»   » സഖാവ് ഞെരിപ്പനാണ്.. (ആക്റ്റിംഗില്‍ അല്ല പ്ലാനിംഗില്‍ ആണ് കാര്യം!!!) ശൈലന്റെ സഖാവ് നിരൂപണം!!

സഖാവ് ഞെരിപ്പനാണ്.. (ആക്റ്റിംഗില്‍ അല്ല പ്ലാനിംഗില്‍ ആണ് കാര്യം!!!) ശൈലന്റെ സഖാവ് നിരൂപണം!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

മിനിമം ഗാരണ്ടി സംവിധായകനായ സിദ്ധാര്‍ത്ഥ് ശിവയ്‌ക്കൊപ്പം നിവിന്‍ പോളി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സഖാവ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററിലെത്തുന്ന നിവിന്‍ ചിത്രമായ സഖാവിനെ ചൊല്ലി വലിയ പ്രതീക്ഷകളാണ് എങ്ങും. നിവിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന പ്രത്യേകതയും സഖാവിനുണ്ട്. ശൈലന്‍ എഴുതുന്ന ലൈവ് നിരൂപണം വായിക്കാം.

Read Also: കാറുകളുടെ വെടിക്കെട്ട്, ചടുലതയുടെ പൊടിപൂരം: ശൈലൻറെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8 നിരൂപണം.. ഡോണ്ട് മിസ്!!

നിവിന്റെ സെലക്ഷന്‍

സിനിമകളും റോളുകളും തെരഞ്ഞെടുക്കുന്നതിലെ ജാഗ്രതയുടെയും കണിശതയുടെയും കാര്യത്തില്‍ മലയാളത്തില്‍ ഇതുവരെയുള്ള ഏത് താരത്തിന്റെയും മുകളിലാണ് നിവിന്‍ പോളിയുടെ സ്ഥാനം. വലിച്ചുവാരി സിനിമ ചെയ്യാവുന്ന പ്രായവും ഡിമാന്റുമായിട്ടും സൂക്ഷിച്ചും കണ്ടും സെലെക്റ്റ് ചെയ്ത് എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ ചെയ്യുന്നതുകൊണ്ടാണ് കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി നിവിന്റെതായി വരുന്ന സിനിമകളെല്ലാം മലയാളം ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായി മാറിയത്.

എന്താണ് സഖാവിന്റെ കൗതുകം

2016 ഏപ്രിലില്‍ ഇറങ്ങിയ 'ജേക്കബിന്റെ സ്വര്‍ഗരാജ്യ'ത്തിന് ശേഷം ഒരു കൊല്ലത്തെ ഇടവേളയെടുത്ത് റിലീസാവുന്ന നിവിന്‍ പോളി ഫിലിം എന്നത് തന്നെയാണ് സഖാവിന്റെ പ്രസക്തി. തന്റെ സിനിമകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായൊരു സ്‌കൂളില്‍ പെട്ട സിദ്ധാര്‍ത്ഥിന് നിവിന്‍ എങ്ങനെ ഡേറ്റ് നല്‍കി എന്നറിയാനുള്ള കൗതുകമാവും സഖാവിന് കേറുമ്പോള്‍ ആര്‍ക്കുമുണ്ടാവുക.

സിദ്ധാര്‍ത്ഥ് ശിവയുടെ പാക്കിംഗ്

നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ നവാഗത സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് കിട്ടിയ ആളാണ് സിദ്ധാര്‍ത്ഥ് ശിവ. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സിനിമകള നിരൂപകശ്രദ്ധയും ബഹുവിധ പുരസ്‌കാരങ്ങളും നേടിയവയായിരുന്നു. അഞ്ചാമത്തെ സിനിമയായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ' യിലൂടെ കൊമേഴ്‌സ്യല്‍ സിനിമയിലും അരങ്ങേറിയ സിദ്ധാര്‍ത്ഥിന് അതിലൂടെ പ്രേക്ഷകപ്രീതിയും പണ്ടെന്നോ അന്യം നിന്നുപോയ വിന്റേജ് മധ്യവര്‍ത്തി സിനിമയുടെ വക്താവ് എന്ന സല്‌പേരും ലഭിക്കുകയുണ്ടായി.

ദൈര്‍ഘ്യമേറിയ ആദ്യപാതി.

90 മിനിറ്റോളം നേരം നീളമുള്ള ഒന്നാം പകുതി കിച്ചു എന്ന നിവിന്റെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്നു.. മുക്കാല്‍ മണിക്കൂര്‍ നേരമുള്ള കിച്ചു എപ്പിസോഡ് വര്‍ത്തമാനകാലത്തില്‍ നടക്കുന്നതാണ്. ഒരു സഖാവ് എങ്ങനെ ആയിരിക്കരുത് എന്നതിന് കൃത്യമായ ഉദാഹരണമാണ്.

ആദ്യപകുതി ഏതാണ്ട് ഒറ്റയ്ക്ക്

എടുത്തുപറയാവുന്ന നടന്മാരൊന്നുമില്ലാതെ മഹേഷ് എന്ന ക്യാരക്റ്ററിനെ അവതരിപ്പിക്കുന്ന പ്രേമം ഫെയിം അൽത്താഫിനെ മാത്രം കൂട്ടുപിടിച്ച് മുക്കാല്‍ മണിക്കൂര്‍ കിച്ചുവിന്റെ നിവിന്‍ സിനിമയെ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോയതിന് ശേഷമാണ് യഥാര്‍ത്ഥ സഖാവ് അവതരിക്കുന്നത്. സഖാവ് കൃഷ്ണന്‍..

ഇന്റര്‍വെല്ലോടെ പടം മാറുന്നു

പീരുമേട്ടിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനും പാര്‍ട്ടി വളര്‍ത്താനുമായി എത്തുന്ന സഖാവിന്റെ ഭൂതകാല എപ്പിസോഡ് തുടങ്ങുന്നതോടെ പടം ഞെരിപ്പനാകുന്നു. ചീത്ത സഖാവിന്റെ ആറ്റിറ്റിയൂഡില്‍ യഥാര്‍ത്ഥ സഖാവിനെ കുറിച്ചുള്ള വിവരണം സ്വാധീനം ചെലുത്താന്‍ തുടങ്ങുന്നിടത്ത് ഇന്റര്‍വെല്‍.

വൃദ്ധനാവുന്ന നിവിന്‍

ഇന്റര്‍വെല്‍ കഴിഞ്ഞുവരുമ്പോള്‍, വാര്‍ധക്യത്തിലെത്തി പരാലിസിസ് വന്ന് ഒരു ഭാഗം തളര്‍ന്ന്, സഖാവ് കൃഷ്ണനെയാണ് സ്‌ക്രീനില്‍ കാണുന്നത്. അപര്‍ണാ ഗോപിനാഥിന്റെ അച്ഛനായി വരുന്ന നിവിന്‍. സിദ്ധാര്‍ത്ഥ ശിവയുടെ സ്‌ക്രിപ്റ്റ് എന്തിന് നിവിന്‍ പോളി തെരഞ്ഞെടുത്തു എന്നതിന് ഇവിടെ ഉത്തരമാവുന്നുണ്ട്. തുടര്‍ന്ന് പടത്തിന്റെ വഴികള്‍ അപ്രതീക്ഷിതമായ പാതകളിലൂടെയാണ്..

ക്ലാസ് & മാസ് ക്ലൈമാക്‌സ്

ഒടുവില്‍ സിദ്ധാര്‍ഥ് ശിവ ചിത്രങ്ങളുടെ കൈയൊപ്പോടും നിവിന്‍ ചിത്രങ്ങളുടെ ടെയില്‍ എന്‍ഡോടും കൂടി പുറത്തിറങ്ങുമ്പോള്‍ സഖാവ് ഒരേസമയം ക്ലാസുമ്മാസും ആയല്ലോ എന്ന ഫീല്‍ ബാക്കിയാക്കാനും വൈരുദ്ധ്യാത്മകമാവുമെന്ന് കരുതിയ ആ ടീമിനാവുന്നു

പോസിറ്റീവ്‌സ് 1) രണ്ടാം പകുതി വേറെ ലെവലാണ്

ഈയിടെ വന്ന പല ഓവര്‍ ഹൈപ്പ് പടങ്ങളുടെയും പ്രധാന പ്രതിസന്ധി എക്‌സ്ട്രാസ്‌പെഷല്‍ ആയ ഫസ്റ്റ് ഹാഫും അതിനെ തുടര്‍ന്നു വരുന്ന ഇഴഞ്ഞുനീങ്ങുന്ന സെക്കന്റ് ഹാഫും അതുമൂലം നിരാശയോടെ ഇറങ്ങിപ്പോവുന്ന പ്രേക്ഷകരുമായിരുന്നു. എന്നാല്‍ സഖാവില്‍ ആദ്യപാതിയിലെ ആദ്യ മുക്കാല്‍ മണിക്കൂര്‍ ലാഗിങും ബോറടിയും വന്ന ശേഷം അസാമാന്യ എനര്‍ജിലെവലില്‍ കേറിപ്പോകുന്ന ബാക്കി ഭാഗങ്ങളുമാണ്

2. പാര്‍ട്ടിക്കാരെ പറ്റിക്കാത്ത ചിത്രം

മെക്‌സിക്കന്‍ അപാരതയെപ്പോലെ പാര്‍ട്ടിപ്പടമെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശാഭിമാനിയില്‍ ഒന്നാം പേജ് ഫുള്‍ കളര്‍ പരസ്യം കൊടുത്ത ശേഷം പാര്‍ട്ടിയെയും പ്രേക്ഷകരെയും ഒരേസമയം വിഡ്ഢികളാക്കുന്നില്ല.

3. മുഷിയേണ്ട കാര്യമില്ല

കിച്ചു എപ്പിസോഡില്‍ ഒരു എസ് എഫ് ഐക്കാരന്‍ ഇങ്ങനെയൊക്കെ തരംതാഴുമോ എന്ന മുഷിച്ചില്‍ പാര്‍ട്ടി അനുഭാവികളില്‍ ഉണ്ടാക്കിയേക്കാമെങ്കിലും സഖാവ് കൃഷ്ണന്‍ വരുന്നതോടെ ഒരു നല്ല സഖാവിന് ചീത്ത സഖാവിനെ എങ്ങനെ മാറ്റിയെടുക്കാന്‍ ആവുമെന്നതിന് പാഠമാവുകയും ആ മുഷിച്ചില്‍ മാറുകയും ചെയ്യും.

4. മാസും ക്ലാസും ആയ ക്ലൈമാക്‌സ്

സ:കൃഷ്ണൻ വരുന്നതോട് കൂടി കഥയെയും സ്ക്രിപ്റ്റിനെയുമൊക്കെ ബഹുദൂരം മറികടന്നുകൊണ്ട് തിയേറ്ററിനെ ഇളക്കിമറിക്കുന്ന കിടുക്കാച്ചി ഡയലോഗുകൾ.. അത് ഒരേസമയം നിവിൻ ആരാധകരെയും പാർട്ടിസഖാക്കളെയും സാദാപ്രേക്ഷകരെ പോലും ചാർജാക്കും.. മാസ് ആവുമ്പോഴും പൊളിറ്റിക്കലി കറക്റ്റ്നെസ്സ് കീപ്പുചെയ്യാൻ അവയ്ക്കാവുന്നുണ്ട്.. (ഇന്ദുചൂടൻ അനുരാധയോട് പറഞ്ഞ ആ കുപ്രസിദ്ധമായ (നരസിംഹം) പ്രൊപ്പോസൽ- ഡയലോഗ് പൊളിറ്റിക്കലി എങ്ങനെ കറക്റ്റായി പറയാമെന്ന് സ:കൃഷ്ണൻ പ്രതിശ്രുത വധുവിനോട് സംസാരിക്കുമ്പോൾ സിദ്ധാർത്ഥ കാണിച്ചുതരുന്നത് ഒരു നല്ല ഉദാഹരണം)

നെഗറ്റീവ്‌സ് 1. ദൈര്‍ഘ്യം

1. പടത്തിന്റെ മൂന്നുമണിക്കൂറോളമുള്ള ദൈര്‍ഘ്യം. 2. കിച്ചു എപ്പിസോഡ് സമ്മാനിക്കുന്ന ലാഗിംഗ് + വൈരസ്യം. 3. അല്‍ത്താഫ് ഒഴികെ മറ്റ് എര്‍ത്തുകളൊന്നും ഇല്ലാതെ ആദ്യ മുക്കാല്‍ മണിക്കൂര്‍ നിവിന്‍ തനിയെ കൈകാര്യം ചെയ്യുന്നത്. 4. ചില ക്യാരക്റ്ററുകളുടെ അമച്വര്‍ എന്ന് തോന്നിപ്പിക്കുന്ന മെയ്ക്കപ്പും കോസ്റ്റ്യൂംസും

വെര്‍ഡിക്റ്റ്

പടത്തിന്റെ തുടക്കത്തില്‍ അല്‍ത്താഫിന്റെ ക്യാരക്റ്റര്‍ കിച്ചുവിനോട് പറയുന്നു- നീയൊരു ബോറന്‍ ആക്റ്ററാടാാ. അപ്പോഴത്തെ കിച്ചുവിന്റെ മറുപടി നിവിന്‍ പോളിയുടേത് കൂടിയാണ് ആക്റ്റിംഗില്‍ അല്ല കാര്യം പ്ലാനിംഗില്‍ ആണ്. തന്റെ പരിമിതികള്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത് കൊണ്ട് ബ്ലോക്ക് ബസ്റ്ററുകള്‍ അയാള്‍ക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു.

English summary
Nivin Pauly's Sakhavu movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam