»   » കണിയൊരുക്കാന്‍ മമ്മുട്ടിയും ലാലും ദിലീപും

കണിയൊരുക്കാന്‍ മമ്മുട്ടിയും ലാലും ദിലീപും

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ചേര്‍ന്ന് 2013ലെ വിഷുവിന് കണിയൊരുക്കും. മമ്മൂട്ടിയുടെ ഇമ്മാനുവല്‍, മോഹന്‍ലാലിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, ദിലീപിന്റെ സൗണ്ട് തോമ എന്നിവയാണ് തിയറ്ററുകളെ പൂരപ്പരമ്പാക്കാന്‍ വരുംദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത്. ഇമ്മാനുവലും തോമയുമാണ് ആദ്യം റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെ സഹായിയായിരുന്ന ജോര്‍ജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവല്‍. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്. റിനു മാത്യൂസ് എന്ന പുതുമുഖമാണ് മമ്മൂട്ടിയുടെ നായിക. എ.സി.വിജേഷ് എന്ന നവാഗതന്‍ എഴുതുന്ന കഥയും തിരക്കഥയും ലാല്‍ജോസ് ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്.

ഇമ്മാനുവല്‍ എന്ന സാധാരണക്കാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കേരള പബ്ലിഷിങ് ഹൗസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആള്‍ ആ,സ്ഥാപനം നഷ്ടത്തിലായതോടെ പുതിയ ജോലി തേടുകയാണ്. പുതുതലമുറയും പഴയതലമുറയും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. നന്മയെ പ്രതീകരിക്കുന്ന കഥാപാത്രമാണ് മമ്മുൂട്ടിയുടെ ഇമ്മാനുവല്‍.

ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ്, നെടുമുടി, സലിം കുമാര്‍, ശിവജി ഗുരുവായൂര്‍, ഉണ്ടപക്രു എന്നിവരാണ് മറ്റുതാരങ്ങള്‍. ദിലീപിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന സൗണ്ട് തോമയും വെള്ളിയാഴ്ച തിയറ്ററിലെത്തും. നമിത പ്രമോദ് ആണ് നായിക. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ മുറിച്ചുണ്ടനായ തോമയുടെ കഥയാണ് ബെന്നി പി. നായരമ്പലം ദിലീപിനു വേണ്ടി എഴുതിയിരിക്കുന്നത്.

മുറിച്ചുണ്ടനും സുന്ദരിയും മനോഹരമായ ശബ്ദത്തിനിനുടമയായ റേഡിയോ ജോക്കിയുമായുള്ള പ്രണയമാണിതില്‍ പറയുന്നത്. പാപ്പറമ്പില്‍ പൗലോയെന്ന ക്രിസ്ത്യന്‍കുടുംബനാഥനും മക്കളും തമ്മിലുള്ള ബന്ധവും സംഘര്‍ഷവുമാണ് കഥയെ കൂടുതല്‍ ശക്തമാക്കുന്നത്. പൗലോയുടെ പിശുക്ക് മക്കള്‍ക്ക് ഇഷ്ടമല്ല. അതിന്റെ പേരില്‍ കുടുംബത്തിലുണ്ടാകുന്ന പൊരുത്തക്കേടുകളാണ് വൈശാഖ് ഭംഗിയായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലു സിങ് എന്നീ സിനിമകള്‍ക്കു ശേഷം ഇദ്ദേഹം ഒരുക്കുന്ന ചിത്രമാണിത്. സായ്കുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്,ഷിജു, നെടുമുടി വേണു എന്നിവരാണ് മറ്റു താരങ്ങള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും മോഹന്‍ലാലും ഒന്നിക്കുന്ന ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ നര്‍മത്തിലൂടെ കഥ പറയുന്നത്. ലാലിനൊപ്പം നായികമാരായി മീരാ ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്രകുര്യന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ജീവിതരീതിയും ഐഡിയോളജിയും വ്യത്യസ്തമായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്. ബോഡി ഗാര്‍ഡിനു ശേഷം സിദ്ദീഖ് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരേപോലെ വിജയിച്ച ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. ജയഭാരതിയുടെ മകന്‍ ക്രിഷ്. ജെ. സത്താര്‍ ഈ ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് ഫിലിംസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Three Malayalam Movies for Vishu 2013. Immanuel(Mammootty), Ladies and Gentleman(Mohanlal) and Sound Thoma(Dileep) will compete.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam