twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരിയല്ല രജനിയുടെ “കാല” കനൽ തന്നെ ! മൂവി റിവ്യൂ

    |

    വൻ ഹൈപ്പുമായി തീയറ്ററിലെത്തി സമ്മിശ്രണ പ്രതികരണം നേടിയ കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പാ രഞ്ജിത്തും സൂപ്പർസ്റ്റാർ രജനികാന്തും ഒന്നിച്ച ചിത്രമാണ് കാല. ചിത്രം നിർമ്മിച്ചിരിക്കുന്നത് നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷാന്നെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം.

    വാണിജ്യപരമായി വിജയിച്ചെങ്കിലും എല്ലാ പ്രേക്ഷകരേയും ഒരു പോലെ തൃപ്തിപ്പെടുത്തുവാൻ കബാലിക്ക് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചതിന് ശേഷമെത്തുന്ന രജനി ചിത്രമായതിനാൽ എല്ലാവരും ഉറ്റുനോക്കിയിരുന്ന സിനിമയാണ് 'കാല’. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ സാധാരണയുള്ള രജനി ചിത്രങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. താരത്തിന്റെ രാഷ്ട്രീയ രംഗപ്രവേശവും, അടുത്തിടെ വിവാദമായ പ്രസ്താവനകളുമൊക്കെ ഒരു പരിധിവരെ അതിനുള്ള കാരണമായെന്ന് വേണം കരുതാൻ.

    പക്ഷെ ചിത്രത്തിന്റെ കാര്യമെന്തെന്നാൽ, ഇത് വെറും തട്ടുപൊളിപ്പൻ മസാല പടമല്ല എന്ന് തന്നെ ആദ്യം പറയാം. സൂപ്പർസ്റ്റാർ ആരാധകരല്ലാത്തവർക്കും ഇഷ്ടപ്പെടുന്ന നല്ല ചിത്രമാണിത്.


    താരത്തിന് ചേരുന്ന കഥാപാത്രം:

    താരത്തിന് ചേരുന്ന കഥാപാത്രം:

    രജനിയുടെ സ്റ്റാർഡത്തിന് ഒരു കോട്ടവും തട്ടാത്ത വിധം മാസ്സായും ഒപ്പം അദ്ദേഹത്തിന്റെ പ്രായത്തിന് യോജിക്കുന്ന തരത്തിൽ തികച്ചും ക്ലാസ്സായുമുള്ള കഥാപാത്രമാണ് ‘കാല'യിലെ കാലയെന്നും, കാലാസേട്ടെന്നും വിളിക്കപ്പെടുന്ന കരികാലൻ.

    കഥയിൽ ഇല്ലാത്ത പുതുമ മേക്കിംഗിൽ:

    കഥയിൽ ഇല്ലാത്ത പുതുമ മേക്കിംഗിൽ:

    ഒരു കൂട്ടത്തിന് അല്ലെങ്കിൽ നാടിനുതന്നെ തുണയായി ഒപ്പം നിൽക്കുന്ന ഗ്യാങ്സ്റ്റേഴ്സിന്റെ കഥകൾ ഒരുപാട് കണ്ടിട്ടുള്ളതാണ് നമ്മൾ. ഏറിയ പങ്ക് രജനി ചിത്രങ്ങളും സമാനമായ വിഷയത്തെ ആധാരമാക്കി നിർമ്മിച്ചയാണ് ,എന്തിനേറെ പറയുന്നു രജനികാന്തിന്റെ മുൻചിത്രം കബാലിയും ഇതേ ഇതിവൃത്തത്തിലുള്ളതായിരുന്നു.

    കബാലിയെ ക്ലാസ്സാക്കാൻ നായകന്റെ കുടുംബവുമായുള്ള അറ്റാച്ച്മെന്റും, സെന്റിമെൻസും സംവിധായകൻ ഉപയോഗിച്ചിരുന്നു. ശ്രദ്ധിക്കപ്പെട്ട ആ പരീക്ഷണം അതിലും മികച്ച രീതിയിൽ ‘കാല'യിലും പ്രയോഗിച്ചിട്ടുണ്ട്.

    ഹീറോയിസം മാത്രമല്ല കാണാനാകുന്നത്:

    ഹീറോയിസം മാത്രമല്ല കാണാനാകുന്നത്:

    മാസ്സ് ലുക്കും, ഉഗ്രൻ പഞ്ച് ഡയലോഗുകളും, ആക്ഷനുമൊക്കെയടങ്ങുന്ന ഒരു ഫുൾ പവർപായ്ക്ക് രജനി ചിത്രമാണ് കാല. എന്നാൽ സൂപ്പർസ്റ്റാർ രജനിയെ വീണ്ടും സൂപ്പർ ശക്തികൾ നൽകി ഇതിഹാസ കഥയായി മാറുന്ന ചിത്രവുമല്ല കാല. ഒരു സാധാരണ മനുഷ്യന് കഴിയുന്നതിലധികമായി ഒന്നും ചെയ്യാൻ കഴിയാത്ത, അനേകം മല്ലൻമ്മാരെ ഒറ്റക്ക് നേരിട്ട് ഇടിച്ച് പറത്താനാകാത്ത, അതിശയിപ്പിക്കുന്ന ബുദ്ധി സാമർത്യമൊന്നുമില്ലാത്ത കഥാപാത്രമായാണ് രജനികാന്തിനെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

    അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത കരികാലൻ എന്ന കഥാപാത്രം പ്രേക്ഷകരുമായി വളരെ കണക്റ്റടാകുന്നുണ്ട്‌.

    ചിത്രത്തിൽ നമ്മൾ കാണുന്നത് രണ്ട് വിധത്തിലുള്ള കരികാലനെയാണ്.ജീവിക്കുന്ന മണ്ണിന് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങുമ്പോഴും, വെല്ലുവിളിയുയർത്തി എതിരെ വരുന്നവരുടെ മുന്നിലും നമ്മൾ കാണുന്ന തീക്കനലിന്റെ ചൂടുള്ള കരികാലനാണ് ഒന്ന്.

    മറ്റെത് വളരെ പവർഫുള്ളായ ഗ്യാംങ്സ്റ്ററായിരുന്നിട്ടും ഒരു സാധാരണക്കാരനെപ്പോലെ സിംപിളായി ജീവിക്കുന്ന, ബന്ധങ്ങളുടെ വിലയറിയുന്ന, നല്ലൊരു കുടുംബസ്ഥനാണ്.

    തമിഴ്നാട്ടിൽ നിന്നും കുടിയേറിയവരുടെ കഥ:

    തമിഴ്നാട്ടിൽ നിന്നും കുടിയേറിയവരുടെ കഥ:

    തമിഴ്നാട്ടിൽ നിന്നുമെത്തി വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവർ താമസിക്കുന്ന വൃത്തിഹീനമായ, അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത മുംബൈയിലെ ധാരാവിയെ ചുറ്റിപ്പറ്റിയാണ് കാലയുടെ കഥ സഞ്ചരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആ സ്ഥലം കൈക്കലാക്കാൻ പഴയ ഗ്യാങ്സ്റ്ററായ രാഷ്ട്രീയ നേതാവ് ഹരിദാദ എന്ന ഹരിദേവ് അഭയങ്കാർ ( നാനാ പടേക്കർ) ശ്രമിക്കുന്നു. പണ്ടും അതിനായി നിരവധി അക്രമണങ്ങൾ അയാൾ ധാരാവിയിൽ നടത്തിയതായും ചിത്രത്തിൽ പറയുന്നുണ്ട്.

    പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ തകർത്ത് ധാരാവിയെ സംരക്ഷിക്കുന്നയാളാണ് കാല എന്ന കരികാലൻ(രജനി ).

    ഭാര്യയും നാല് മക്കളും, മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബമാണ് കരികാലന്റെത്. കരികാലന്റെ കുടുംബ ജീവിതവും, വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുന്ന പഴയ പ്രണയിനിയെക്കുറിച്ചുള്ള മായാത്ത ഓർമ്മകളും, ചവിട്ടി നിൽക്കുന്ന മണ്ണ് വിട്ട് നൽകാൻ തയ്യാറാകാതെ അത് സംരക്ഷിക്കാനുള്ള പോരാട്ടവുമൊക്കെയാണ് സിനിമയിൽ കാണുന്നത്.എതിരാളിയുടെ കുതന്ത്രങ്ങളും പ്രഹരങ്ങളും നേരിടാൻ എങ്ങനെയാണ് കാലക്ക് കഴിയുന്നതെന്ന് ചിത്രം കണ്ട് തന്നെ മനസ്സിലാക്കുന്നതാണ് ഉത്തമം.

    കാലയും ഭാര്യയും:

    കാലയും ഭാര്യയും:

    സെൽവി എന്ന കാലയുടെ ഭാര്യയായി അഭിനയിച്ചിരിക്കുന്നത് ഈശ്വരി റാവു എന്ന നടിയാണ്‌. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അപാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. രണ്ട് കഥാപാത്രങ്ങളുടേയും പരസ്പര സ്നേഹവും, വിശ്വാസവും ബോധ്യപ്പെടുത്തുന്ന കുറെ രംഗങ്ങൾ സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയതിനാൽ ഇവരുടെ കെമിസ്ട്രി സിനിമയുടെ വലിയൊരു പ്ലസ് പോയിന്റായി അനുഭവപ്പെടും.

    കാലയും മക്കളും :

    കാലയും മക്കളും :

    അച്ഛന് വേണ്ടി ജീവൻ കളയാൻ തയ്യാറായി നടക്കുന്ന മകൻ സെൽവത്തിനേയും, അച്ഛന്റെ റൗഡിത്തരത്തോട് യോജിക്കാനാകാത്ത - എന്നാൽ അച്ഛനെപ്പോലെ മണ്ണിനെയും പാവപ്പെട്ടവരേയും സ്നേഹിക്കുന്ന ഇളയ മകൻ ലെനിനെയുമാണ്. കരികാലന്റെ മക്കളിൽ സംവിധായകൻ മുഖ്യമായി പരിചയപ്പെടുത്തുന്നത്‌.

    കാലയും മുൻ പ്രണയിനി സെറീനയും:

    കാലയും മുൻ പ്രണയിനി സെറീനയും:

    കാലയുടെ ഭാര്യയേക്കാൾ പ്രാധാന്യം സിനിമയിൽ ഹുമ ഖുറേഷി അവതരിപ്പിച്ച സെറീന എന്ന കഥാപാത്രത്തിന് നൽകിയിട്ടുണ്ട്. ഇവരുടെ കൂടിക്കാഴ്ച്ചയും പിരിയാനിടയായ സാഹചര്യവുമൊക്കെ ആനിമേഷൻ രൂപേണ കാണിക്കുന്നുമുണ്ട്. സിനിമയിൽ പറയുന്നതുപോലെ സെറീനയുടെ (ഹുമ ഖുറേഷിയുടെ) സൗന്ദര്യം പ്രേക്ഷകരേയും ആകർഷിക്കുന്നതാണ്.

    കാലയുടെ സുഹൃത്തും, എതിരാളിയും:

    കാലയുടെ സുഹൃത്തും, എതിരാളിയും:

    നായകന്റെ ഇടിയും തൊഴിയും വാങ്ങിക്കുന്ന സ്ഥിരം വില്ലനല്ല നാന പടേക്കർ അവതരിപ്പിച്ചിരിക്കുന്ന ഹരി ദാദ. ഒരു മുഴുനീള രജനി ചിത്രത്തിൽ ചുരുക്കം രംഗങ്ങളിലൂടെ നായകന് മത്സരിക്കാൻ പാകത്തിനുള്ള വില്ലനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

    കാലയുടെ സുഹൃത്തും സന്തത സഹചാരിയുമായ വള്ളിയപ്പനായി സമുതിരകനിയും സിനിമയിൽ തന്റെ കൈയ്യൊപ്പ് ചാർത്തിയിരിക്കുന്നു.

    ചെറുതും വലുതുമായ ഇത്തരം കഥാപാത്രങ്ങളെല്ലാം ഒന്നുചേർന്നാണ് കാല എന്ന ചിത്രമായി നമ്മളെ വിസ്മയിപ്പിക്കുന്നത്.

    കാലയുടെ സ്വന്തം സംവിധായകൻ:

    കാലയുടെ സ്വന്തം സംവിധായകൻ:

    രജനികാന്തിനും, ധനുഷിനുമൊപ്പം പ്രേക്ഷകരും തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ പാ രഞ്ജിത്ത് എന്ന സംവിധായകന് കഴിഞ്ഞു എന്ന് നിസംശയം പറയാം. തന്റെ കഥാപാത്രങ്ങളെ രാമ- രാവണനുമായും അവരുടെ യുദ്ധവുമായും സാമ്യപ്പെടുത്തിയതും സംവിധായകന്റെ മിടുക്ക് തന്നെയാണ്.

    എല്ലാറ്റിലുമുപരി രജനി എന്ന സൂപ്പർസ്റ്റാറിനേയും, നടനേയും, വ്യക്തിയേയും ഒരു പോലെ സ്ക്രീനിൽ കാട്ടാൻ കഴിഞ്ഞു എന്നതു തന്നെയാണ് സംവിധായകന്റെ വിജയം, അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും.

    റേറ്റിംഗ് - 7.8/10

    റേറ്റിംഗ് - 7.8/10

    കണ്ട്പഴകിയ കഥയായിരുന്നതിനാൽ മുഷിച്ചിലുണ്ടാകാൻ വളരെയധികം സാധ്യതയുണ്ടായിരുന്ന ചിത്രം ഒരിടത്തും ബോറടിക്കാതെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ മേന്മ തന്നെയാണ്.

    ഒരു രജനികാന്ത് ചിത്രമായി മാത്രം നിരീക്ഷിച്ചാലും കാല ശരാശരിക്കും വളരെ മുകളിലാണ്. ഈ പ്രായത്തിൽ പഴയ സ്റ്റാർഡത്തോട് കൂടി ഇത്തരമൊരു പ്രകടനം അസാധ്യമെന്നല്ലാതെ എന്ത് പറയാൻ.

    കാല നിങ്ങളുദ്ദേശിക്കുന്ന വെറുമൊരു ഗ്യാങ്സ്റ്റർ ചിത്രമല്ല, നിരവധി അഭിനയ മുഹൂർത്തങ്ങളടങ്ങിയ സംവിധായകന്റെ കൈയ്യടക്കമുള്ള ഒരുഗ്രൻ സിനിമയാണിത്.

    അമിത പ്രതീക്ഷകളൊന്നുമില്ലാതെ ചിത്രം കാണാൻ ശ്രമിച്ചാൽ നിങ്ങളെ നിരാശരാക്കില്ല സിനിമയെന്ന് പ്രതീക്ഷിക്കുന്നു.


    English summary
    movie review of rajinikanth's movie kaala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X