For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്റെ കഷ്ടപ്പാടുകൾ..പ്രേക്ഷകരുടെ ഗതികേടുകൾ.. (നീരാവിയാകുമോ എന്തോ!) ശൈലന്റെ റിവ്യൂ..

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  3.0/5
  Star Cast: Mohanlal, Nadhiya, Parvati Nair
  Director: Ajoy Varma

  മോഹന്‍ലാലിന്റെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. ത്രില്ലര്‍ ഡ്രാമയായി നിര്‍മ്മിച്ച ചിത്രത്തിന് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷ്ം മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തുവും ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, നാസര്‍, സായി കുമാര്‍, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ബാംഗളൂരിൽ നിന്ന കോഴിക്കോട്ടേക്കുള്ള യാത്രാമധ്യെ കാട്ടിൽ വച്ച് ആക്സിഡന്റിൽ പെട്ട് താഴേയ്ക്ക് കൂപ്പുകുത്തുന്ന ഒരു വണ്ടി.. അഗാധമായ കൊക്കയ്ക്കും ജീവനുമിടയിലുള്ള നൂലിറമ്പിൽ അത് തങ്ങി നിൽക്കുന്നു.. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് വണ്ടിയ്ക്കുള്ളിലെ രണ്ട് യാത്രികരുടെ രണ്ടുമണിക്കൂർ ത്രിശങ്കുവിലുള്ള പരവേശ വെപ്രാളം. അതാണ് അജോയ് വർമ്മ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്ന മോഹൻലാൽ ചിത്രമായ 'നീരാളി.. ഒരു കാട്ടിനുള്ളിൽ താരപരിവേഷത്തിന്റെ അൾട്ടിമേറ്റായ പുലിമുരുകൻ കളിച്ച ശേഷം മറ്റൊരുകാട്ടിൽ സൂപ്പർ താരത്തിന്റെ എല്ലാവിധ പരിവേഷച്ചാർത്തുകളും അഴിച്ചുവെച്ച് ലാലേട്ടൻ നിസ്സഹായതയുടെ പരകോടിയിൽ അകപ്പെട്ടുകിടക്കുന്നു എന്നതാണ് നീരാളിയുടെ സവിശേഷത.

  എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രദർശനത്തിനെത്തിയ മോഹൻലാൽ സിനിമ കാണാനുള്ള ആവേശത്തോടെ വന്ന ആരാധകരെ അധികം ഡെക്കറേഷനും ബിൽഡപ്പുമൊന്നും കൂടാതെ ടൈറ്റിലിലെ നീരാളിപ്പിടിത്തം സോംഗ് കഴിഞ്ഞ് നേരിട്ട് അപകടത്തിലേക്കും കൊക്കയിലേക്കും വലിച്ചെറിയുകയാണ് അജോയ് വർമ്മ. അതിനാൽ തന്നെ തുടക്കത്തിൽ പടം വല്ലാതെ പ്രതീക്ഷ സമ്മാനിച്ചു. തുടർന്ന് അപകടത്തിൽ പെട്ട ലാലേട്ടൻ എന്ന സണ്ണി ജോർജിന്റെയും ഡ്രൈവറാായ വീരപ്പന്റെയും (സുരാജ്) ഓർമ്മ ശകലങ്ങളിലൂടെയും തൂങ്ങിക്കിടക്കുന്ന വണ്ടിക്കുള്ളിലെ നിസ്സഹായതയിലൂടെയും നീരാളി മുന്നോട്ടു പോവുന്നു.. ഏതാണ്ടൊക്കെ വല്യ വല്യ സംഗതികൾ നടക്കുമെന്നൊരു പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് ആ പോക്ക് എന്നും എടുത്ത് പറയണം..

  ബാംഗളൂർ ഒരു സ്വകാര്യ സ്ഥാപനത്തിൽ തെറ്റില്ലാത്ത ജോലിക്കാരനാണ് സണ്ണി. ഡയമണ്ട്സും മറ്റും കൈകാര്യം ചെയ്യുന്ന സ്ഥാപനമാണെന്നാണ് സൂചന. നാട്ടിൽ ഭാര്യ മോളിക്കുട്ടിക്ക് പ്രസവവേദന തുടങ്ങിയതിനെ തുടർന്നാണ് സണ്ണി കോഴിക്കോട്ടേക്ക് പോരുന്നത്. വീരപ്പനാണെങ്കിൽ കമ്പനി വക അഞ്ചുകോടിയുടെ ഡയമണ്ട്സും കൊണ്ടാണ് വണ്ടിയെടുത്തിരിക്കുന്നത്.. കൊക്കയിലേക്ക് തള്ളിമറിച്ച് നശിപ്പിക്കാനുള്ളതായതുകൊണ്ട് ബഡ്ജറ്റ് കുറക്കാൻ വേണ്ടിയാവണം വണ്ടിയെന്ന് ഏകദേശം പറഞ്ഞൊപ്പിക്കാവുന്ന ഒരു തട്ടിക്കൂട്ട് ഗുഡ്സ് ക്യാരിയറിൽ ആണ് രണ്ടുപേരുടെയും ദീർഘദൂരയാത്ര.

  വീരു എന്ന വീരപ്പനും അയാളുടേതായ കഥകൾ ഉണ്ട്. അയാളോട് പിണങ്ങി മിണ്ടാതിരിക്കുന്ന അമ്മയില്ലാത്ത കൗമാരക്കാരി മകളെ അനുനയിക്കൽ, അവളുടെ പിറന്നാളോഘോഷിക്കൽ, വട്ടിപ്പലിശക്കാരന്റെ ജപ്തി ഭീഷണിയിൽ നിന്നും വീടിനെ മോചിപ്പിച്ചെടുക്കൽ എന്നിവയൊക്കെ കൂടി അയാളുടെ യാത്രയുടെ ലക്ഷ്യങ്ങളാണ്.. ഡയമണ്ട്സുമായി ചുറ്റിപ്പറ്റിയുള്ള ചില നിഗൂഢതകളും അവർക്കൊപ്പം യാത്രയിലുണ്ട്. അങ്ങനെയിരിക്കെയാണ് കർണാടക ബോർഡർ കഴിഞ്ഞ് ബോർഡർ കഴിഞ്ഞ് കേരളത്തിലേക്ക് കടന്നപാട് വാഹനം അഗാധതയിലേക്ക് കൂപ്പുകുത്തുന്നത്

  മൊത്തത്തിലുള്ള നിസ്സഹായത ആണ് പടത്തിന്റെ ആദിമധ്യാന്തമുള്ള ടോൺ. ഗംഭീര സിനിമയാകുമെന്ന് തോന്നൽ സൃഷ്ടിച്ചു കൊണ്ട് തുടങ്ങി മുന്നോട്ടു പോകെ പോകെ ആ പ്രതീക്ഷ ഇറങ്ങിയിറങ്ങി വന്ന് പെട്ടന്നങ്ങോട്ട് അവസാനിച്ചു. ഇതാണ് സാജു തോമസ് എഴുതിയിരിക്കുന്ന തിരക്കഥയുടെ പ്രധാന പരാധീനത. മോളിക്കുട്ടിയുടെ പ്രസവ വാർഡും സണ്ണിച്ചായന്റെ മരണവെപ്രാളവും ഒരു ഘട്ടം കഴിയുമ്പോൾ പിന്നെ "അവിടെ താലികെട്ടൽ ഇവിടെ പാലുകാച്ചൽ" ഫീലിംഗാണ് വരുത്തിവെക്കുന്നത്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് കൊല്ലത്തെ വന്ധ്യതാ ചികിൽസയ്ക്ക് ശേഷം മുപ്പത്തഞ്ചാം വയസിൽ ഇരട്ടക്കുട്ടികളെ ഗർഭിണിയായ ഭാര്യയുള്ളപ്പോഴും പതിവുപോലെ ഓഫീസിൽ ലാലേട്ടനിൽ ആക്രാന്തം പിടിച്ച് ഒഴിയാബാധപോലെ പിടികൂടിയിരിക്കുന്ന കാമുകി ഉണ്ട് എന്നതൊക്കെയാണ് പിന്നെയൊരു ആശ്വാസം. മംഗോളിയയിൽ അവളുമായി ട്രിപ്പൊക്കെ അടിക്കാൻ മാത്രം ഒഫീഷ്യൽ സ്റ്റാറ്റസുണ്ടായിട്ടും പോസ്റ്റ് പെയിഡ് അക്കൗണ്ടുള്ള ഒരു മൊബൈൽഫോൺ കമ്പനി വകയായോ സ്വന്തം നിലയിലോ കയ്യിൽ സൂക്ഷിക്കാനായില്ല എന്നതൊക്കെ നിർഭാഗ്യകരവുമാണ്. മനുഷ്യർ ഒരിക്കലും ഇത്രയ്ക്ക് ലളിത ജീവിതരാകാൻ പാടില്ലാത്തതാണ്..

  അജോയ് വർമ്മ ബോളിവുഡ് സിനിമയൊക്കെ സംവിധാനം ചെയ്ത ആളാണെന്നാണ് വെപ്പ്. പക്ഷെ, നീരാളിയിലെ സി.ജി വർക്കൊക്കെ കൊച്ചു ടിവിയിലെ ആനിമേഷൻ വർക്കുകളുമായി കൊമ്പുകോർക്കുന്ന ഐറ്റങ്ങളാണ്. വണ്ടി തങ്ങി നിൽക്കുന്ന മരവും അതിന്റെ ചില്ലകളും അടുത്തുള്ള വെള്ളച്ചാട്ടവും ആഗാധതയിൽ കാണുന്ന താഴ് വാരയും ഇടയ്ക്കൊന്നു കാണുന്ന പള്ളിയും മറ്റുമൊക്കെ ചെയ്തു വച്ചിരിക്കുന്നതു കണ്ടാൽ ചിരിക്കാൻ മാത്രേ തോന്നുകയുള്ളൂ.. (വണ്ടിയുടെ കാര്യമാണെങ്കിൽ ആദ്യമേ പറഞ്ഞല്ലോ) സാങ്കേതികതയുടെ കാര്യത്തിൽ ഈയടുത്തു കാലത്തു കണ്ട ഏറ്റവും വലിയ ദുരന്തമാണ് സിനിമ. അപകടത്തിന്റെയും നിസ്സഹായതയുടെയും ഗൗരവം കാണികളിലെത്തുമ്പോൾ കുറഞ്ഞുപോകാൻ ഇത് നല്ലൊരു കാരണമാവുന്നു.

  ലാലേട്ടനെ സണ്ണി ജോർജ് എന്ന വെറും നിസ്സഹായ മനുഷ്യനായി സ്ക്രീനിൽ അവസാനം വരെ കാണപ്പെടുന്നു എന്നതാണ് പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാദാ സിനിമകളിലാണെങ്കിൽ ഒരു ശ്വാസം വിടും മുൻപ് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ കരകേറിപ്പോരാൻ കഴിയുന്ന ഒരു ചീളുകേസിൽ പെട്ട് ഉടനീളം ഉഴറുന്നതും കടുവയെ വേട്ടയാടിപ്പിടിച്ച് വെല്ലുവിളിക്കുന്ന അണ്ണൻ പാമ്പിനെക്കണ്ട് ഫോൺ പോലും അറ്റന്റ് ചെയ്യാനാവാതെ പേടിച്ചിറുകിയിരിക്കുന്നതും ഒക്കെ ഒരു വറൈറ്റി തന്നെയാണ്. ക്യാരക്റ്റർ എന്ന നിലയിൽ ലാലേട്ടന് മലമറിക്കാനൊന്നുമില്ലെങ്കിലും ലുക്കിൽ നന്നായി സ്ലിമ്മായി വെറൈറ്റിയായിട്ടുണ്ട്. സംഭാഷണങ്ങളിലും സീനുകളിലുമൊക്കെ പഴയ സിനിമകളിൽ നിന്നുള്ള റെഫറൻസ് കൊടുത്തിരിക്കുന്നത് ആരാധകരെ നനായി സുഖിപ്പിക്കുന്നുണ്ട്.. 35കൊല്ലത്തിന് ശേഷം ലാലേട്ടന്റെ നായികയാവുന്ന നാദിയ മോളിക്കുട്ടിയായി നന്നായിത്തനെ വെറുപ്പിക്കുന്നു. 52കാരിയായ അവരെ 35കാരിയാക്കാൻ ശ്രമിക്കുന്നത് മറ്റൊരു പരാജയം..

  സുരാജിനാണ് ഒരു പിടി വൈകാരികത കൂടുതൽ കൊടുത്തിരിക്കുന്നത്. പടത്തിനൊടുവിൽ എന്തെങ്കിലും ഫീൽ തരുന്നതും സുരാജിന്റെ വീരപ്പൻ തന്നെ. ദിലീഷ് പോത്തൻ , നാസർ, പാർവ്വതി നായർ, ബിനീഷ് കോടിയേരി എന്നിവരുമുണ്ട്..

  സന്തോഷ് തുണ്ടിയിൽ ആണ് സിനിമാറ്റോഗ്രഫി. പുള്ളിയുടെ മുൻ സിനിമകൾ കാണുമ്പോൾ നീരാളിയുടെ വർക്ക് എടുത്തുപറയാനൊന്നുമില്ല. സ്റ്റീഫൻ ദേവസിയുടെ പാട്ടുകൾ അങ്ങിങ്ങായി തിരുകിക്കേറ്റിയ നിലയിലാണെങ്കിലും കേൾവിക്ക് സുഖമുണ്ട്. പി.ടി ബിനു എഴുതിയ "അഴകേ അഴകേ" ലാലേട്ടൻ പാടിയതിനാൽ ഇതിനകം ഹിറ്റായിക്കഴിഞ്ഞതാണ്.

  എട്ടുമണിയുടെ ഫാൻസ് ഷോയ്ക്ക് നിറഞ്ഞ ആരവത്തോടെ ആയിരുന്നു കേറിയത്.. ഇറങ്ങുമ്പോൾ കേറിയ ആരവമൊന്നും കണ്ടതുമില്ല. നീരാളിയുടെ തലവിധി കണ്ടു തന്നെ അറിയാം..

  English summary
  Mohanlal Starrer Neerali movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X