»   » ഷാജിയുടെ അടുത്ത ചിത്രം ജിഞ്ചര്‍

ഷാജിയുടെ അടുത്ത ചിത്രം ജിഞ്ചര്‍

Written By:
Subscribe to Filmibeat Malayalam
Shaji Kailas-Jayaram
ഒരു രാഷ്ട്രീയ ചിത്രം വിജയിച്ചപ്പോള്‍ ഷാജി കൈലാസ് പിന്നീട് അതേ മാതൃകയില്‍ നിരവധി സിനിമ ചെയ്തു. മോഹന്‍ലാലിനെ വച്ച് ഒരു മീശപിരിയന്‍ ചിത്രമൊരുക്കിയപ്പോള്‍ പിന്നീടെല്ലാം അതുപോലെ തന്നെയായിരുന്നു. ഇപ്പോള്‍ ഷാജി മറ്റൊരു പാതയിലാണ്. ജയറാമിനെ നായകനാക്കി മദിരാശി എന്നൊരു കോമഡി ചിത്രം തുടങ്ങിയതോടെ ഷാജി തന്റെ ട്രാക്ക് പൂര്‍ണമായും കോമഡിയിലേക്കു മാറ്റി. ജയറാമിനെ വച്ച്് മറ്റൊരു കോമഡി ചിത്രം കൂടി തുടങ്ങാന്‍ പോകുകയാണ് അദ്ദേഹം. ജിഞ്ചര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മദിരാശി റിലീസ് ചെയ്താല്‍ ഉടന്‍ തുടങ്ങും.

ഷാജി കൈലാസ് മലയാള സിനിമയില്‍ പേരെടുത്തത് കോമഡിയിലൂടെയായിരുന്നു. ഡോക്ടര്‍ പശുപതി എന്ന ചിത്രമാണ് ഷാജിയുടെതായി ആദ്യമായി ഹിറ്റായ ചിത്രം. പക്ഷേ പിന്നീട് ആ പാത പിന്തുടര്‍ന്നില്ല. സുരേഷ്‌ഗോപിയെ നായകനാക്കി രഞ്ജിപണിക്കര്‍ തിരക്കഥയെഴുതിയ സ്ഥലത്തെ പ്രധാന പയ്യന്‍സ് വിജയിച്ചതോടെ തുടര്‍ന്നുള്ള ചിത്രങ്ങളൊക്കെ അതേമാതൃകയിലായിരുന്നു. തലസ്ഥാനം, കമ്മിഷണര്‍, മഹാത്മ, മാഫിയ എന്നീ ചിത്രങ്ങളെല്ലാം രാഷ്ട്രീയക്കാരും മാഫിയക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടായിരുന്നു പ്രമേയം. എന്നാല്‍ നാലു ചിത്രം കഴിഞ്ഞപ്പോഴേക്കും ജനത്തിനു മടുത്തു. അപ്പോഴാണ് രഞ്്ജിത്ത് ആറാം തമ്പുരാനുമായി വരുന്നത്. അതില്‍ ലാലിന്റെ മീശപിരിയന്‍ വേഷമായിരുന്നു യുവാക്കളെ ആകര്‍ഷിച്ചത്.

അതോടെ ഷാജിയുടെ ചിത്രങ്ങലെല്ലാം അതുപോലെയായി. ആറാം തമ്പുരാനു പിന്നാലെ നരസിംഹം, നാട്ടുരാജാവ്, മമ്മൂട്ടിയുടെ വല്യേട്ടന്‍ എന്നിവയൊക്കെ ആ ഗണത്തിലായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചിത്രങ്ങളൊന്നും വിജയിക്കാതെ വന്നപ്പോള്‍ ഷാജി സ്വന്തമായി തിരക്കഥയെഴുതി നോക്കി. അതും പരാജയപ്പെട്ടു. അന്നേരമാണ് ജയറാമിനു പറ്റിയ വേഷവുമായി രാജേഷ് ജയരാമന്‍ തിരക്കഥയുമായി എത്തുന്നത്. മദിരാശി എന്ന ചിത്രത്തില്‍ ജയറാം സ്വതസിദ്ധമായ ശൈലിയില്‍ കോമഡി അവതരിപ്പിക്കുകയാണ്. കോമഡി ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ഈ ചിത്രം പൂര്‍ത്തിയാകും മുമ്പ് ഷാജി അടുത്ത കോമഡി ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. രഞ്ജിപണിക്കരുടെ തിരക്കഥയില്‍ കോമഡി ചിത്രം. അതിനിടെയാണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. വിവേകാനന്ദന്‍ എന്നാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്.

തല്‍ക്കാലം ആക്ഷന്‍ ചിത്രത്തിലേക്ക് ഇല്ല എന്നാണ് ഷാജി തുറന്നു പറയുന്നത്. അതിനിടെ പൃഥ്വിയെ നായകനാക്കി രഘുപതി രാഘവ രാജാറാം, ഗോഡ്‌സെ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ അതേക്കുറിച്ചൊന്നും പറയുന്നില്ല. എന്തായാലും ആക്ഷന്‍ വിട്ട് കോമഡിയിലേക്കെത്തി അതും ഹിറ്റാകാതെ വന്നാല്‍ പണ്ടത്തെ ഒരു ചൊല്ലുണ്ട് അതുപോലെയാകരുത്- ഇഞ്ചികടിച്ച കുരങ്ങനെപോലെയായെന്ന്. ആ ഗതിയൊന്നും വരാതിരിക്കട്ടെ.

English summary
Jayaram, Shaji Kailas on a comic outing, named Ginger.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam