For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സസ്‌പെന്‍സ് ത്രില്ലറുമായി ചാര്‍മിനാര്‍! പേര് സൂചിപ്പിച്ചത് തന്നെ ലേശം റൊമാന്റിക് തന്നെയാണ്, റിവ്യൂ!

  By Desk
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

  ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ സിനിമയിലേക്കെത്തിയ അശ്വിന്‍ കുമാര്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് ചാര്‍മിനാര്‍. അജിത് സി ലോകേഷ് സംവിധാനം ചെയ്ത സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ഹേമന്ദ് മേനോനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കന്നട നടി ഹര്‍ഷികയാണ് സിനിമയിലെ നായിക. റൊമാന്റിക്് ത്രില്ലറായി ഒരുക്കിയ സിനിമ സെവന്‍ ജെ ഫിലിംസിന് വേണ്ടി സിറാജുദീനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം...

  ചാര്‍മിനാര്‍

  ചാര്‍മിനാര്‍

  സാമ്പാറില്‍ എല്ലാം ചേരുപടി ചേര്‍ക്കണം. എങ്കിലേ സാമ്പാറാകൂ. ഇതുപോലെ സിനിമയെക്കുറിച്ച് ഒരു കാലംവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടായിരുന്നു. പാട്ട്, ഡാന്‍സ്, ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, മ്യൂസിക്കല്‍, ക്രൈം, ത്രില്ലര്‍ ഇങ്ങനെ സമാസമം കാര്യങ്ങള്‍ ചേര്‍ത്തവതരിപ്പിച്ചിട്ടുണ്ടോ എന്ന അളവുകോലിട്ടായിരുന്നു മുഖ്യധാരാ മാര്‍ക്കറ്റില്‍ സിനിമയുടെ വിപണിമൂല്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇങ്ങനെ ചേരുംപടി ചേര്‍ക്കാതെ വരുന്ന ചലച്ചിത്രങ്ങളെ അവാര്‍ഡ് സിനിമകള്‍ എന്ന പട്ടികയുണ്ടാക്കുകയും അതിലുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മുഖ്യധാരാ സിനിമകള്‍ തന്നെ ഇതില്‍ നിന്നും എത്രയോ കാതം മുന്നോട്ടുപോയ പുതിയ കാലത്തും സമാനമായ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രമാണ് ചാര്‍മിനാര്‍.

  റൊമാന്റിക് ത്രില്ലര്‍

  റൊമാന്റിക് ത്രില്ലര്‍

  പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രേമകഥയാണെന്ന് മനസ്സിലാകും. പക്ഷേ അതിനുള്ളിലൂടെ ഒരു റൊമാന്റിക് ത്രില്ലറിന്റെ പ്രതീതി ഉണ്ടാക്കുവാനുള്ള ശ്രമമാണ്. ആദ്യാന്തം ആകാംക്ഷ നിലനിര്‍ത്തുന്നുവെന്ന തോന്നലുണ്ടാക്കുന്നുവെങ്കിലും സാങ്കേതികമായ പെര്‍ഫെക്ഷനപ്പുറം ഈ സിനിമ കാഴ്ചക്കാരന്റെ മനസ്സിലേക്ക്കൂടി കടന്നുവരണമെന്ന താല്പര്യം ലവലേശം തൊട്ടുതീണ്ടാത്തവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഈയൊരു സത്യസന്ധതയില്ലായ്മയാണ് നല്ല രസകരമായ ഒരു പ്രമേയമായിട്ടുകൂടി ഈ ചലച്ചിത്രത്തെ വെറും കണ്ടിരിക്കുവാന്‍ മാത്രം തോന്നുന്ന സിനിമയാക്കി മാറ്റുന്നത്. തിയേറ്ററിലെ ആരവങ്ങള്‍ക്കപ്പുറത്തേക്ക് ഈ സിനിമ സഞ്ചരിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് താല്പര്യമില്ലെന്ന് കാഴ്ചയുടെ ആദ്യമിനിറ്റുകളില്‍ തന്നെ മനസ്സിലാകും. ഈ താല്പര്യമില്ലായ്മ പുതുമയായ രീതിയില്‍ കഥ പറയുവാന്‍ ശ്രമിക്കുമ്പോഴും പ്രേക്ഷകന്റെ ഉള്ളിലേക്ക് സിനിമ ആഴ്ന്നിറങ്ങുന്നതിന് വലിയ തടസ്സമായി മാറുന്നുമുണ്ട്.

  സിനിമയുടെ തന്ത്രം

  സിനിമയുടെ തന്ത്രം

  ഒരേ സമയം തമിഴിലും കന്നടയിലും മലയാളത്തിലും വിറ്റുപോകുകയെന്ന മാര്‍ക്കറ്റ് മാത്രം ലക്ഷ്യമാക്കിയുള്ള സൂത്രവാക്യമാണ് ചാര്‍മിനാര്‍ എന്ന സിനിമയുടെ തന്ത്രം. പക്ഷേ ബംഗളൂരുവിനെപ്പോലെ കൊച്ചിയും സിനിമയുടെ ഭാഗമാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു കേരള പരിസരത്തുള്ള സിനിമയായോ മലയാളസിനിമയാണോ എന്ന സംശയം ആദ്യാന്തം ചാര്‍മിനാര്‍ കാണുന്നവരെ പിടികൂടുകയാണ്. ചില മലയാളചാനലുകളില്‍ കാണിക്കുന്ന ഒരു മൊഴിമാറ്റ സിനിമയുടെ ഫിലിംഗാണ് സിനിമ കഴിഞ്ഞിറങ്ങുമ്പോഴും കാഴചക്കാരനുണ്ടാക്കുന്നത്. സിനിമ അവസാനിച്ചപ്പോള്‍ വരുന്ന തമിഴ് സോംഗുംകൂടിയാകുമ്പോള്‍ ഇത് പൂര്‍ണമാകുകയാണ്.

  ഫ്‌ളാഷ് ബാക്കിലേക്ക്

  ഫ്‌ളാഷ് ബാക്കിലേക്ക്

  ഫാഷന്‍ പാരേഡും മോഡലിംഗിന്റെയുമെല്ലാം ലോകത്തുനിന്നാണ് സിനിമയുടെ കഥക്ക് തുടക്കമാകുന്നത്. റാമ്പിലെ വ്യത്യസ്തനായ കോസ്റ്റ്യുംഡിസൈനറാണ് യുവ നടന്‍ അശ്വിന്‍ കുമാറിന്റെ അന്തര്‍മുഖനായ കഥാപാത്രം. തന്റെ പുതിയ പരസ്യത്തിനുവേണ്ടി അശ്വിന്‍ കുമാറുമായി ഹേമന്ത് മേനോന്‍ അവതരിപ്പിക്കുന്ന ആഡ് ഫിലിം മേക്കര്‍ ചങ്ങാത്തത്തിലാകുന്നു. മോഡലിനെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍ നന്ദിത (കന്നട നടി ഹര്‍ഷിക പൂഞ്ചൈ) എന്ന മോഡലിനെ കൊണ്ടുവരുന്നു. പിന്നീട് ഈ സുഹൃത്തുക്കള്‍ക്കിടയില്‍ വലിയൊരു പാഷനായി മാറുന്ന ഈ മോഡല്‍ തന്നെ ഇവരുടെ അകല്‍ച്ചക്കും കാരണമായി മാറുന്നു. അങ്ങനെ എല്ലാവരും താന്‍താങ്കളുടെ ലക്ഷ്യങ്ങളുമായി ചാര്‍മിനാര്‍ എന്ന നക്ഷത്രഹോട്ടലിലെത്തുന്നിടത്തുനിന്നാണ് കഥ ഫ്‌ളാഷ് ബാക്കിലേക്ക് സഞ്ചരിച്ചു തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ നായകനായ പരസ്യചിത്ര സംവിധായകന്‍ രണ്ടാംപകുതിയോടെ വില്ലനാകുകയും ഭാവംകൊണ്ടും കോലംകൊണ്ടുമെല്ലാം നായകനല്ലെന്നു നമ്മെ തോന്നിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന കഥാപാത്രം അവസാനം നായകനായി മാറുകയും ചെയ്യുന്നുവെന്ന മേക്കിംഗിലെ രസം ഈ സിനിമയിലെ ഒരു പ്രത്യേകതയാണ്.

  സസ്‌പെന്‍സ് ത്രില്ലര്‍

  സസ്‌പെന്‍സ് ത്രില്ലര്‍

  ബോളിവുഡ്, ടോളിവുഡിലെ വിവിധ സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഒരു പുതിയ കഥ അവതരിപ്പിക്കുവാനുള്ള ശ്രമം, പ്രത്യേകിച്ച് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയില്‍ ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയിലെ അല്പം ഇഴച്ചില്‍ സഹിക്കണമെന്നു മാത്രം. പക്ഷേ പാട്ട്, ഡാന്‍സ് പാറ്റേണിനപ്പുറം കൂടുതല്‍ വ്യത്യസ്തമാക്കി അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്ന ഒരു പ്രമേയത്തെ ചെറുതാക്കുകയായിരുന്നു സംവിധായകന്‍ അജിത്ത് സി ലോകേഷ്. ഹര്‍ഷിക പൂഞ്ചെ, മലയാളത്തിലെ യുവതാരങ്ങളായ ഹേമന്ത് മേനോന്‍, അശ്വിന്‍കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇതില്‍ രവിമോനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിന്‍ കുമാര്‍ എന്ന നടന്‍ മലയാള സിനമയുടെ ഭാവിയുടെ പ്രതീക്ഷയാണെന്നതിന് അടിവരയിടുകയാണ് ചാര്‍മിനാര്‍ എന്ന സിനിമ എന്നതും ഇവിടെ രേഖപ്പെടുത്താതെ വയ്യ...

  പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ച ഡിസ്‌ലൈക്കുകാരെ മമ്മൂട്ടി കണ്ടം വഴി ഓടിച്ചു! അല്‍ ഫെമിനിച്ചി ഡാ..

  പരോള്‍ ടീസറിലൂടെ മമ്മൂക്ക കിടുക്കി, ആരാധകര്‍ക്ക് അഭിമാനത്തോടെ പറയാം! സഖാവ് അലക്‌സ് കിടിലനാണെന്ന്!!

  English summary
  Charminar movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X