twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരുപാട് പേരുടെ കഠിനാധ്വാനമാണ്! സിനിമാ സെറ്റ് പൊളിച്ചതില്‍ വേദന പങ്കുവെച്ച് നിര്‍മാതാവും സംവിധായകനും

    |

    കൊറോണ കാരണം വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന കേരളത്തിലെ സിനിമാ മേഖലയില്‍ അതിലും വലിയൊരു പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. ഗോദയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഒരുക്കിയ സെറ്റ് ചിലര്‍ തല്ലിപൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

    കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ചത്. വിഷയത്തില്‍ മിന്നല്‍ മുരളിയുടെ സംവിധായകനായ ബേസില്‍ ജോസഫും നിര്‍മാതാവ് സോഫിയ പോളും മലയാളം ഫില്‍മിബീറ്റിനോട് പ്രതികരിച്ചിരിക്കുകയാണ്.

    പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    നിയമപരമായി മുന്നോട്ട് പോവുകയാണ്. ഒറ്റക്കെട്ടായി എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഒരിക്കലും അനുവദിച്ച് കൊടുക്കാന്‍ പറ്റാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. കൃത്യമായൊരു പ്ലാനുമായിട്ടാണ് അവർ വന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഒരു അമ്പലത്തിന്റെ മുന്നില്‍ ക്രിസ്ത്യന്‍ പള്ളി പണിതു എന്നതിനാല്‍ മതവികാരംവൃണപ്പെട്ടു എന്നാണ് അവര്‍ പറയുന്നത്. ഇതൊരു സിനിമ സെറ്റാണെന്നോ, ഷൂട്ടിങ് കഴിഞ്ഞാല്‍ പൊളിച്ച് നീക്കും എന്നോ ഒന്നും അവര്‍ നോക്കിയില്ല.

    പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    അവിടുത്തെ അമ്പലത്തിന്റെ പെര്‍മിഷന്‍ വാങ്ങിയിട്ടാണ് സെറ്റിട്ടത്. മറ്റ് ഔദ്യോഗികമായ അനുവാദങ്ങളെല്ലാം വാങ്ങിയതിന് ശേഷമായിരുന്നു ഷൂട്ടിങ് ആരംഭിച്ചതും. ഈ സെറ്റില്‍ നിന്നും അടുത്ത ഷെഡ്യൂള്‍ ഷൂട്ട് ചെയ്യാനിരിക്കവേയാണ് ലോക്ഡൗണ്‍ ആയത്. അതോടെ ഷൂട്ടിങ് നിന്ന് പോവുകയായിരുന്നു. ലോക്ഡൗണ്‍ മാറിയാല്‍ ഉടന്‍ ഷൂട്ടിങ്ങിന് ഒരുങ്ങുകയായിരുന്നു. ശക്തമായ രോഷവും ആശങ്കയും സങ്കടവുമുണ്ട്. ഇന്ന് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബേസില്‍ ജോസഫ് പറയുന്നു.

    പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം പണം മുടക്കിയിട്ട് ചിലരതിനെ വളരെ നിസാരമായി കാണുന്നത് സങ്കടമുണ്ടാക്കുന്നതാണെന്ന് നിര്‍മാതാവ് സോഫിയ പോള്‍ അഭിപ്രായപ്പെട്ടു. അനുവാദം വാങ്ങിക്കാതെ ഇത്രയും വലിയ സെറ്റ് ഇടുമെന്ന് കരുതുന്നുണ്ടോ? എല്ലാ പെര്‍മിഷനും എടുത്തതിന് ശേഷമായിരുന്നു മുന്നോട്ട് പോയത്. ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ തുടക്കത്തിലേ പറയുമായിരുന്നു. ലോക്ഡൗണ്‍ ആയത് കൊണ്ടാണ്. അല്ലെങ്കില്‍ ഷൂട്ടിങ് ഇതിനകം പൂര്‍ത്തിയാകുമായിരുന്നു. ചെന്നൈയില്‍ നിന്ന് വന്നവരായിരുന്നു സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത്.

    പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    ലോക്ഡൗണ്‍ കാരണം അവരെ വേഗം പറഞ്ഞ് വിടേണ്ടി വന്നു. ഒരാഴ്ചത്തെ ജോലി കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളു. ഷൂട്ടിങ്ങ് തുടങ്ങാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ഞങ്ങള്‍. എങ്കിലും കൊറോണയുടെ പ്രശ്‌നങ്ങളെല്ലാം കഴിയുമ്പോള്‍ തുടങ്ങാമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സെറ്റ് ചിലര്‍ അടിച്ച് തകര്‍ത്തെന്ന കാര്യം ആരൊക്കെയോ പറഞ്ഞ് അറിയുന്നത്. വിഷയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സംസാരിച്ചു. കേസ് ഫയല്‍ ചെയ്യാമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

     പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    മതവികാരം വൃണപ്പെട്ടു എന്ന് അവര്‍ പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. അമ്പല കമ്മിറ്റിക്കാര്‍ക്ക് പ്രശ്‌നമില്ല. അവരൊക്കെ നമ്മളോട് വളരെയധികം സഹകരണത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിനിമയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം അവരൊക്കെയാണ് ചെയ്തു തന്നതും. സെറ്റിട്ടതിന്റെ മുടക്ക് മുതല്‍ കണക്ക് പറയാന്‍ ആയിട്ടില്ല. ഏകദേശം 20 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. എത്രയും വേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കി ഓണത്തിന് റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു.

    പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    മിന്നല്‍ മുരളി വലിയൊരു സിനിമയാണ്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന് ഒത്തിരി സമയം വേണം. പ്രീ-പ്രൊഡക്ഷന്‍ രണ്ട് വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പിലായിരുന്നു. സമയം കൂടുതല്‍ വേണ്ടത് കൊണ്ട് രാത്രിയും പകലും നോക്കാതെ ഒത്തിരിയധികം കഠിനാധ്വാനത്തിലാണ് അണിയറയിലുണ്ടായിരുന്ന ഓരോരുത്തരും ജോലി ചെയ്തിരുന്നത്. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് അതൊരു നിസാരമായി തോന്നിയെങ്കില്‍ പിന്നെ എന്ത് പറയാനാണെന്നും നിര്‍മാതാവ് ചോദിക്കുന്നു.

     പ്രതികരണവുമായി നിര്‍മാതാവും സംവിധായകനും

    സിനിമയുടെ 70 ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായി. ക്ലൈമാക്‌സിലെ പ്രധാന രംഗമാണ് ഇനി ഇവിടെ നിന്നും ചിത്രീകരിക്കാനുള്ളത്. ഹോളിവുഡില്‍ നിന്നും ആക്ഷന്‍ കൊറിയോഗ്രാഫര്‍ വന്ന് ചെയ്യുന്ന സീനാണ്. സൂപ്പര്‍ഹീറോയുടെ ഫൈറ്റിന് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ്. അതുകൊണ്ടാണ് ചുറ്റും വെള്ളം ഉള്ള സെറ്റ് ഒരുക്കിയത്. കാലടി മണപ്പുറം അതിന് പറ്റിയതാണെന്ന് തോന്നിയത് കൊണ്ടാണ് അവിടെ ലൊക്കേഷനാക്കിയത്. ആര്‍ക്കും അതിലൊരു എതിര്‍പ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുന്നോട്ട് പോയതെന്നും സോഫിയ പോള്‍ പറയുന്നു.

    English summary
    Basil Joseph And Sopia Paul's Response About Minnal Murali Set Destroy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X