»   » തിലകന്‍ അസംബന്ധം പറയുന്നു: ഗണേഷ്

തിലകന്‍ അസംബന്ധം പറയുന്നു: ഗണേഷ്

Posted By:
Subscribe to Filmibeat Malayalam
Ganesh
തിലകനെതിരെ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാര്‍ പ്രതികരിക്കുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്മാരുള്‍പ്പെടെയുള്ളവര്‍ തിലകന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിന് ശേഷം ഇതാദ്യമായാണ് അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ഈ പ്രശ്‌നത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്.

നടന്‍ തിലകനാണു നാടുനീളെ പച്ചക്കള്ളവും അസംബന്ധവും പറഞ്ഞു നടക്കുകയാണെന്ന് ആരോപിച്ച ഗണേഷ് തനിക്കെതിരെ പ്രസംഗിച്ചതില്‍ തിലകന്‍ മാപ്പുപറയണമെന്നു ആവശ്യപ്പെട്ടു.

താരസംഘടനയായ അമ്മയുടെ കൈനീട്ടമായ 2,500 രൂപ തിലകനു നല്‍കുന്നതിന്റെ തെളിവായുള്ള ബാങ്ക് രേഖയുമായിട്ടാണ് വെള്ളിയാഴ്ച ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്.

2002 ജൂലൈ മുതല്‍ 2008 ഓഗസ്റ്റ് വരെ 2,000 രൂപയും ഇതിനുശേഷം 2010 ഫെബ്രുവരി വരെ 2,500 രൂപയും കൈനീട്ടമായി തിലകനു കരൂര്‍ വൈശ്യ ബാങ്കില്‍ നിന്ന് അയച്ചുകൊടുത്ത രേഖയാണ് ഗണേഷിന്റെ പക്കലുണ്ടായിരുന്നത്.

സിനിമയില്‍ കാണുന്ന തിലകനല്ല യഥാര്‍ഥ ജീവിതത്തിലുള്ളത്. തിലകന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയാത്തതിനാലാണു നിര്‍മാതാക്കള്‍ അദ്ദേഹത്തെ പലപ്പോഴും മാറ്റി നിര്‍ത്തുന്നത്. മാന്യത ഓര്‍ത്താണ് ഇക്കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ പറയാതിരുന്നത്- ഗണേഷ് വെളിപ്പെടുത്തി.

തിലകന് അനുകൂലമായി എത്തുന്ന സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍കൂടി മനസ്സിലാക്കാന്‍ ശ്രമിക്കണം. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന തിലകന്‍ കെപിഎസിയെ തകര്‍ക്കാന്‍ ശ്രമിച്ചയാളാണ്.

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു നടന്‍ സിദ്ദീഖ് രണ്ടു മണിക്കൂറോളം തിലകനുമായി സംസാരിച്ചതാണ്. എന്നാല്‍ തിലകന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമല്ല ഉണ്ടായത്.

ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു നടക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ കേരളത്തിന് അവഹേളനമാണ്. കൂലിക്കു പ്രസംഗിക്കാന്‍ നടക്കുന്ന സാംസ്‌കാരിക നായകന്‍മാരെ ഞാന്‍ ബഹുമാനിക്കുന്നില്ല. ഗാന്ധിയന്‍ എന്ന വിശേഷണം സുകുമാര്‍ അഴീക്കോടിന് ഒരിക്കലും ചേര്‍ന്നതല്ല- ഗണേഷ്‌കുമാര്‍ പറഞ്ഞു.

രാഷ്ട്രീയം പറയാന്‍ പത്തനാപുരത്തു വന്ന തിലകനെതിരെ തന്നെ സ്‌നേഹിക്കുന്നവര്‍ പ്രതികരിച്ചതില്‍ തെറ്റില്ലെന്നാണ് കെഎസ് യുക്കാര്‍ തിലകനെ തടഞ്ഞതിനോട് ഗണേഷ് പ്രതികരിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam