»   » നിരൂപണം; പ്രണയം തുളുമ്പും 'റെമോ'....

നിരൂപണം; പ്രണയം തുളുമ്പും 'റെമോ'....

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

തമിഴ് സിനിമയെ വലിയ വേദികളില്‍ പ്രൗഡമായി അടയാളപ്പെടുത്തുന്ന വര്‍ഷമാണ് 2016. 'വിസാരണൈ' എന്ന സിനിമയെ വിജയിപ്പിച്ച് ഓസ്‌കാറിനയച്ചതും 'കബാലിയെ' ഉത്സവമാക്കിയതും ഈ വര്‍ഷമാണ്. പ്രണയത്തിന് എന്ത് ചെയ്യാനും മടിയില്ലാത്ത നായകരെയും സിനിമകളെയും ആവോശത്തോടെ കൊണ്ടാടുന്ന സമൂഹമാണ് തമിഴ്. തമിഴ് സിനിമയില്‍ എന്നും മാര്‍ക്കറ്റ് നേടിയ സബ്ജക്ടാണ് പ്രണയം. പ്രണയത്തിന് പ്രായഭേദമില്ലെന്നതു തന്നെയാണ് അതിന് കാരണവും. മുഴുനീള പ്രണയകഥ പറയുന്ന ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത സിനിമ 'റെമോ' തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്.

തിമഴ് സിനിമയിലെ പ്രണയ നായകന്മാര്‍ക്ക് ജോലിയും കൂലിയും ഉണ്ടാകില്ലെന്ന സ്ഥിരം കാഴ്ചപ്പാടില്‍ തന്നെയാണ് സംവിധായകന്‍ 'റെമോട എന്ന സിനിമയെ കൊണ്ടു പോകുന്നത്. എന്നാല്‍ തുടക്കത്തിലെ ഇത്തരം ക്ലീഷെകള്‍ സംവിധാന മികവിനാല്‍ പിന്നീടങ്ങോട് ഭാഗ്യരാജ് കണ്ണന്‍ പരിഹരിക്കുന്നുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശിവയാണ്. അല്‍പ്പം സ്‌ത്രൈണത ആവശ്യമുള്ള കഥാപാത്രത്തെ ശിവ കാര്‍ത്തികേയന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

വരുത്തപ്പെടാത്ത വാലിബര്‍ സംഘം, മാന്‍കരാട്ടെ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം വരുന്ന റെമോയിലും ശിവ കാര്‍ത്തികേയന്‍ വളരെ കുറച്ച് പരീക്ഷണങ്ങള്‍ക്കേ മുതിരുന്നുള്ളൂ. വരും വര്‍ഷങ്ങളില്‍ തമിഴ് സിനിമയെ ഉയരങ്ങളിലെത്തിക്കാന്‍ പ്രാപ്തിയുള്ളവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവനാണ് ശിവകാര്‍ത്തികേയന്‍ എന്ന് റെമോ കണ്ടിറങ്ങിയ ആര്‍ക്കും മനസ്സിലാകും.

remo

നായികയായ കാവ്യ എന്ന കാഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. നായികയായിവരുന്ന കീര്‍ത്തിസുരേഷ് ഒരിടത്തും അമിതാഭിനയം കൊണ്ട് മുഷിപ്പിക്കുന്നില്ല. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പ്രണയം തുളുമ്പുന്നവയാണ്. തന്റെ മുന്‍ചിത്രങ്ങളിലേതിനേക്കാള്‍ മികവുള്ളവയാണ് അനിരുദ്ധിന്റെ ഗാനങ്ങള്‍. പിസി ശ്രീറാമിന്റെ ക്യാമറയും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും റെമോയ്ക്ക് മുതല്‍ക്കൂട്ടാണ്.

അവ്വൈ ഷണ്‍മുഖി എന്ന തമിഴ് സിനിമയുടേയോ മായാമോഹിനി എന്ന മലയാള സിനിമയുടേയോ പാറ്റേണ്‍ റെമോ പിന്തുടര്‍ന്നിട്ടില്ല. എല്ലാവരും കണ്ട് പരിചയമുള്ള പ്രണയകഥ, നല്ല വിശ്വാസ്യ യോഗ്യതയോടെ സംവിധായകന്‍ അവതരിപ്പിച്ചു. എങ്കിലും ചിലയിടങ്ങളില്‍ ഭാഗ്യരാജ് കണ്ണന്റെ തിരക്കഥ പാളിപ്പോകുന്നുണ്ട്. തമിഴ് രുചികള്‍ക്കൊപ്പിച്ചുള്ള തമാശകളും, ഡാന്‍സുമൊക്കെ ശരാശരിപ്രേക്ഷകനെ ആസ്വദിപ്പിക്കാന്‍ കഴിയുന്നതുകൊണ്ട് അതിനെ മറികടക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. എല്ലാവര്‍ക്കും രസിക്കാന്‍ വേണ്ടതൊക്കെ റെമോയിലുണ്ട്. നല്ലൊരു പ്രണയ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. നിങ്ങളെ ഒരിക്കലും നിരാശരീക്കില്ല റെമോ.

English summary
Remo movie review. A romantic film in Tamil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam