»   » കുടുകുടെ ചിരിപ്പിക്കാന്‍ പറക്കും തളിക വീണ്ടും

കുടുകുടെ ചിരിപ്പിക്കാന്‍ പറക്കും തളിക വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep
ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടികെട്ടില്‍ ചിരിപ്പടക്കം പൊട്ടിച്ച പറുക്കും തളികയെന്ന ചിത്രം ഓര്‍മ്മയില്ലേ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി വീണ്ടും പറക്കും തളികയെത്തുന്നു.

താഹ സംവിധാനം ചെയ്യുന്ന പറക്കും തളികയുടെ രണ്ടാംഭാഗത്തിലും നായകന്‍ ദീലീപാണ്. ഒന്നാം ഭാഗത്തിലെ നായിക നിത്യാ ദാസ് അതിഥി താരമായി എത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ നായികയാരാണെന്നകാര്യം തീരുമാനിച്ചിട്ടില്ല.

2010 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വി ആര്‍ ഗോപാലകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.

രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ താഹയ്ക്ക് നേരിടേണ്ടിവരുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്, ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്നായ കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യമാണ് പ്രധാനമായ പ്രശ്‌നം. വീരപ്പന്‍ കുറുപ്പ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയായിരുന്നു ഹനീഫ പറക്കും തളികയില്‍ അവതരിപ്പിച്ചത്.

ഇതുമാത്രമല്ല ചിത്രത്തില്‍ ഒരു കഥാപാത്രം തന്നെയായി മാറിയ ബസ്സും താഹയ്ക്ക് പ്രശ്‌നമാണ്. താമരാക്ഷന്‍ പിള്ളയെന്ന ആ ബസ് ചിത്രീകരണത്തിനിടെ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ നിര്‍മ്മാതാവ് വില്‍ക്കുകയായിരുന്നു. പടം പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായപ്പോള്‍ ബസിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല.

എന്തായാലും ഈ പ്രശ്‌നങ്ങളെയൊക്കെ മറികടക്കുന്ന രീതിയില്‍ ഒരു സൂപ്പര്‍ കോമഡി തിരക്കഥയാണ് ചിത്രത്തിന് വേണ്ടി തയ്യാറാവുന്നതെന്നാണ് അറിയുന്നത്. 2001ലായിരുന്നു പറക്കും തളിക പുറത്തിറങ്ങിയത്. ഉണ്ണികൃഷ്ണന്‍ എന്ന ബസുടമസ്ഥന്റെ ജീവിതപ്രാരാബ്ധങ്ങളുടെ ആവിഷ്‌കാരമായിരുന്നു ചിത്രം.

ഉണ്ണികൃഷ്ണന്റെ സന്തത സഹചാരിയായ സുന്ദരനായി ഹരിശ്രീ അശോകനും കോശിയായി സലിം കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകും.

താഹ ഇപ്പോള്‍ 'മൂക്കില്ലാ രാജ്യത്ത്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ്. ജൂണില്‍ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇതിന് പിന്നാലെയാ പറക്കും തളിക 2ന്റെ ജോലികള്‍ തുടങ്ങും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam