പോയിന്റാണ്. പക്ഷെ അതൊന്നും 23 വര്‍ഷം മറച്ചുവച്ച ചില സത്യങ്ങളുടെ ന്യായീകരണമാകുന്നില്ല എന്ന് ഫാസില്‍ അംഗീകരിച്ചേ മതിയാവൂ. ചില സത്യങ്ങള്‍ എത്രവലിയ മണിച്ചിത്രത്താഴിട്ട് പൂട്ടിയാലും പുറത്ത് വരിക തന്നെ ചെയ്യും.

English summary
Something behind the film Manichithrathazhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam