»   » ടാ തടിയാ- സിംപിള്‍ മൂവി

ടാ തടിയാ- സിംപിള്‍ മൂവി

Posted By:
Subscribe to Filmibeat Malayalam
വലിയ അവകാശവാദങ്ങളും സന്ദേശങ്ങളുമൊന്നുമില്ലാതെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് മല്‍സരിച്ച് മുന്നില്‍ നില്‍ക്കുകയാണ് ആഷിക് അബുവിന്റെ തടിയന്‍.

പുതിയസമൂഹത്തിന്റെ ഉത്കണ്ഠകള്‍, ശരീരം, അസുഖം, ഭക്ഷണം, സൗന്ദര്യസങ്കല്‍പ്പം ഇതെല്ലാം മുതലെടുത്തുകൊണ്ട് ആയുര്‍വ്വേദത്തിന്റെ മറവില്‍ ഇന്‍സ്റ്റന്റ് മരുന്നുവില്‍പ്പനക്കാരുടെ തട്ടിപ്പും വാഗ്ദാനങ്ങളുമൊക്കെയുള്ള ലോകത്ത് വലിയശരീരത്തില്‍ വലിയമനസ്സുമായി കൊച്ചി നഗരസഭയുടെ ഔന്നത്യങ്ങളിലേക്ക് വളര്‍ന്ന് പോരായ്മകളെ മറികടക്കുകയാണ് ലൂക്ക ജോണ്‍ പ്രകാശ് എന്ന തടിയന്‍.

മുത്തഛന്റെ പ്രകാശ് കോണ്‍ഗ്രസ്സിലൂടെ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് വളര്‍ന്ന തടിയന് സ്വന്തം ശരീരത്തിന്റെ 130 കിലോഭാരം ഒരു ഭാരമേ അല്ലെന്ന് തെളിയിക്കുന്നു. വലിയ പ്രതീക്ഷകളുമായൊന്നും നിങ്ങള്‍ ടാ തടിയനെ സമീപിക്കരുതെന്നും ഇതൊരു സിമ്പിള്‍ മൂവിയാണെന്നും സംവിധായകന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ചിത്രം ചുമ്മാരസകരമായി കണ്ടിരുന്ന് നിഷ്‌കളങ്കനായ തടിയനെ കൂടെ ചേര്‍ത്തുനിര്‍ത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്. കൊച്ചിയുടെ പാശ്ചാത്തലത്തില്‍ വീണ്ടും വീണ്ടും ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും പ്രമേയത്തിന്റെ പുതുമയും ലാളിത്യവും കൊണ്ട് കാഴ്ചക്കാരനെ കൂടെനിര്‍ത്താന്‍ സാധിക്കുന്ന ആഷിക് അബുവിന്റെ പുതിയചിത്രം ഇത്തവണ തിയറ്ററില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളോടാണ് മല്‍സരിച്ചത്.

പുതുമുഖം ശേഖര്‍മേനോനെ നായകനാക്കി ആഷിക്ക് അബു തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണത സാദ്ധ്യമാക്കുമ്പോള്‍ പഴയ മോഹന്‍ലാല്‍ ചിത്രമായ അങ്കിള്‍ ബണ്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തും.

ഏതുകഥാപാത്രങ്ങളേയും ചമയങ്ങളുടെ അധികഭാരത്തടെ സൂപ്പറുകളുടെ തലയില്‍കെട്ടിവെച്ച് കഥാപാത്രത്തിന്റെ, കാഴ്ചയുടെ പുതുമയ്ക്ക് നേരെപുറം തിരിഞ്ഞുനില്‍ക്കുന്ന സ്ഥിരം രീതിയോട് കലഹിച്ചുകൊണ്ട് ആഷിഖ് അബു തീര്‍ത്ത പാത്രസൃഷ്ടിയും പുതുമുഖനിര്‍മ്മിതിയും തടിയനെ ഫ്രഷ്‌നസ്സോടെ കാഴ്ചക്കാരനില്‍ നിലനിര്‍ത്തുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ ഡിജെയായി പ്രവര്‍ത്തിച്ച് അധികഭാരമുള്ള ശരീരത്തെ അനായാസേന കൊണ്ടുനടക്കുന്ന ശേഖര്‍മേനോന് ടാ തടിയാ എന്ന പേര് വീണെങ്കില്‍ തന്റെ തടിയോടൊപ്പം ലഭിച്ച പുതിയ പ്രശസ്തിയുടെ ആഹ്‌ളാദത്തിലാണ് ശേഖര്‍ മേനോനെന്ന ലൂക്ക ജോണ്‍ പ്രകാശ്
തടിയന്‍.

സ്‌കൂള്‍ കാലത്ത് വിട്ടുപോയ ആന്‍ താടിക്കാരന്‍ എന്നതടിച്ചികൂട്ടുകാരിയോടുള്ള ഇഷ്ടം വര്‍ഷങ്ങള്‍ക്കുശേഷവും തെളിമയോടെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രാന്‍ഡ്മ വിലക്കിയിട്ടും ലൂക്ക വൈദ്യര്‍ മഠത്തിന്റെ പാക്കേജ് ചികില്‍സയ്ക്ക് പോയതും രണ്ടു മുന്തിരിയും നെല്ലിക്കയുമൊക്കെതിന്ന് മെലിഞ്ഞ ശരീരം സ്വപ്നം കണ്ടതും ഒരു തട്ടിപ്പിന്റെ ഇരയാവുകയാവുമായിരുന്നു താനെന്ന് വൈകിയാണ് ലൂക്ക അറിഞ്ഞത്.

രാഹുല്‍ വൈദ്യരുടെ ഇടികൊണ്ട് മലര്‍ന്നടിച്ചു വീണുപോയപ്പോഴാണ് ലൂക്കയ്ക്ക് പുതിയ തിരിച്ചറിവുകള്‍ ലഭിക്കുന്നതും. പ്രിയപ്പെട്ട മുത്തശ്ശി തന്നെയാണ് ഒരിക്കലും വിചാരിക്കാത്ത ഒരു വഴിയിലൂടെ ലൂക്കായെ കൊച്ചിയുടെ സിംഹാസനത്തിലിരുത്തുന്നതും. തടിയനായ ആത്മാര്‍ത്ഥ സുഹൃത്തിന്റെ വലിയ മനസ്സിലെ സ്‌നേഹം തിരിച്ചറിയാതെ പുതിയ സുഹൃത്തിന്റെ തട്ടിപ്പിന്റെ ഭാഗമായി പോയ ആന്‍ താടിക്കാരന്‍ തിരിച്ചുവരുമ്പോള്‍ അവളെ ഭംഗിയായി മറികടക്കാനുള്ള ആര്‍ജ്ജവം പുതിയ വേഷവും പദവിയും തടിയന് നേടിക്കൊടുത്തിരുന്നു.

തട്ടത്തിന്‍ മറയത്തിലൂടെ പ്രണയനായകനായ് ഹിറ്റ് സൃഷ്ടിച്ച നിവിന്‍പോളിയെ രാഹുല്‍ വൈദ്യന്‍ എന്ന വില്ലനാക്കി ആഷിക് അബു ഒരു പുതുമകൂടി തുറന്നിരിക്കുന്നു. ശ്രീനാഥ് ഭാസിയുടെ സണ്ണിജോണ്‍ പ്രകാശ് ആനിന്റെ ആന്‍ താടിക്കാരനും നല്ല കൈയ്യൊതുക്കത്തോടെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

മൈ ലൌവ് , യു ആര്‍ മൈ പഞ്ചസാര എന്ന പാട്ടിലൂടെ തുടങ്ങുന്ന ചിത്രം മസിലുപിടിക്കാതെ സിനിമകാണാനുള്ള പ്രേരണ നല്‍കുന്നുണ്ട്. പ്രകാശ് കോണ്‍ഗ്രസ്സ് പ്രകാശം പരക്കട്ടെ എന്ന മുദ്രാവാക്യം ചിത്രത്തില്‍ പ്രസക്തമാവുന്നു.

രജനീകാന്തിന്റെ ഫാനായ രാത്രിയില്‍ പ്രവര്‍ത്തനനിരതയാകുന്ന ഗ്രാന്‍ഡ്മ ചിത്രത്തിന് ശരിയ്ക്കും എനര്‍ജിയാണ്. ആഷിക് അബുവിന്റെ നാലാമതുചിത്രവും പരിക്കുപറ്റാതെ നല്ലൊരുവിഭാഗം പ്രേക്ഷകരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കുന്നു.

English summary
Aashiq Abu's latest offering Da Thadiya, he shows the courage to cast an obese youth in the title role and this could be an example of 'boldness'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam