»   » സമ്മയിക്കണം ദുൽക്കർ സൽമാനെ.. കൈവിട്ട കളി തന്നെയാണ് സോളോ.. ശൈലന്റെ സോളോ റിവ്യൂ!!

സമ്മയിക്കണം ദുൽക്കർ സൽമാനെ.. കൈവിട്ട കളി തന്നെയാണ് സോളോ.. ശൈലന്റെ സോളോ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മലയാള സിനിമയിലെ തന്നെ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടെ തീയറ്ററിലെത്തിയ ചിത്രമാണ് സോളോ. ദുൽക്കര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രം തിരുത്തിയത് സാക്ഷാല്‍ പുലിമുരുകന്‍റെ റെക്കോര്‍ഡ്. സോളോ എന്ന പരീക്ഷണ ചിത്രം മലയാളത്തിലും തമിഴിലും ഒരേസമയമാണ് പ്രദര്‍ശനത്തിനെത്തിയത്.

ഊഞ്ഞാലാടിയ പരീക്ഷണം.. കട്ടപ്പൊകയായ തരംഗം... ടൊവിനോയുടെ വെറുപ്പിക്കല്‍.. ശൈലന്റെ റിവ്യൂ!!

ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ നാലു കഥാപാത്രങ്ങളുടെ കഥകള്‍ നാല് ചെറിയ സിനിമകളായി പറയുന്നു സോളോയില്‍. പ്രത്യക്ഷത്തിലോ അല്ലാതെയോ ഒരു ബന്ധവുമില്ലാതെ പോകുന്ന ഈ നാല് കഥകള്‍ എങ്ങനെയാണ് സംവിധായകന്‍ ബിജോയ് നന്പ്യാര്‍ ഒരു സിനിമയാക്കിയിരിക്കുന്നത്? വായിക്കാം, ശൈലന്‍റെ റിവ്യൂ...

ബിജോയ് നന്പ്യാര്‍ എന്ന സംവിധായകന്‍

സാത്താൻ, വാസിർ, ഡേവിഡ് എന്നീ മൂന്ന് സിനിമളിലൂടെ ബോളിവുഡിൽ തന്റെ സാന്നിധ്യമുറപ്പിക്കുകയും ശ്രദ്ധ നേടിയെടുക്കുകയും ചെയ്ത മലയാളി സംവിധായകനാണ് ബിജോയ് നമ്പ്യാർ. വിഷ്വലി റിച്ച് ആയ ഫ്രെയിമുകളും വ്യതിരിക്തമായ പശ്ചാത്തലങ്ങളും കഥപറച്ചിലിലെ പുതുമയുമൊക്കെയാണ് ബിജോയിയുടെ ഹിന്ദിസിനിമകളെ (ഡേവിഡ് തമിഴ് പതിപ്പുമുണ്ടായിരുന്നു) ശ്രദ്ധേയമാക്കിയത്.

സോളോ എന്ന ആന്തോളജി ഫിലിം

ദുൽക്കറിനെ വച്ച് സോളോ എന്ന ഒരു തമിഴ്-മലയാളം ബൈലിംഗ്വൽ മൂവിയുമായിട്ട് തന്റെ നാലാംവരവ് പ്രഖ്യാപിച്ചതോടെയാണ് ബിജോയ് നമ്പ്യാരുടെ പേര് ജന്മനാടിന് കൂടി ആഘോഷമായി മാറിയത്.. ഏതൊരു സംവിധായകനും കൊതിക്കുന്ന ഒരു ഓപ്പണിംഗ് ആണ് സോളോ എന്ന പ്രസ്തുത സിനിമ റിലീസ് ചെയ്തപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ ലഭിച്ചത്.. തന്റെ മുൻസിനിമകളിൽ നിന്നും ഒരു ആന്തോളജിഫിലിം ആണ് സോളോ"യിലൂടെ മുന്നോട്ട് വെക്കുന്നത്. 158 മിനിറ്റിൽ 4ചെറുസിനിമകൾ ആണ് സോളോയുടെ ഉള്ളടക്കം..

നാല് സിനിമ നാല് ഗെറ്റപ്പ്

പഞ്ചഭൂതങ്ങളിൽ ആകാശം ഒഴിവാക്കി ജലം, വായു, അഗ്നി, ഭൂമി എന്നിവയെ ബെയ്സ് ചെയ്താണ് ചെറുഫിലിമുകൾ തയ്യാർ ചെയ്തിരിക്കുന്നതെന്ന് നാലിന്റെയും അവതരണഗീതം സൂചിപ്പിക്കുന്നു.. ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ നാലു വ്യത്യസ്ത ശൈവാവതാരങ്ങളായിട്ടാണ് ദുൽക്കർ നാലുസിനിമകളിൽ പ്രത്യക്ഷപ്പെടുന്നത് എന്നൊക്കെയാണ് വെപ്പ്.. ഏതായാലും ക്യാരക്റ്ററുകളുടെ പേരുകൾ അങ്ങനെയൊക്കെ തന്നെയാണ്..

ശേഖറിന്റെ കഥ

ജലത്തെ പശ്ചാത്തലപ്പെടുത്തിവരുന്ന ആദ്യ സെഗ്മെന്റിൽ വിക്കനായിട്ടുള്ള ശേഖർ ആണ് ദുൽക്കർ. അന്ധ ആയിട്ടുള്ള രാധികയും അയാളും തമ്മിലുള്ള പ്രണയവും വിവാഹവും മറ്റുമാണ് പ്രതിപാദ്യം. പ്രത്യേകിച്ച് പുതുമയൊന്നും തന്നെ എടുത്ത് പറയാനില്ലാത്ത ഈ ഭാഗത്തിൽ ദുൽക്കറിന്റെ ഗെറ്റപ്പും ധൻസികയുടെ ശരീരസൗന്ദര്യവും വിഷ്വൽ റിച്ച്നെസ്സും ഓർത്തുവെക്കാം.. സൗബിൻ ഉള്ളതുകൊണ്ട് ലൈവുമാണ്..

ത്രിലോകിന്റെ സംഹാരം..

റോഡപകടത്തിൽ പ്രണയിനിയായ ഭാര്യ നഷ്ടപ്പെടുന്ന ത്രിലോക് എന്ന വെറ്റിനറി ഡോക്ടറുടെ പ്രതികാരമാണ് രണ്ടാംഭാഗം. ഇത് വായുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെ സംവിധായകനോട് തന്നെ ചോദിച്ചറിയണമെങ്കിലും നന്നായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റ് പിറകിലുണ്ട്. ദുൽക്കറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഈ പാർട്ടിൽ ആരതി വെങ്കടേഷ് എന്ന നായിക ഒരു ഗസ്റ്റ് അപ്പിയറൻസ് ഫീലേ തന്നുള്ളൂ... ക്യാമറയാകട്ടെ കിട്ടിയ സമയം കൊണ്ട് അവരുടെ തുടകളിലേക്കും ക്ലീവേജുകളിലേക്കും ആക്രാന്തത്തോടെ തുറിച്ച് നോക്കിക്കൊണ്ടുമിരുന്നു

ശിവ എന്ന ഗ്യാംഗ്സ്റ്റർ..

പ്രതികാരത്തിന് ഊന്നൽ കൊടുത്തുള്ള അഗ്നിയെരിയുന്ന ഗ്യാംഗ്സ്റ്റർ ബാക്ക്ഗ്രൗണ്ടാണ് ശിവയുടേത്.. ഡാർക്ക് ഷെയ്ഡും കലിപ്പ് സെറ്റപ്പും.. ഒന്നോരണ്ടോ ഡയലോഗ് മാത്രമുള്ള ശിവ എന്ന ഹെവിക്യാരക്റ്റർ ചിലപ്പോഴൊക്കെ ദുൽക്കറിന്റെ പരിമിതികളെയും തുറന്ന് കാട്ടുന്നുണ്ട്.. ബീജിയെം അതിന്റെ പാരമ്യത്തിൽ നിർവൃതികൊള്ളുന്ന ഈ പാർട്ടിൽ "ഐഗിരിനന്ദിനി.." യുടെ തീം മ്യൂസിക്കിൽ ഉള്ള വെടിവെപ്പൊക്കെ കിക്കിടു.. ഏറ്റവും നല്ല പോർഷൻ എന്നും ഈ മൂന്നാം സെഗ്മെന്റിനെ വിശേഷിപ്പിക്കാം

രുദ്രന്റെ നിസ്സഹായത...

പഞ്ചഭൂതങ്ങളിൽ ക്ഷമയുടെയും സഹനത്തിന്റെയും ആധാരരൂപമായ ഭൂമിയുടെ നിസ്സഹായതയാണ് രുദ്രന്റെ പ്രണയത്തിന്റെ പരിണതിയ്ക്ക്.. ഏറ്റവും വിമർശനമേറ്റവും തിയേറ്ററിൽ മുഗ്ധകണ്ഠം കൂവലുയർന്നതുമായ ഈ അവസാനഭാഗത്തിനാണ് നാലുസിനിമകളിലും വച്ച് ഉയർന്ന എനർജിലെവൽ.. ഏറ്റവും വർണാഭമായ ഈ ഒരു പ്രണയകാണ്ഡത്തെ ചതിച്ചത്, കോമഡി സ്കിറ്റുകളിൽ പ്രൊഫഷണൽ നാടകങ്ങളെ ട്രോളുന്ന ഐറ്റമായി വരാറുള്ള ഒരു വൈകാരികസന്ദർഭത്തെ എടുത്ത് ട്വിസ്റ്റ് ആക്കി എന്നതാണ്..

എവിടെയാണ് പാളിയത്?

ദുൽക്കറും നേഹാശർമ്മയും കളർഫുള്ളായ് നിറഞ്ഞാടിയ ഈ അവസാനമുക്കാൽ മണിക്കൂറിൽ നാസറിന്റെയും ദിനോ മോറിയയുടെയും സുഹാസിനിയുടെയും ദീപ്തി സതിയുടെയും ഒക്കെ സാന്നിധ്യവും ഉണ്ടായിരുന്നു. എനർജിലെവലിന്റെ ആരോഹണക്രമത്തിൽ തന്നെയാണ് ബിജോയ് നാലുസെഗ്മെന്റിനെയും സ്പെയ്സ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത് എന്ന് വ്യക്തം.. പക്ഷെ, ഹൈ ഇമ്പാക്റ്റ് ഉണ്ടാക്കുമെന്ന് കണക്കുകൂട്ടിയ രുദ്രന്റെ പ്രണയാന്ത്യം ആളുകൾ കൂവലോടെയും കൗണ്ടർ കമന്റുകളോടെയുമെതിരേൽക്കുമെന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നത് പാരയായി എന്നുമാത്രം

ദുല്‍ക്കറും സംവിധായകനും

വൻപിച്ച പുതുമകളൊന്നും എടുത്തുപറയാവുന്ന സ്ക്രിപ്റ്റോ അവതരണമോ ഒന്നും നാലുഭാഗത്തിനും ഇല്ല.. ഞെട്ടൽ സമ്മാനിക്കുന്നതോ വിസ്മയത്തോടെ ഓർത്തുവെക്കാവുന്നതോ ആയ ഏതെങ്കിലും സന്ദർഭങ്ങളുണ്ടോന്ന് നോക്കിയാൽ അതുമില്ല.. എന്നിരുന്നാലും സോളോ ഒരു മോശം സിനിമാനുഭവമല്ല എനിക്ക് തന്നത്. ദുൽക്കർ സൽമാനെപ്പോലെ രണ്ടുഭാഷകളിൽ മാർക്കറ്റുള്ള ഒരു താരത്തെ കിട്ടിയിട്ടും അധികം ഒത്തുതീർപ്പൊന്നും നടത്തിറ്റിട്ടില്ല ബിജോയ് നമ്പ്യാർ. ദുൽക്കറിനെ താരമായോ നടനായോ ആഘോഷിക്കാതെ വെറും ക്യാരക്റ്ററുകളായി അവതരിപ്പിക്കാനാണ് നാലിടത്തും സംവിധായകൻ ധൈര്യം കാട്ടുന്നത്..

ചില സമാനതകൾ..

ശൈവാവതാരങ്ങൾ, പഞ്ചഭൂതങ്ങൾ എന്നൊക്കെ അവകാശപ്പെടാമെങ്കിലും പ്രത്യക്ഷത്തിൽ നാലുപ്ലോട്ടുകളും തമ്മിലൊന്നും ഒരു കണക്ഷനുമില്ല. എന്നാൽ ആന്തരിയ ചില സമാനതകൾ അങ്ങിങ്ങായ് നാലുകഥകളിലും ഉണ്ട് താനും.. ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നീ നാലുകഥാപാത്രങ്ങളും ഏകാകികളോ നിസ്സഹായരോ മുറിവേറ്റവരോ ആണ്.. മറ്റുള്ളവരുടെ ജീവിതത്തിലെ ചില പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ വഴിത്തിരിവുകളോ ഒക്കെയാണ് ഇവരെ കുഴപ്പത്തിലാഴ്ത്തുന്നത്.. നാലുപേരുടെയും കഥകൾ നാലുവർഷത്തെ ആഖ്യാനങ്ങളായാണ് അവതരിക്കപ്പെട്ടിരിക്കുന്നത്. നാലുപേർക്കും സ്ത്രീസുഖം അധികമൊന്നും അനുവദിച്ചു നൽകാൻ സംവിധായകൻ തയ്യാറായിട്ടുമില്ല..

ദുൽക്കറിന്റെ ധൈര്യം..

സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിമ്പോൾ തന്നെ അറിയാം, ഒരു താരത്തിന് മിന്നിത്തിളങ്ങാൻ പറ്റിയ സന്ദർഭങ്ങളോ പരിണാമഗുപ്തികളോ ഒന്നും നാലുപോർഷനിലും ഇല്ല. മലയാളത്തിൽ ഏറ്റവും ഇനിഷ്യൽ പുൾ ഉള്ള തമിഴിൽ അത്യാവശ്യം മാർക്കറ്റുള്ള ദുൽക്കറിനെപ്പോലൊരു താരം എന്നിട്ടും ഇത്തരം ഒരു സിനിമ സെലക്റ്റ് ചെയ്തുവെങ്കിൽ അത് അയാളുടെ ധീരതയെ ആണ് കാണിക്കുന്നത്.. ആരാധകർ കൊതിക്കുന്ന വഴിയെ പോവാതെ ർഹാൻ പോവുന്ന വഴിയെ ആരാധകരെ കൊണ്ടുവരാൻ ഡിക്യുവിന് കഴിയുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഹീറോയിസം.. അതിന് ഒരു ബിഗ്സല്യൂട്ട്

English summary
Solo movie review by Shailan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam