»   » നിളയോരത്ത് 'തമ്പ്' സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു

നിളയോരത്ത് 'തമ്പ്' സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു

Posted By: നാസർ
Subscribe to Filmibeat Malayalam

മലപ്പുറം: നിളാതീരത്ത് തമ്പ് സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു. 1978ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ ഓര്‍മ്മകളുമായാണ് നാലു പതിറ്റാണ്ടിനു ശേഷം ചിത്രത്തിലെ ജീവിച്ചിരിക്കുന്ന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും തിരുന്നാവായയില്‍ നിളയുടെ മടിത്തട്ടില്‍ ഒത്തുകൂടിയത്.

തമ്പ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടന്‍ നെടുമുടി വേണു, വി.കെ.ശ്രീരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോയ കാലത്തെ ഓര്‍മകളെ ചികഞ്ഞെടുത്ത കൂട്ടായ്മ നടത്തിയത്. തമ്പിലൂടെ എത്തിയ നടി ജലജയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

thamb

തമ്പില്‍ പാടി അഭിനയിച്ച സോപാന സംഗീത ചക്രവര്‍ത്തി അന്തരിച്ച ഞരളത്ത് രാമ പൊതുവാളുടെ ഓര്‍മ്മകളുമായി മകന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ പരിപാടിക്കെത്തി ധന്യത പകര്‍ന്നു.നവാമുകുന്ദ ക്ഷേത്രനടയില്‍ നെടുമുടി വേണുവിനൊപ്പം രാമ പൊതുവാള്‍ അവതരിപ്പിച്ച സോപാനസംഗീതം മകനിലൂടെ പുനര്‍ജനിക്കുകയായിരുന്നു.

കാവാലം ശ്രീകുമാറിന്റെ സംഗീത പരിപാടി ആസ്വാദകരെ സ്വാധീനിച്ചു. തിരുന്നാവായ മണല്‍പരപ്പില്‍ ഉപജീവനം തേടിയെത്തിയ സര്‍ക്കസ് കമ്പനിയുടെ കഥ പറഞ്ഞ തമ്പില്‍ ഭാരതപ്പുഴയും, നവാമുകുന്ദ ക്ഷേത്രവും, കെല്‍ട്രോണും പശ്ചാത്തലമായി.ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് മായ്ക്കാത്ത അനുഭവം പങ്കുവെച്ച വേറിട്ട പരിപാടിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആര്‍ടിസ്റ്റ് നമ്പൂതിരി , ഛായാഗ്രാഹകന്‍ എസ്.കുമാര്‍,എം.എല്‍.എമാരായ കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.വി.അബ്ദുള്‍ ഖാദര്‍ എന്നിവരും എത്തി.തമ്പ് സിനിമയുടെ പ്രദര്‍ശനവും കണ്ട് നിറഞ്ഞ മനസ്സോടെ നിളയുടെ ഓര്‍മ്മകളിലെ തിരിച്ചു നടത്തത്തില്‍ വന്‍ ജനക്കൂട്ടവും പങ്കാളികളായി.

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി ജൈത്രയാത്ര തുടരുന്ന അദ്ദേഹം സിനിമയിലെത്തിയിട്ട് 40 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ ആഘോഷ പരിപാടി. കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെയാണ് നെടുമുടി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കൂടി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

English summary
Celebrated 40 th anniversary of ''Thamb" movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X