»   » ഹൃദയം തൊടുന്ന ട്രാഫിക്

ഹൃദയം തൊടുന്ന ട്രാഫിക്

Posted By:
Subscribe to Filmibeat Malayalam
Traffic
'ഹൃദയത്തില്‍ തൊടുന്ന സിനിമ' അക്ഷരാര്‍ത്ഥത്തില്‍ ട്രാഫിക്കിന് ചേരുന്ന മികച്ച വിശേഷണം അതായിരിക്കും. സമീപകാലത്ത മലയാളത്തിലുണ്ടായിട്ടുള്ള മികച്ച സിനിമകളിലൊന്ന്. അനുകരണങ്ങളും സൂപ്പര്‍താരജാഡകളും വളിപ്പ് കോമഡികളുമൊക്കെ കണ്ട് മനംമടുത്ത പ്രേക്ഷകര്‍ക്ക് ഒരുഗ്രന്‍ വിരുന്ന്- ട്രാഫിക്കിലൂടെ സംവിധായകന്‍ രാജേഷ് പിള്ള സമ്മാനിയ്ക്കുന്നത് അതാണ്.

ട്രാഫിക്കിന്റെ ത്രില്‍ അത് നേരിട്ടു കണ്ടുതന്നെ അനുഭവിയ്ക്കണം. അതിനെ വിശദീകരിയ്ക്കുന്നത് വെറും മണ്ടത്തരം. ടൈറ്റിലില്‍ തന്നെ ട്രാഫിക്ക് വേറിട്ട സിനിമയുടെ സൂചനകള്‍ തരുന്നുണ്ട്. പെടുന്നനെ ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുമിച്ചെത്തുമ്പോള്‍ ലേശം കണ്‍ഫ്യൂഷനുണ്ടാവും. ഇവരൊക്കെയാര്? എന്തിന്? എവിടെ എന്നിങ്ങനെ സംശങ്ങളും ഉടലെടുക്കും. എന്നാല്‍ കഥ ട്രാക്കില്‍ കയറിയാല്‍ പിന്നെ ഈ സംശയങ്ങള്‍ക്കൊന്നും ഇടമില്ല. ട്രാഫിക്കില്ലാത്ത ഹൈവേയിലൂടെ കുതിച്ചുപായുന്ന വാഹനത്തിന്റെ വേഗതയില്‍ പ്രേക്ഷകന്റെ മനസ്സും കുതിയ്ക്കും. ഒരു ചോദ്യത്തോടെയാണ് ചിത്രത്തിന്റെ ആദ്യപകുതി തീരുന്നത്. ഉത്തരമറിയാന്‍ ഇടവേള കഴിയുന്നതും കാത്ത് പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിയ്ക്കും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ ചോദ്യത്തിന്റെ ഉത്തരമാണ്‌ സിനിമയുടെ ബാക്കി.

ഇമോഷണല്‍ ത്രില്ലര്‍ റോഡ് മൂവിയായി ട്രാഫിക്കിനെ മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും തിരക്കഥയൊരുക്കിയ ബോബിയ്ക്കും സഞ്ജയ്ക്കുംസ്വന്തമാണ്. ട്രാഫിക്കും ഒരു കോപ്പിയടി തന്നെയാണ്. ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ അല്ല, മനുഷ്യനന്മ വെളിപ്പെടുത്തിയ ഒരു യഥാര്‍ത്ഥ സംഭവമാണ് ഇവര്‍ തൂലികയിലേക്കാവാഹിച്ചത്. രണ്ട് വര്‍ഷം മുമ്പ് ചെന്നൈ നഗരത്തിലുണ്ടായ ഒരു സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ട്രാഫിക്കിന്റെ തിരക്കഥ തയാറായത്. ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്പോള്‍ തന്നെ മറ്റൊരു മനുഷ്യ ജീവനെ രക്ഷിച്ചു കൊണ്ട് അന്ന് നടത്തിയ 11 മിനിട്ട് നേരത്തെ ദൗത്യം അല്‍പം നാടകീയതകള്‍ ചേര്‍ത്ത് ഒരു തിരക്കഥയാക്കി വികസിപ്പിയ്ക്കുകയായിരുന്നു ഇവര്‍.

പ്രേക്ഷകനെ മുഴുവന്‍ സമയവും പിരുമുറുക്കത്തില്‍ നിറുത്തുമ്പോഴും നല്ലൊരു സന്ദേശവും ഹൃദയത്തില്‍ തൊടുന്ന ഒരു കഥയും ട്രാഫിക്കിന് വേണ്ടി ഒരുക്കാന്‍ കഴിഞ്ഞതില്‍ ഇവര്‍ക്ക് അഭിമാനിയ്ക്കാം. നോട്ട്ബുക്ക്, എന്റെ വീട് അപ്പൂന്റേം, എന്നിങ്ങനെ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമാണ് തിരക്കഥ രചിച്ചതെങ്കിലും അതിലെല്ലാം തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിയ്ക്കാന്‍ ഈ ഇരട്ടകള്‍ക്ക് കഴിഞ്ഞിരുന്നു. ട്രാഫിക്കിലൂടെ ബോബി-സഞ്ജയ് ടീം വീണ്ടും മുന്നോട്ടു കുതിയ്ക്കുകയാണ്.

ടെറിഫിക് എന്ന വാക്കിന് ഭയാനകമെന്ന് മാത്രമല്ല, മികച്ചതെന്നൊരു അര്‍ത്ഥം കൂടിയുണ്ട്. ട്രാഫിക്കിലൂടെ ഒരു ടെറിഫിക് മൂവി തന്നെയാണ് സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയിരിക്കുന്നത്. അധികം ഗിമ്മിക്കുകള്‍ക്കും ഫോര്‍മുലകള്‍ക്കും പിന്നാലെ പോകാതെ ത്രസിപ്പിയ്ക്കുന്നതും മനോഹരവുമായൊരു സിനിമയൊരുക്കാന്‍ രാജേഷിന് കഴിഞ്ഞു. നല്ലൊരു തിരക്കഥ കൈയ്യടക്കത്തോടെ സ്‌ക്രീനിലേക്ക് സന്നിവേശിപ്പിയ്ക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. സിനിമയില്‍ സംവിധായകന്റെ റോള്‍ എന്തെന്ന് കാണിച്ചുതരികയാണ് രാജേഷ്. ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍ നല്‍കിയ നിരാശ പൂര്‍ണമായി തുടച്ചുനീക്കാന്‍ ട്രാഫിക്ക് രാജേഷിനെ സഹായിക്കും.

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, രമ്യാ നമ്പീശന്‍, സന്ധ്യ, റോമ, ആസിഫ് അലി, റഹ്മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ട്രാഫിക്കിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് മേല്‍ പതിഞ്ഞുപോയ പ്രതിബിംബങ്ങള്‍ പൊട്ടിച്ചെറിയാന്‍ ഇവര്‍ എല്ലാവര്‍ക്കും കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനിയായാല്‍ ലേശം കോമഡി, കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വരുമ്പോള്‍ ലേശം റൊമാന്‍സ്, റോമയും രമ്യയും സന്ധ്യയും ഒന്നിക്കുമ്പോള്‍ പാട്ടും കൂത്തും.... എന്നിങ്ങനെയുള്ള മുന്‍വിധികളെയെല്ലാം ട്രാഫിക് തകര്‍ക്കുന്നുണ്ട്. ഒട്ടേറെ താരങ്ങളുണ്ടെങ്കിലും എടുത്തുപറയേണ്ട ചില അഭിനേതാക്കള്‍ സിനിമയിലുണ്ട്.

ചെറിയ വേഷമാണെങ്കിലും വിനീതിന്റെ കഥാപാത്രം പ്രേക്ഷകന് ചെറുതായി നോവിക്കും. സായ്കുമാറും അനൂപ് മേനോനും പതിവു പോലെ പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നു. ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന റോള്‍ ഭംഗിയാക്കാന്‍ ആസിഫ് അലിയ്ക്കും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലുണ്ണിയെന്ന കഥാപാത്രത്തിലൂടെ ഇമേജ് ബ്രേക്ക് ചെയ്ത കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖമാണ് ട്രാഫിക്കില്‍ കാണാനാവുക. ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രവും കൈയ്യടി നേടുന്നു.

ഷൈജു ഖാലിദിന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിങും സിനിമയുടെ ചടുലമായ കഥാഗതിയെ ഏറെ സാഹായകമായിട്ടുണ്ട്. മെജോ ജോസഫിന്റെ സംഗീതവും സിനിമയുടെ മൂഡിന് ചേരും.

2011ലെ ആദ്യ ചിത്രമാണ് ട്രാഫിക്ക്. പുതുവര്‍ഷത്തില്‍ മലയാള സിനിമയ്ക്ക്ു ഗംഭീര തുടക്കം ലഭിയ്ക്കുന്നത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ട്രാഫിക് മിസ് ചെയ്താല്‍ ഒരുപക്ഷേ 2011ലെ ഏറ്റവും മികച്ച സിനിമകളിലൊന്നാവും നിങ്ങള്‍ ഒഴിവാക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam