»   » പൃഥ്വി വീട്ടിലേക്കുള്ള വഴിയില്‍

പൃഥ്വി വീട്ടിലേക്കുള്ള വഴിയില്‍

Posted By:
Subscribe to Filmibeat Malayalam
PrithviRaj
നിരൂപകപ്രശംസ ഏറെ നേടിയ രാമന്‌ ശേഷം ഡോക്ടര്‍ ബിജു രചനയും സംവിധാനവും നിര്‍വഹിയ്‌ക്കുന്ന വീട്ടിലേക്കുള്ള വഴി (റോഡ് ടു ഹോം) എന്ന ചിത്രത്തില്‍ പൃഥ്വിരാജ്‌ നായകനാവുന്നു. ചിത്രീകരണത്തിലും തിരക്കഥയിലും ഏറെ പുതുമകളുള്ള ഈ സിനിമ ഇന്ത്യയിലെ ഏഴ്‌ സംസ്ഥാനങ്ങളിലായാണ്‌ ചിത്രീകരിയ്‌ക്കുന്നത്‌.

ഏറെ ഏറെ അഭിനയ സാധ്യതകളുള്ള ഒരു ജയില്‍ ഡോക്ടറുടെ വേഷമാണ്‌ പൃഥ്വി ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. പേര്‌ സൂചിപ്പിയ്‌ക്കുന്നത്‌ പോലെ വീട്ടിലേക്കുള്ള വഴിയിലൂടെയാണ്‌ ചിത്രത്തിന്റെ കഥ വികസിയ്‌ക്കുന്നത്‌. ഒരു തീവ്രവാദിയുടെ മകനെ അവന്റെ ബന്ധുക്കളെ തിരിച്ചേല്‌പിയ്‌ക്കാന്‍ ഡോക്ടര്‍ നടത്തുന്ന യാത്രകളാണ്‌ ചിത്രത്തിന്റെ പ്രമേയം.

കേരളത്തിന്‌ പുറമെ ദില്ലി, കശ്‌മീരിലെ ലഡാക്ക്‌, ഹിമാചല്‍ പ്രദേശ്‌, ദില്ലി, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളാണ്‌ വീട്ടിലേക്കുള്ള വഴിയുടെ ലൊക്കേഷനുകളായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. സെപ്‌റ്റംബര്‍ ആദ്യവാരം ഷൂട്ടിങ്‌ തുടങ്ങാന്‍ തീരുമാനിച്ചിരിയ്‌ക്കുന്ന സിനിമയില്‍ അമ്പതിനായിരത്തോളം ഒട്ടകങ്ങള്‍ അണിനിരക്കുന്ന രാജസ്ഥാനിലെ പ്രശസ്‌തമായ പുഷ്‌ക്കര്‍ മേളയും ലഡാക്ക്‌ ഫെസ്റ്റിവെല്ലും ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഒരു വര്‍ഷത്തോളം സമയമെടുത്താണ്‌ ഡോക്ടര്‍ ബിജു ചിത്രത്തിന്റെ കടലാസ്‌ പണികള്‍ പൂര്‍ത്തിയാക്കിയത്‌. തമിഴിലും മലയാളത്തിലുമായി വമ്പന്‍ പ്രൊജക്ടുകളുടെ തിരക്കിലാണെങ്കിലും ബിജു ചിത്രത്തിന്റെ കഥ കേട്ടയുടനെ പൃഥ്വി സമ്മതം മൂളുകയായിരുന്നു.

അഞ്ച്‌ ഷെഡ്യൂളുകളില്‍ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കാനുദ്ദേശിയ്‌ക്കുന്ന വീട്ടിലേക്കുള്ള വഴി ഒരു ഇന്ത്യന്‍ സിനിമയായിരിക്കുമെന്ന്‌ സംവിധായകന്‍ പറയുന്നു. മലയാളം, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകള്‍ ഈ സിനിമയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നുണ്ട്‌.

ജാസി ഗിഫ്‌റ്റ്‌ സംഗീതം പകരുന്ന ചിത്രത്തിന്റെക്യാമറ കൈകാര്യം ചെയ്യുന്നത്‌ എംജെ രാധാകൃഷ്‌ണനാണ്‌. ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X