»   » പാലേരിയിലേക്ക് നടന്നു കയറിയ നടന്‍

പാലേരിയിലേക്ക് നടന്നു കയറിയ നടന്‍

Subscribe to Filmibeat Malayalam
Paleri Manikyam
മമ്മൂട്ടി എന്ന നടന്‍ അവതരിപ്പിയ്ക്കാനിടയുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിവെച്ചു കൊണ്ടേ പാലേരി മാണിക്യം കാണാന്‍ പേകേണ്ടതുള്ളൂ. കണ്ട് ശീലിച്ച് മമ്മൂട്ടി ചിത്രമല്ലിത്, മമ്മൂട്ടിയെന്ന താരത്തിനുള്ളിലെ നടന്റെ വ്യത്യസ്തമായ മുഖമാണ് പാലേരി മാണിക്യത്തില്‍ കാണാനാവുക. ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നിങ്ങനെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റൊരു വേഷം കൂടി മമ്മൂട്ടി സിനിമയില്‍ എടുത്തണിയുന്നുണ്ട്. അതാരെന്ന് വെളിപ്പെടുത്തുന്നത് സിനിമയുടെ സസ്‌പെന്‍സിനെ ബാധിയ്ക്കുമെന്നതിനാല്‍ പറയുന്നില്ല.

ഒരു സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ മറ്റു നടന്‍മാര്‍ (നേരത്തെ മമ്മൂട്ടിയും) എടുത്തണിയുന്ന ചമയത്തിന്റെ മുഖംമൂടികള്‍ പാലേരിയില്‍ നമുക്ക് കാണാനാവില്ല. ചമയത്തിന്റെ മറവില്ലാതെ മുഖ ചലനങ്ങളും ഭാവങ്ങളും ചേര്‍ത്താണ് മമ്മൂട്ടി പരകായപ്രവേശം നടത്തുന്നത്. കാമവും ശൃംഗരവും ക്രോധവുമെല്ലാം നടന്റെ മുഖത്ത് മിന്നിമറയുന്നത് പ്രേക്ഷകരെ വിസ്മയിപ്പിയ്ക്കും. സ്ത്രീകളോടൊത്ത് അഭിനയിക്കുമ്പോള്‍ നടന്‍ ആദ്യകാലത്ത് പുലര്‍ത്തി വന്നിരുന്ന വിമുഖത ഇപ്പോള്‍ പൂര്‍ണമായി വിട്ടൊഴിഞ്ഞിരിയ്ക്കുന്നുവെന്ന് പാലേരിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മാണിക്യത്തെ അവതരിപ്പിച്ച മൈഥിലി, സരയൂവായെത്തിയ ഗൗരി എന്നിവര്‍ തങ്ങളുടെ റോളുകള്‍ മോശമാക്കിയില്ലെങ്കിലും ചീരുവായെത്തിയ ശ്വേതയുടെ പെര്‍ഫോമന്‍സിന് മുമ്പില്‍ ഇവര്‍ മങ്ങിപ്പോയെന്ന് പറയേണ്ടി വരും. അത്രത്തോളം തന്മയത്വത്തോടെയാണ് ശ്വേത ചീരുവിന് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്നിരിയ്ക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തിയ ശ്വേതയുടെ രണ്ട് മുഖങ്ങള്‍ ചിത്രത്തില്‍ കാണാം. ചെറുപ്പത്തില്‍ ഹാജിയാരുടെ രഹസ്യക്കാരിയായും വാര്‍ധ്ക്യത്തില്‍ രോഗിണിയായി ദുരിതം തിന്ന് ജീവിയ്ക്കുന്ന ചീരുവായും ശ്വേത തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. നടി സീനത്താണ് ശ്വേതയ്ക്ക് വേണ്ടി സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

ശ്രീനിവാസന്‍, ടി ദാമോദരന്‍, സിദ്ദിഖ്, തുടങ്ങിയ ചില പരിചിത മുഖങ്ങള്‍ മാത്രമാണ് സിനിമയ്ക്ക് വേണ്ടി രഞ്ജിത്ത് ഉപയോഗിച്ചിരിയ്ക്കുന്നത്. ഇതില്‍ ശ്രീനി അവതരിപ്പിയ്ക്കുന്ന ബാര്‍ബറും ടി ദാമോദരന്‍ അവതരിപ്പിയ്ക്കുന്ന സഖാപ് കെപി ഹംസയും ചിത്രത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രങ്ങളാണ്. വലിയ അഭിനയ സാധ്യതകളില്ലെങ്കിലും ഇവര്‍ തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു.

ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളെയെല്ലാം രഞ്ജിത്ത് കണ്ടെത്തിയിരിക്കുന്നത് നാടകവേദിയില്‍ നിന്നാണ്. ശ്രീജിത്ത് കൈവേലിയുടെ പൊക്കന്‍, വിപന്‍ അവതരിപ്പിച്ച ചന്തമ്മന്‍ പൂജാരി, വിജയന്‍ വി നായരുടെ വേലായുധന്‍. പ്രദീപ് മുദ്രയുടെ ഹംസ, ഇയ്യാടിന്റെ എസ്‌കെ പള്ളിപ്പുറം ഇവരെല്ലാം അരങ്ങില്‍ നിന്നും വെള്ളിത്തിരയിലേക്ക് മികച്ച രീതിയില്‍ തന്നെ അരങ്ങേറിയിരിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും പ്രശംസയര്‍ഹിയ്ക്കുന്നുണ്ട്. മനോജ് പിള്ളയുടെ ക്യാമറയും അമ്പാടിയുടെ ചമയവും സാബുറാമിന്റെ കലാസംവിധാനവും ചിത്രത്തെ മനോഹരമായ കലാസൃഷ്ടിയാക്കുന്നതില്‍ തങ്ങളുടെതായ പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മൂഡിന് ചേരുന്ന ഗാനമൊരുക്കാന്‍ ബിജിബാലിനും ശരതിനും കഴിഞ്ഞു. ജന്മബന്ധങ്ങളുടെ അര്‍ത്ഥശൂന്യതയെ വെളിവാക്കുന്ന ഒരു ഗസലും ടിപി രാജീവന്‍ എഴുതിയ നോവലിലെ ഒരു നാടന്‍ പാട്ടുമാണ് ചിത്രത്തിലെ ഗാനങ്ങള്‍.

എന്നും വേട്ടയാടപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് പാലേരിയിലെ മാണിക്യം. സ്ഥലകാലങ്ങള്‍ മാറിമറിഞ്ഞെങ്കിലും ഇന്നും മാണിക്യത്തിന്റെ ചരിത്രം നമുക്കിടയില്‍ അഭംഗുരം ആവര്‍ത്തിയ്ക്കപ്പെടുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലായിരിക്കും പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രം ഒരു പക്ഷേ ഭാവിയില്‍ വിലയിരുത്തപ്പെടുക. പ്രതിഭാദാരിദ്ര്യം കൊണ്ട് വലയുന്ന സമകാലീന മലയാള സിനിമയിലെ മാണിക്യം തന്നെയാണ് ഈ സിനിമ അത് കൈമോശം വരാതെ സൂക്ഷിയ്‌ക്കേണ്ടത് പ്രേക്ഷകരുടെ കടമയാണ്.

മുന്‍ പേജുകളില്‍
പാലേരിയിലേക്ക് പോകാം
മലയാള സിനിമയുടെ മാണിക്യം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam