»   » വലിയ ആകാശങ്ങള്‍ കീഴടക്കി ആകാശത്തിന്റെ നിറം

വലിയ ആകാശങ്ങള്‍ കീഴടക്കി ആകാശത്തിന്റെ നിറം

Posted By:
Subscribe to Filmibeat Malayalam

കച്ചവടസിനിമയുടെ കൈപിടിയിലൊതുങ്ങിപോയ മലയാളസിനിമയില്‍ കലാമൂല്യമുള്ള സിനിമകളുടെ നിര്‍മ്മാണവും ഒരപൂര്‍വ്വ വസ്തുതയായി തീര്‍ന്നിരിക്കുന്നു. മലയാളസിനിമയുടെ കാലാകാലങ്ങളിലെ ഒഴുക്കില്‍ മികച്ച സിനിമകള്‍ എന്നും സമാന്തരമായ ദൃശ്യസാദ്ധ്യത തീര്‍ത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം സിനിമകള്‍ ഉണ്ടാവാത്തതിനെ കുറിച്ച് മലയാളിക്ക് ഉത്കണ്ഠകള്‍ പോലുമില്ലാതായിരിക്കുന്നു.

ഡോ. ബിജു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമായാണ് തന്റെ സിനിമകളുമായി കാഴ്ചക്കാരനെ സമീപിക്കുന്നത്. ഡോ.
ബിജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശത്തിന്റെ നിറം സംസ്ഥാന ദേശീയ അംഗീകാരങ്ങള്‍ നേടിയെങ്കിലും തിയറ്ററുകളിലൊന്നും ചലനമുണ്ടാക്കിയില്ല.

ഒട്ടേറെ ദേശീയ അന്തര്‍ദേശീയ മേളകളില്‍ ഇതിനകം നല്ല രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട ചിത്രം ഇറാന്‍ ഫിലിം ഫെസ്‌റിവലില്‍
പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണെന്നത് ഏറെ ശ്രദ്ധേയമാണ്. മികച്ച സിനിമകള്‍ കൊണ്ട് വിഖ്യാത ചലച്ചിത്രമേളകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട ഇറാന്‍ സിനിമകള്‍ ഇന്ന് എവിടേയും മുന്‍പന്തിയിലാണ്.

ഒരുപാട് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നല്ല സിനിമകള്‍ തീര്‍ത്ത് പ്രശസ്തിനേടിയ ഇറാന്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയും
ലോകത്തെ മികച്ച ഫെസ്‌റിവലുകലില്‍ ഒന്നാണ്. ഈ മേളയിലേക്ക് ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗത്തില്‍ ആകാശത്തിന്റെ നിറം എന്ന ചിത്രം മാത്രം ഇന്ത്യയില്‍ നിന്ന് പ്രതിനിധീകരിക്കുന്നു എന്നത് ആഹ്‌ളാദകരമാണ്.

സമ്പൂര്‍ണ്ണമായി നീല്‍ ദ്വീപില്‍ നിന്നും ചിത്രീകരിച്ച് ചിത്രത്തില്‍അമലപോള്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, നെടുമുടിവേണു എന്നിവരാണ്
പ്രധാനകഥാപാത്രങ്ങള്‍. അമ്പലക്കര ഗ്‌ളോബല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൈറ എന്ന ചിത്രവുമായാണ് ഡോ. ബിജു
സംവിധാനരംഗത്തെത്തുന്നത്. തുടര്‍ന്ന് രാമന്‍, വീട്ടിലേക്കുള്ളവഴി എന്നീചിത്രങ്ങളിലും സ്വന്തം സംവിധാന മികവില്‍ അടയാളപ്പെടുത്തി.

ഡോ. ബിജുവിന്റെ ചിത്രങ്ങളെല്ലാം ചലച്ചിത്രമേളകളിലെ സാന്നിദ്ധ്യത്താലും അംഗീകാരങ്ങളാലും ശ്രദ്ധേയമാണ്. നല്ല സിനിമകളുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എല്ലാം പ്രതിസന്ധിയിലായിരിക്കുന്ന കാലത്തും വിട്ടുവീഴ്ചയില്ലാതെ സിനിമയോട് നീതി പുലര്‍ത്തുന്ന ഡോ. ബിജു പ്രേക്ഷകര്‍ക്ക് എന്നും നല്ല പ്രതീക്ഷയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam