twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശുഭരാത്രി- മുഹമ്മദിന്റെ കഥ; കൃഷ്ണന്റെയും!! (ദിലീപിന്റെയോ സിദ്ദിഖിന്റെയോ അല്ല), ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Dileep, Anu Sithara, Siddique
    Director: Vyasan K.P.

    വ്യാസൻ കെ പി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ശുഭരാത്രിയുടെ ടാഗ്‌ലൈൻ ലൈലത്തുൽ ഖദ്ർ എന്നാണ്. ആയിരം രാത്രികളെക്കാൾ വിശുദ്ധമായ ഒരു രാത്രി എന്ന്‌ ഇസ്ലാമിക വിശ്വാസപ്രമാണപ്രകാരം വിശേഷിപ്പിക്കപ്പെടുന്ന ലൈലത്തുൽ ഖദ്ർ എന്നാൽ പ്രവാചകൻ മുഹമ്മദിന് വിശുദ്ധ ഗ്രന്ഥമായ ഖുർ ആൻ വെളിവാക്കപ്പെട്ട രാത്രി ആണ്. ശുഭരാത്രി എന്ന ടൈറ്റിൽ കൊണ്ട് കൂടുതൽ എന്തൊക്കെയോ സംവിധായകൻ ഉദ്ദേശിക്കുന്നുണ്ട് എന്നർത്ഥം..

    ദിലീപ് സിനിമ

    അതുകൊണ്ട് തന്നെ ഒരു ദിലീപ് സിനിമയെന്ന നിലയിൽ ശുഭരാത്രിയ്ക്ക് ടിക്കറ്റെടുത്താൽ നിരാശയാവും ഫലം. വാണിജ്യഫോര്മുലകൾ ഒപ്പിക്കാൻ വേണ്ടി ചേരുവകളൊന്നും ചേരുംപടി ചേർക്കാത്ത ഒരു ക്ളീൻ സിനിമയാണ്. ദിലീപോ സിദ്ദിഖോ മറ്റു താരങ്ങളോ ഒന്നുമില്ലാത്ത ശുഭരാത്രിയിൽ കഥാപാത്രങ്ങൾ മാത്രമേയുള്ളൂ..

    മദർ തെരേസയുടെ വചനം

    "പ്രാർത്ഥിക്കുന്ന അധരങ്ങളെക്കാൾ വിശുദ്ധമാണ് സഹായിക്കുന്ന കരങ്ങൾ' എന്ന മദർ തെരേസയുടെ വചനം എഴുതിക്കൊണ്ടു തുടങ്ങുന്ന ശുഭരാത്രിയുടെ ആദ്യ പകുതിയിൽ നിറഞ്ഞ് നിൽക്കുന്നത് സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന ക്യാരക്റ്റർ ആണ്. ബാല്യത്തിലെ കഷ്ടപ്പാടുകളിൽ നിന്നും സ്വപ്രയത്നത്താല്‍ ഉയർന്നു വന്നു ഭേദപ്പെട്ട നിലയിൽ എത്തിയ മുഹമ്മദ് ഭാര്യ കദീജയ്ക്കൊപ്പം സംതൃപ്തകുടുംബജീവിതം നയിക്കുകയാണ്. ഏകമകൻ ഷാനുവും രണ്ടുപെണ്മക്കളും വിദേശത്താണ്..

    സ്വന്തമായ ചില നിലപാടുകൾ

    സാമൂഹ്യ ജീവിതത്തെ കുറിച്ചും മതവിശ്വാസത്തെ കുറിച്ചുമൊക്കെ സ്വന്തമായ ചില നിലപാടുകൾ ഉള്ള മുഹമ്മദ് ഏതൊരു ഇസ്ളാമിക വിശ്വാസിയും ആഗ്രഹിക്കുന്ന പോലെ വാര്ധക്യത്തിന്റെ ആരംഭത്തിൽ ഹജ്ജ് കർമ്മത്തിന് പോവാനായി ഒരുങ്ങുന്നു. നാട്ടുകാരോടും കുടുംബത്തോടും കൂട്ടുകാരോടും എല്ലാവരോടും പൊരുത്തം വാങ്ങി ഹജ്ജിന് ഫ്‌ളൈറ്റ് കയറുന്നതിന്റെ തൊട്ടു തലേദിവസം രാത്രിയിൽ മുഹമ്മദിന്റെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നു.

    കൃഷ്ണന്റെ കഥയിലൂടെ

    രണ്ടാം പകുതി ആരംഭിക്കുന്നത് കൃഷ്ണന്റെ കഥയിലൂടെ ആണ്. വർക്ക്‌ഷോപ്പ് മെക്കാനിക്ക് ആയ കൃഷ്ണൻ ഭാര്യ ശ്രീജയോടും മകൾ ശ്രീക്കുട്ടിയോടുമൊപ്പം ചെറിയ സെറ്റപ്പിൽ കുടുംബജീവിതം നയിക്കുന്ന ഒരാളാണ്. ഒരു ദിവസം പുലര്കാലത്ത് വാതിലിൽ വന്നുമുട്ടിയ ഒരു അപ്രതീക്ഷിതസംഭവം കൃഷ്ണന്റെയും ജീവിതത്തെ മാറ്റി മറിക്കുന്നു.

    മുഹമ്മദിന്റെയും കൃഷ്ണന്റെയും ജീവിതങ്ങൾ

    സിനിമയുടെ ഒരു പ്രത്യേക ഘട്ടത്തിൽ വച്ച് മുഹമ്മദിന്റെയും കൃഷ്ണന്റെയും ജീവിതങ്ങൾ സന്ധിക്കുന്നതാണ് ശുഭരാത്രിയിലെ വഴിത്തിരിവ്. ജാതിമത വർണങ്ങൾക്കതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹത്തിൽ ഫോക്കസ് ചെയ്തു കൊണ്ടാണ് കെ പി വ്യാസൻ ശുഭരാത്രി തയാർ ചെയ്തിരിക്കുന്നത്. സിനിമയുടെ ചില നിര്ണായകഘട്ടങ്ങളിൽ എത്തി നോക്കുന്ന മെലോഡ്രാമയും അതിവാചലതയും ഒഴിച്ചുനിർത്തിയാൽ സംവിധായകന്റെ കണ്സെപ്റ്റ് ലക്ഷ്യം കാണുന്നതാവും കാണാം.

    സിദ്ദിഖിന്റെ അഭിനയം

    സിദ്ദിഖിന്റെ അഭിനയജീവിതത്തിലെ എണ്ണം പറഞ്ഞ ക്യാരക്ടറുകളിൽ ഒന്നാണ് മുഹമ്മദ്. നെന്മമരം എന്നൊക്കെ ആരോപിക്കേണ്ടവർക്ക് അങ്ങനെയാവാമെങ്കിലും മുഹമ്മദ്‌ മനസിനെ സ്പര്ശിക്കുന്നു മിക്കപ്പോഴും. ചിലപ്പോഴൊക്കെ സ്നേഹം കനത്ത് ഒരു വിങ്ങലായി നിറയുന്നതിനും സിദ്ദിഖിന്റെ പെർഫോമൻസ് വഴി വെക്കുന്നു..

    കൃഷ്ണനെ ഏറ്റെടുത്ത ദിലീപും

    സിദ്ദിഖിന് ഇത്രമേൽ കട്ടിയ്ക്കൊരു ലീഡ് റോൾ ഉള്ള സിനിമയിൽ അത്രയ്ക്ക് ഹീറോയിസത്തിനോ സ്റ്റാർഡത്തിനോ ഒന്നും പ്രസക്തിയില്ലാത്ത കൃഷ്ണനെ ഏറ്റെടുത്ത ദിലീപും അഭിനന്ദനം അർഹിക്കുന്നുണ്ട്. സംവിധായകന്റെ ഉദ്ദേശശുദ്ധി ആയിരിക്കണം മാനദണ്ഡം. അനു സിത്താര, സുരാജ്, ഇന്ദ്രൻസ് ആശാ ശരത്, നാദിർഷ, ശാന്തി കൃഷ്ണ, വിജയ്‌ബാബു, മണികണ്ഠൻ ആചാരി, സുധി കോപ്പ, നെടുമുടി വേണു, അശോകൻ , ഷീലു എബ്രഹാം തുടങ്ങി മുപ്പത്തി അഞ്ചോളം നടീ നടന്മാർ നിറഞ്ഞു നിൽക്കുന്ന ശുഭരാത്രി ആ അർത്ഥത്തിൽ താരനിബിഢമാണ്. ആല്ബിയുടെ ഫ്രയിമുകളും ബിജിബാലിന്റെ സംഗീതവും സിനിമയുടെ ജീവനാണ്.

    കൂട്ടിക്കിഴിച്ച് ഗുണിച്ച് നോക്കുമ്പോൾ എന്റർടൈന്മെന്റ് എന്ന ലക്ഷ്യത്തെക്കാൾ ഉപരി മാനവികതയുടെ മഹത്വം ഉദ്ബോധിപ്പിക്കാനായി എടുത്തിരിക്കുന്ന ഉദ്ദേശശുദ്ധിയോടെ ഉള്ള ഒരു സിനിമയായി ശുഭരാത്രിയെ അടയാളപ്പെടുത്താം

    English summary
    Subharathri movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X