»   » ബോഡിഗാര്‍ഡിന്റെ റിലീസ് നീളുന്നു

ബോഡിഗാര്‍ഡിന്റെ റിലീസ് നീളുന്നു

Subscribe to Filmibeat Malayalam
Bodyguard
പരാജയമറിയാത്ത സംവിധായകന്‍-ജനപ്രിയ നായകന്‍-തെന്നിന്ത്യന്‍ താരറാണി- ഇങ്ങനെയൊരു സൂപ്പര്‍ കോമ്പിനേഷനുണ്ടായിട്ടും ജോണി സാഗരിക നിര്‍മ്മിയ്ക്കുന്ന ബോഡിഗാര്‍ഡിന്റെ കഷ്ടകാലം തുടരുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡിന്റെ ഷൂട്ടിങിനിടെ തന്നെ ഏറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ദിലീപ്-നയന്‍താര എന്നിവരുടെ തിരക്ക് മൂലം നീണ്ടുപോയ ചിത്രീകരണം ഏറെ ബുദ്ധിമുട്ടിയാണ് സംവിധായകന്‍ പൂര്‍ത്തിയാക്കിയത്.

ഇപ്പോഴിതാ ഷൂട്ടിങില്‍ നേരിട്ട കഷ്ടകാലം റിലീസിങിന്റെ കാര്യത്തിലും ബോഡിഗാര്‍ഡിനെ വിടാതെ പിന്തുടരുകയാണ്. പലതവണ റിലീസ് നീട്ടിയ ചിത്രം ഡിസംബര്‍ ആദ്യപകുതിയില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് ജോണി സാഗരിക അവസാനമായി തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ റിലീസ് നിര്‍മാതാക്കള്‍ അനിശ്ചിതമായി നീട്ടിവെച്ചിരിയ്ക്കുകയാണ്.

സമീപകാലത്ത് ദിലീപ് ചിത്രങ്ങള്‍ക്കേറ്റ തിരിച്ചടി ബോഡിഗാര്‍ഡിനെ ബാധിയ്ക്കുമോയെന്ന് ജോണിസാഗരികയ്ക്ക് നേരത്തെ തന്നെ ആശങ്കയുണ്ട്. ഡിസംബര്‍ആദ്യവാരത്തില്‍ റിലീസ് ചെയ്താല്‍ ക്രിസ്മസിനെത്തുന്ന സൂപ്പര്‍ താരചിത്രങ്ങളുടെ കുത്തൊഴുക്കില്‍ ബോഡിഗാര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നാണ് അവരുടെ സംശയം.

വിജയ്‌യുടെ വേട്ടക്കാരന്‍, മോഹന്‍ലാലിന്റെ ഇവിടം സ്വര്‍ഗ്ഗമാണ്, മമ്മൂട്ടിയുടെ ചട്ടമ്പിനാട് തുടങ്ങിയ സിനിമകള്‍ ക്രിസ്മസിന് പ്രധാനകേന്ദ്രങ്ങള്‍ ബ്ലോക്ക് ചെയ്തതും ബോഡിഗാര്‍ഡിന് വിനയായി. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ജനുവരി 21ലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.

എന്നാല്‍ ഈ ഡേറ്റില്‍ മറ്റൊരു പാരയാണ് ബോഡിഗാര്‍ഡിനെ കാത്തിരിയ്ക്കുന്നത്. ദിലീപിനെ തന്നെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്റെ റിലീസും ജനുവരി രണ്ടാംപകുതിയിലാണ് നിശ്ചയിച്ചിരിയ്ക്കുന്നത്. നേരത്തെ ക്രിസ്മസിന് റിലീസ് തീരുമാനിച്ചിരുന്ന ആഗതന്‍ ബോഡിഗാര്‍ഡിന് വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു.

ഇനി ഒരിയ്ക്കല്‍ കൂടി ആഗതന്റെ റിലീസ് മാറ്റാനാവില്ലെന്നാണ് ചിത്രത്തിന്റെ വിതരണക്കാരുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിലീപ് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍നിശ്ചയപ്രകാരം ആഗതന്‍ ജനുവരിയില്‍ തന്നെ തിയറ്ററുകളിലെത്തുകയാണെങ്കില്‍ ബോഡിഗാര്‍ഡിന്റെ റിലീസ് മാര്‍ച്ച്-ഏപ്രില്‍ മാസത്തിലേക്ക് നീളും.

പ്രതിസന്ധികള്‍ വിടാതെ പിന്തുടരുകയാണെങ്കിലും ബോഡിഗാര്‍ഡിന്റെ അണിയറപ്രവര്‍ത്തകര്‍ നിറഞ്ഞ പ്രതീക്ഷയിലാണ്. നേരത്തെ മമ്മൂട്ടി അഭിമുഖീകരിച്ച പ്രതിസന്ധികള്‍ തന്നെയാണ് ദിലീപ് ഇപ്പോള്‍ കരിയറില്‍ നേരിടുന്നത്. അന്ന് ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ച് സിദ്ദിഖ് പൂര്‍ത്തിയാക്കിയ ക്രോണിക് ബാച്ചിലര്‍ മമ്മൂട്ടിയുടെ കരിയറിന് പുതുജീവന്‍ സമ്മാനിച്ചു. ഈ വിജയചരിത്രം ബോഡിഗാര്‍ഡും ആവര്‍ത്തിയ്ക്കുമോയെന്നാണ് ചലച്ചിത്രരംഗം ഉറ്റുനോക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos