twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേറിട്ട സിനിമയുടെ ഫൈനൽസ്; ഫര്‍ദിസിന്റെ റിവ്യൂ

    |

    എ വി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Rajisha Vijayan, Suraj Venjarammoodu, Niranjan
    Director: P.R. Arun

    പതിനേഴു വർഷം മുൻപ് നടന്ന ഒരു സംഭവ കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള സിനിമയാണ് ഫൈനൽസ്. കേരളത്തിന്റെ കായിക ചരിത്രത്തിലെ ഇരുണ്ട ഒരധ്യായമായിരുന്നു സൈക്കിളിംഗ് ചാംപ്യൻഷിപ്പിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഷൈഗി. കായികരംഗത്തെ വഴിവിട്ട കളികൾ എന്നും വലിയ ചർച്ചാ വിഷയങ്ങളാകാറുണ്ടെങ്കിലും ഒരു സമയം കഴിയുന്നതോടെ ആറി തണുക്കാറാണ്. ഇങ്ങനെ മത്സരത്തിനിടക്ക് തന്നെ മരണപ്പെട്ട ഈ കായിക പ്രതിഭയുടെയും ദുരൂഹ മരണം അവരുടെ വീട്ടുകാരുടെ സ്വകാര്യ ദു:ഖം മാത്രമായി അവശേഷിപ്പിക്കപ്പെട്ട് കാലം രണ്ട് പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴാണ് ഈ വിഷയവുമായി ഫൈനൽസ് എത്തിയത്. പൊതുവെ മലയാളത്തിൽ കായിക മേഖലയിലെ സംഘാടനത്തിലെ ഉള്ളുകള്ളികൾ പ്രമേയമായി വന്ന ചലച്ചിത്രങ്ങൾ മോളിവുഡിൽ ചുരുക്കമാണെന്നത് കൂടി ഈ സിനിമയെ വേറിട്ടതാക്കുന്ന ഘടകങ്ങളിലൊന്നാണ്.

    1

    ഇടുക്കിയിലെ ഹൈറേഞ്ചിലാണ് ഫൈനൽസിന്റെ കഥ നടക്കുന്നത്. സൈക്കിളിംഗിൽ ദേശീയ ചാംപ്യയായ ആലീസിലൂടെ (രജീഷ വിജയൻ) കട്ടപ്പനയിൽ ഒരു ഒളിംപിക് മെഡൽ ആ നാട്ടുകാരുടെ പ്രതീക്ഷയാണ്. അതിലപ്പുറം അവളുടെ അച്ഛനായ വർഗീസ് (സൂരാജ് വെഞ്ഞാറമൂട് ) മാഷിന്റെ സ്വപ്നമാണ്. ഇതു മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യവും. അതിനൊരു കാരണവുമുണ്ട് വർഷങ്ങൾക്ക് മുൻപ് ഗവൺമെന്റ് സ്കൂളിലെ കായികാധ്യാപക ജോലി രാജിവെച്ച് സ്വന്തമായി അത്ലറ്റിക് സ്കൂൾ തുടങ്ങിയ ആളാണ് മാഷ്. എന്നാൽ മീറ്റിൽ പങ്കെടുത്ത ആദ്യ വർഷം തന്നെ സ്കൂൾ നാലാം സ്ഥാനത്തെത്തിയതോടെ, സ്പോർട്സ് ഫെഡറേഷൻ ഭാരവാഹികളുടെ നോട്ടപുള്ളിയാകുന്നു മാഷ്. അതോടെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഉത്തേജക മരുന്ന് നല്കിയെന്ന കാരണം പറഞ്ഞ് സ്കൂൾ അടച്ചുപൂട്ടുകയും മാഷെ ജയിലിലടക്കുകയുമാണ്.

    2

    പിന്നീട് ലാബ് റിപ്പോർട്ട് നെഗറ്റീവാണെന്ന് പറഞ്ഞ് വെറുതെ വിടുന്നു. അപ്പോഴേക്കും സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറിന്റെ നടപടികളിൽ പ്രതിഷേധിച്ച് വർഗീസ് മാഷ് ഈ രംഗത്തു നിന്നും വിടവാങ്ങിയിരുന്നു. പക്ഷേ പിന്നീടെപ്പോഴോ അദ്ദേഹം തന്റെ മകളിലെ സൈക്കിളിംഗ് താല്പര്യം കണ്ടറിയുകയും അവളെ എല്ലാവിധത്തിലും ഉയർത്തി കൊണ്ടുവരികയും ചെയ്യുന്നു. അങ്ങനെ ദേശീയ ചാംപ്യയായ ആലീസ്, ഒളിംപിക്സിൽ ഇന്ത്യയുടെ സൈക്കിളിംഗ് പ്രതീക്ഷയാകുന്നു. ഇതിനായുള്ള ട്രെയിനിംഗിന് റഷ്യയിലേക്ക് പോകും മുൻപ് വാഗമണ്ണിൽ നടന്ന സംസ്ഥാന സൈക്കിളിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നു. പക്ഷേ ഫിനിഷിംഗ് പോയന്റിൽ വെച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കവെ, കടന്നു വന്ന ടിപ്പർ ലോറിയിടിച്ച് നട്ടെല്ല് തകർന്ന് ആലീസ് ശയ്യാവലംബിയാകുന്നു.

    3

    എന്നാൽ ഇത് വെറുമൊരു യാദൃച്ഛികമായുണ്ടായ അപകടം മാത്രമായിരുന്നില്ല. മറിച്ച് ആസൂത്രണം ചെയ്ത ഒന്നായിരുന്നുവോ? ഇത് കണ്ടെത്തുവാനുള്ള വർഗീസ് മാഷിന്റെ ഓട്ടത്തിനിടയിൽ കട്ടപ്പനക്കാരനും ആലീസിന്റെ കളിക്കൂട്ടുകാരനുമായ മാനുവലിനെ (നിരഞ്ജൻ ) കൊണ്ട് തന്നെ 400 മീറ്റർ ഓട്ടത്തിലെ ദേശീയ ചാംപ്യനാക്കുവാൻ കൂടി മാഷിന് കഴിയുന്നു. ഒരു കുറ്റാന്വേഷണ കഥക്കപ്പുറം നിസ്സഹായനായ ഒരു കേരളീയന്റെ സ്വയം സഞ്ചാരത്തിലൂടെ, അധികാരത്തിന്റെയും പണത്തിന്റെയും രാഷ്ട്രീയക്കാരെന്റെയും സ്വാധീനമില്ലാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവർക്കും നീതി ലഭ്യമാകുമെന്ന രീതിയിലാണ് ഈ കഥ അവതരിപ്പിക്കുന്നത്. അതാണ് ഈ സിനിമ നല്കുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രസക്തമായ സന്ദേശങ്ങളിലൊന്നും.

    4

    ഒരു ചെറിയ പ്രമേയത്തെ രണ്ട് രണ്ടര മണിക്കൂർ നീണ്ടു നില്ക്കുന്ന സിനിമയിലേക്ക് വലിച്ചു നീട്ടുവാൻ കുറച്ചു ബുദ്ധിമുട്ടിയതിന്റെ ചെറിയ ചില ബാലാരിഷ്ടതകൾ സിനിമയുടെ കാഴ്ചയിൽ ചിലപ്പോൾ ഇഴച്ചിലായി അനുഭവപ്പെടുന്നുണ്ട്. എന്നാൽ അനേകമനേകം ഉപകഥകളിലേക്കും ട്വിസ്റ്റുകളിലേക്കും പോകാതെ നേരെ മുഖ്യ പ്രമേയത്തിൽ കാര്യങ്ങളെ പറയുന്ന രീതി ഏറെ രസകരമായിട്ടുണ്ട്. അമിതമായ ആഘോഷ പകിട്ടുകളിലേക്ക് സിനിമയുടെ ദൃശ്യങ്ങളെ കൊണ്ടു പോകാതെ ബഹളങ്ങൾക്കപ്പുറം പ്രേക്ഷകന്റെ മനസ്സിലേക്കും ചിന്തയിലേക്കും കയറുവാനുള്ള ശ്രമമാണ് എഴുത്തുകാരനും സംവിധായകനുമായ പി.ആർ അരുൺ ഫൈനൽസിലൂടെ നടത്തുന്നത്. കണ്ണിന് മുന്നിൽ നടക്കുന്ന മാജിക്കും ഗിമ്മിക്കുമല്ല സിനിമ എന്നതിലേക്കുള്ള മുഖ്യധാരാ മലയാള സിനിമയുടെ തിരിച്ചറിവിന്റെ, തിരിച്ചു പോക്കിന്റെ ഉദാഹരണം കൂടിയായി അങ്ങനെ ഫൈനൽസ് മാറുകയാണ്.

    കളക്ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇല്ല മക്കളെ! ആരാധകരോട് അജു വര്‍ഗീസ്, കാരണം ഇതാണ്കളക്ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇല്ല മക്കളെ! ആരാധകരോട് അജു വര്‍ഗീസ്, കാരണം ഇതാണ്

    5

    കോമഡിയേനായി തുടങ്ങി ശക്തമായ ക്യാരക്റ്റർ റോളിലേക്കുള്ള സൂരാജ് വെഞ്ഞാറമൂട് എന്ന നടന്റെ നടത്തത്തിന്റെ മറ്റൊരു പരിപൂർണതയാണ് ഒരിക്കൽ കൂടി നമ്മൾ ഈ ചലച്ചിത്രത്തിൽ ദർശിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയിൽ കെ ടി സി അബ്ദുല്ലക്ക ചെയ്ത രണ്ടാം ബാപ്പയുടെ അഭിനയം കണ്ട് സൂരാജ് എഫ് ബി യിൽ കുറിച്ചതിങ്ങനെയായിരുന്നു: എവിടെയായിരുന്നു ഇക്കാ... ഇത്ര കാലം നിങ്ങളിതൊളിപ്പിച്ചു വെച്ചത്.

    ഈ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകനും ഇതാണ് സൂരാജിനോട് ചോദിക്കാനുള്ളത്. എവിടെയായിരുന്നു ഇത്രയും കാലം. നിങ്ങളിലെ ഇതു പോലത്തെ അഭിനയ മുഹൂർത്തങ്ങളെ ഒളിപ്പിച്ചു വെച്ചതെന്നതാണ്.. അത്രക്കും കൈയടക്കത്തോടെയാണ് ഈ നടൻ മധ്യവയസ്ക്കനായ വർഗീസ് മാഷെ അവതരിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നത്.

    അനുഷ്‌കയ്ക്ക് തടി കൂടിയാല്‍ നിങ്ങള്‍ക്കെന്താണ്? ചൊറിയാന്‍ വന്നവരോട് ആരാധകര്‍അനുഷ്‌കയ്ക്ക് തടി കൂടിയാല്‍ നിങ്ങള്‍ക്കെന്താണ്? ചൊറിയാന്‍ വന്നവരോട് ആരാധകര്‍

    6

    ഇതു പോലെ തന്നെയാണ് മണിയൻ പിള്ള രാജുവിന്റെ മകൻ കൂടിയായ നിരഞ്ജൻ അവതരിപ്പിച്ച മാനുവൽ എന്ന കഥാപാത്രവും. പ്രതീക്ഷയുള്ള ഒരു നടനെയാണ് ഈ ചെറുപ്പക്കാരനിലൂടെ വരും കാല സിനിമാലോകത്തിന്ന് കിട്ടാനിരിക്കുന്നതെന്ന് ഈ സിനിമയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ക്യാമറമാന്റെ പ്രമേയത്തിലൂന്നിയുള്ള പരീക്ഷണങ്ങൾ പലപ്പോഴും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് നല്കുന്നത്. അതുപോലെ ചില പാട്ടുകൾ പ്രമേയത്തിന്റെ ഒരു ഗ്രാമീണ പശ്ചാത്തല മുഡീൽ നിന്ന് വ്യത്യസ്തമായി തോന്നാമെങ്കിലും ഈ സൗഹൃദം തന്നല്ലോ ഒരു വിസ്മയമായി നോക്കി നിന്നു അവ എന്നുള്ളിൽ നിന്നൂ.. എന്ന വരികളും സംഗീതവുമെല്ലാം ഏറെ വ്യത്യസ്തമായിട്ടുണ്ടെന്നതിൽ സംശയമില്ല.

    രജിഷ വിജയന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനങ്ങളാല്‍ മികച്ച ചലച്ചിത്രാനുഭവമാണ് ഫൈനല്‍സ് സമ്മാനിക്കുന്നത്.

    Read more about: review
    English summary
    Finals movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X