»   » നമ്പി നാരായണനായി മോഹന്‍ലാലെത്തുന്നു

നമ്പി നാരായണനായി മോഹന്‍ലാലെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
ഇന്ത്യന്‍ രാഷ്ട്രീയത്തിലും ശാസ്ത്രരംഗത്തും കോളിളക്കമുണ്ടാക്കിയ ചാരക്കേസ് വെള്ളിത്തിരയിലേക്ക്. കേസില്‍ ആരോപണവിധേയനായി വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജനായ പ്രൊഫസര്‍ നമ്പി നാരായണനായെത്തുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്. എഴുത്തുകാരന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആനന്ദ് നാരായണന്‍ മഹാദേവനാണ് നമ്പി നാരായണന്റെ ജീവിതകഥ സിനിമയാക്കുന്നത്.

റോക്കറ്റ് സയന്‍സില്‍ പ്രഗല്ഭനായ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി നിര്‍മിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും. സിനിമയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ ലാല്‍ സമ്മതം മൂളുകയായിരുന്നുവെന്ന് സംവിധായകന്‍ ആനന്ദ് പറയുന്നു.

നമ്പി നാരായണനുമായി നീണ്ട അഭിമുഖങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സിനിമയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നുവെന്നും സംവിധായകന്‍ പറയുന്നു. താരനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ പുരോഗമിക്കുന്നു.

ഒട്ടേറെ ഹിന്ദി സിനിമാസീരിയലുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള ആനന്ദ് മഹാദേവന്‍ 2010ല്‍ മികച്ച സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്.

1994 ലാണ് നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് ഏറെക്കാലം വ്യാപകമായ തോതില്‍ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമവാര്‍ത്തകളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.

ഇതിനെതിരെ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നമ്പി നാരായണന്‍ നിരപരാധിയാണെന്ന് തെളിഞ്ഞത്. മാനനഷ്ടം സംഭവിച്ചതിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നമ്പി നാരായണന് അനുകൂലമായി വിധി പറഞ്ഞത് അടുത്തിടെയാണ്. എന്നാല്‍ താന്‍ നേരിട്ട കടുത്ത അപമാനത്തിന്റെയും ജീവിത ദുരിതങ്ങളുടെയും പകരമാവുമോ ഈ തുകയെന്നാണ് കോടതിവിധിയെക്കുറിച്ച് നമ്പി നാരായണന്‍ പ്രതികരിച്ചത്. നമ്പി നാരായണന്റെ ജീവിതമാണ് മോഹന്‍ലാലിലൂടെ സംവിധായകന്‍ അഭ്രപാളികളില്‍ ആവിഷ്‌ക്കരിയ്ക്കാനൊരുങ്ങുന്നത്.

English summary
Malayali legend Mohanal has agreed to play Nambi Narayanan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam