»   » ഐഡിയല്‍ കപ്പിളില്‍ ഉഷ ഉതുപ്പും നാസറും

ഐഡിയല്‍ കപ്പിളില്‍ ഉഷ ഉതുപ്പും നാസറും

Posted By:
Subscribe to Filmibeat Malayalam
Usha Uthup
അലി അക്ബറിന്റെ ഐഡിയല്‍ കപ്പിള്‍ എന്ന ചിത്രത്തിലൂടെ പോപ്പ് ഗായിക ഉഷ ഉതുപ്പും തെന്നിന്ത്യന്‍ താരം നാസറും ഒന്നിയ്ക്കുന്നു. പച്ചമരത്തണലിന് ശേഷം നാസര്‍ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണിത്. ഉഷയാകട്ടെ പോത്തന്‍വാവയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ്. കോടീശ്വരന്മാരായ ദമ്പതികളായ നമ്പ്യൂര്‍ സോഫിയ എന്നിവരായിട്ടാണ് ഇവര്‍ അഭിനയിക്കുന്നത്.

തിരുട്ടുരാജ എന്ന മോഷ്ടാവായ് തിലകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. തിരുട്ടുരാജ വലിയ ധര്‍മ്മ സങ്കടത്തിലാണ്. മരണശയ്യയില്‍ കിടക്കുന്ന മകള്‍ക്ക് കൊടുത്ത വാക്കിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ധര്‍മ്മസങ്കടം. പ്രസിദ്ധ മോഷ്ടാവായ രാജ ഇനി മോഷണം നടത്തില്ലെന്ന് അവള്‍ക്ക് വാക്കുകൊടുത്തുപോയി.

ഇപ്പോഴാകട്ടെ ഒരു വലിയ സാമ്പത്തിക ഉത്തരവാദിത്വം അയാളെ പിടികൂടുകയും ചെയ്തിരിക്കുന്നു. മകളുടെ മകളായ ശാന്തി നട്ടെല്ലിന് ബാധിച്ച രോഗത്താല്‍ കിടപ്പിലാണ്. അടിയന്തിരമായി ശസത്രക്രിയ നടത്തണം. പഴയ തൊഴിലെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ നിസ്സാരമായി രാജ ഈപ്രശ്‌നം പരിഹരിക്കുമായിരുന്നു.

ഇങ്ങനെ ചിന്താധീനനായ് കഴിയുമ്പോഴാണ് ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ യില്‍ രാജയുടെ ശ്രദ്ധ ഉടക്കിയത്. പരസ്പരം ധാരണയും ഐക്യവുമുള്ള കോടീശ്വരദമ്പതികളായ നമ്പ്യാരും സോഫിയയുമാണ് ഐഡിയല്‍കപ്പിള്‍ റിയാലിറ്റി ഷോയില്‍ ജേതാക്കളായത്. ഇവരിലൊരാളെ തട്ടിക്കൊണ്ടുപോയ് വിലപേശി കാശുണ്ടാക്കാമെന്ന തീരുമാനത്തില്‍ രാജയും കൂട്ടരും സോഫിയയെ കിഡ്‌നാപ്പ് ചെയ്യുന്നു.

പുലിവാലാണ് തങ്ങള്‍ പിടിച്ചിരിക്കുന്നതെന്ന് രാജയ്ക്കും കൂട്ടര്‍ക്കും പെട്ടെന്ന് തന്നെ ബോധ്യമായി. സോഫിയ ഒര് തീറ്റപണ്ടാരമാണ്, ഒരു പാട് അസുഖങ്ങളും കൂട്ടിനുണ്ട്. തീറ്റയ്ക്കും മരുന്നുകള്‍ക്കും കാശ്കണ്ടെത്തേണ്ട അവസ്ഥയിലായി രാജയും കൂട്ടരും. രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഐഡിയല്‍കപ്പിള്‍സില്‍ പിന്നീടുണ്ടാവുന്നത്.

വാസ് എന്റര്‍ ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോണ്‍ ബോസ്‌കോ നിര്‍മ്മിക്കുന്ന ഐഡിയ കപ്പിള്‍സിന്റെ ചിത്രീകരണം നിലമ്പൂരും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്.അലി അക്ബറിന്റെ മുഖമുദ്ര എന്ന ചിത്രത്തില്‍ കള്ളനും പോലീസും ഇരട്ട കഥാപാത്രങ്ങളായ് തിലകന്‍ വേഷം തിളങ്ങിയിരുന്നു.

ചിത്രത്തില്‍ തിരുട്ടുരാജ യുടെ കിഡ്‌നാപ്പ് സംഘത്തില്‍ വിനീത്, മധു അഞ്ചല്‍, പ്രവീണ്‍ പ്രേം,കൂടാതെ പാലേരി മാണിക്യം പ്രാഞ്ചിയേട്ടന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശശികലിംഗ കിഡ്‌നാപ്പര്‍ചന്ദ്രപ്പനായും വേഷമിടുന്നു. വിനീത്, കോമഡി ക്യാരക്ടറായി എത്തുന്നു എന്നപ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തില്‍ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി മേനോനാണ്. ഐഡിയല്‍ കപ്പിളിന്റെ കഥ,തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ അലി അക്ബര്‍ തന്നെയാണ്. ഐഡിയല്‍ കപ്പിള്‍ ഓണത്തിനുമുമ്പായി തിയറ്ററുകളിലെത്തും.

English summary
Singer Usha Uthup and South Indian actor Nasar acting as couples in Ali Akbar's Ideal Couple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam