»   » നിരൂപണം:ഈ ജിലേബി മധുരിക്കും, പക്ഷേ..

നിരൂപണം:ഈ ജിലേബി മധുരിക്കും, പക്ഷേ..

Posted By: AkhilaKS
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ' ജിലേബി' പെട്ടന്ന് എല്ലാവര്‍ക്കും ഒരുപോലെ മധുരിക്കണമെന്നില്ല. അതിന് ചെറിയ പൊടി കൈകളും ആവശ്യമാണ്. ഈ ജിലേബിയ്ക്ക് മുന്നിലെത്തുമ്പോള്‍ താനൊരു കുട്ടിയാണെന്ന് ചിന്തിക്കുകയാണെങ്കില്‍, ഒരു പക്ഷേ ഈ ജിലേബി തരക്കേടില്ലാതെ കഴിക്കാം.

കുട്ടികള്‍ക്ക് വേണ്ടി കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ജിലേബി. എന്നാല്‍ ജിലേബി പറയുന്ന കഥയെന്താണെന്ന് ചോദിച്ചാല്‍, അതിന് ഒരു വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്താണെങ്കിലും ചിത്രത്തിലെ ചില തമാശകള്‍ ബോറടിയില്ലാതെ രണ്ടര മണിക്കൂര്‍ എത്തിക്കും.

ചിത്രത്തിന്റെ തുടക്കത്തില്‍ മനസ്സിനെ തണുപ്പിക്കുന്ന ചില സീനുകള്‍ സ്‌ക്രീനില്‍ നിറയുന്നുണ്ട്. ഒരു ഗ്രാമവും അതിന്റെ ഭംഗിയെ തൊട്ടുണര്‍ത്തുന്ന ഓരോ സീനുകളും വളരെ ഭംഗിയായി ചിത്രികരിക്കാന്‍ സാധിച്ചിട്ടുണ്ട്.

jilebi-movie-review

സിനിമയുടെ ആദ്യ പകുതി കഴിഞ്ഞാല്‍ ചിത്രത്തിന്റെ ചില രംഗങ്ങള്‍ ഇഴയുന്നതായും അതോടൊപ്പം ചിത്രത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ ഒരുപാട് വലിച്ച് നീട്ടുകെയും ചെയ്തതായി തോന്നും.

എന്നാല്‍ കാസ്റ്റിങിന്റെ കാര്യത്തില്‍ ചിത്രം ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്ന് വേണം പറയാന്‍. നിഷ്‌ക്കളങ്കനായ നായകന്റെ വേഷം അവതരിപ്പിച്ച ജയസൂര്യയുടെ അഭിനയം മികച്ചത് തന്നെയായിരുന്നു. ചിത്രത്തിലെ ജയസൂര്യ കഥാപാത്രത്തിന്റെ തമാശകളും തൃശ്ശൂരിന്റെ ഭാഷാ ശൈലിയും ഒരു പക്ഷേ ചിത്രത്തെ ആവറേജ് പടമെന്ന തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. കൂടാതെ കുട്ടികളായി അഭിനയിച്ച മാസ്റ്റര്‍ ഗൗരവും സയൂരിയും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. അതോടൊപ്പം നായിക വേഷത്തില്‍ എത്തിയ രമ്യാ നമ്പീശന്‍, വിജയ രാഘവന്‍, ശാരി,ധര്‍മ്മജന്‍,ശശി കലിംഗ തുടങ്ങിയവരും മികച്ച പ്രകടനം തന്നെയായിരുന്നു.

jilebi

നവാഗതനായ സംവിധായകന്‍ അരുണ്‍ ശേഖരന്റെ അരങ്ങേറ്റം അത്ര മോശമായിരുന്നില്ല. ഛായാഗ്രാഹകനായ ആല്‍ബിന്‍ ആന്റണിയുടെയും പ്രകടനം വിലയിരുത്തേണ്ടത് തന്നെയാണ്. നാഷ്ണല്‍ അവാര്‍ഡ് ജേതാവായ ബിജിപാലിന്റെ സംഗീതവും ചിത്രത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ്.

കുട്ടികള്‍ക്കൊപ്പം കുട്ടികളുടെ മനസോടെ കാണുമ്പോള്‍ ഈ ജിലേബി മധുരിക്കുമെന്നതില്‍ സംശയമില്ല. ചില തെറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ നവാഗത സംവിധായകന്‍ അരുണ്‍ ശേഖറിന്റെ ജിലേബി മികച്ചത് തന്നെയാണ്.

English summary
Jilebi malayalam Movie Review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam