»   » സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!

സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു | filmibeat Malayalam

  അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം സംവിധായകൻബി ഉണ്ണികൃഷ്ണന്റെ ആർഡി ഇല്യൂമിനേഷൻസ് ആണ് അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗീസിന് പുറമെ വിനായകന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.കഴിഞ്ഞ ദിവസം റിലീസിനെത്തിയ സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  കയ്യടിയോടെ തുടക്കം.

  മലയാള സിനിമ ഇതുവരെ കാണാത്തൊരു ഡാർക്ക് റെഡ് ടോണിൽ ശരിക്കും വെറൈറ്റി ആയിട്ടാണ് "സ്വാതന്ത്ര്യം അർധരാത്രിയിൽ" ശീർഷകങ്ങളെഴുതി തുടങ്ങുന്നത്.. എഴുത്ത് തീരും മുൻപെ ജേക്കബ് വർഗീസ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ കലിപ്പ് ഇൻട്രോയും കഴിഞ്ഞ് സംവിധാനം ടിനു പാപ്പച്ചൻ എന്ന് തെളിഞ്ഞു വരുമ്പോഴേക്കും പ്രേക്ഷകർ കയ്യടിച്ചു തിമിർക്കുകയാണ്. പത്തോ ഇരുപതോ പടങ്ങൾ ചെയ്ത് ആളുകളുടെ രോമാഞ്ചമായി മാറിയ ഒരു ലബ്ധപ്രതിഷ്ഠനായിരുന്നില്ല ഇയാൾ.. മുൻപ് ഇങ്ങനെയൊരു പേരു കേട്ടിട്ടു പോലുമില്ല. എന്നിട്ടും അയാൾ ആദ്യമിനിറ്റുകൾ കൊണ്ട് തന്നെ ആളുകളെ പോക്കറ്റിലാക്കി എന്നു സാരം.. ആദ്യമുയർന്ന കയ്യടി പടത്തിലുടനീളം നിലനിർത്താനായോ എന്നും പടം തീർന്നപ്പോഴും അതുണ്ടായോ എന്നതുമാണ് ഇനിയത്തെ ചോദ്യം.. നോക്കാം!

  പ്രതീക്ഷയുയർത്തിയ ട്രെയിലർ..

  വ്യൂവർഷിപ്പിൽ റെക്കോഡിട്ടതും ദേശീയതലത്തിൽ തന്നെ വൻശ്രദ്ധ പിടിച്ചു പറ്റിയതുമായ ഒരു ട്രെയിലർ ആയിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ആദ്യ പ്രതീക്ഷ. ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസ് ഉൾപ്പടെയുള്ള അങ്കമാലി ഡയറീസ് ടീമാണ് സ്ക്രീനിൽ വരുന്നത്. ബി ഉണ്ണികൃഷ്ണന്റെ ആർഡി ഇല്യൂമിനേഷൻസ് ആണ് അവതരിപ്പിക്കുന്നത്. ബിസി ജോഷി ആണ് നിർമ്മാതാവ് എങ്കിലും ലിജോജോസും ചെമ്പൻ വിനോദും സഹനിർമ്മാതാക്കളാണ്.. ഇത്രയൊക്കെയായിരുന്നു സിനിമയെക്കുറിച്ച് തിയേറ്ററിൽ കേറുമ്പോഴുണ്ടായിരുന്ന മറ്റ് അറിവുകൾ.. എല്ലാം പോസിറ്റീവ് തന്നെ. പക്ഷെ, പടം ഈ പ്രതീക്ഷകൾക്കൊക്കെ മുകളിൽ വന്നു എന്നതാണ് സത്യം..

  പ്രിസൺ ബ്രെയ്കിംഗ്..

  ട്രെയിലർ കണ്ടപ്പോഴെ മനസിലായിരുന്നു, ഇതൊരു പ്രിസൺ ബ്രെയ്ക്കിംഗ് + ത്രില്ലർ ഴോണറിൽ പെട്ട ഐറ്റമാണ് എന്ന്.. സംഭവം അതുതന്നെ.. മലയാള സിനിമയിൽ മുൻപെപ്പോഴൊക്കെയോ ജയിലുചാട്ടപ്പടങ്ങൾ ഉണ്ടായിട്ടുണ്ട്. പദ്മരാജന്റെ സീസണിൽ ഒക്കെ ബ്രില്യന്റായും മോസയിലെ കുതിരമീനുകൾ, സപ്തമശ്രീ തസ്കര: ഇവയിലൊക്കെ കോമിക്കായും ജയിൽ ബ്രെയ്ക്കിംഗ് സീനുകൾ ചിത്രീകരിച്ചത് പെട്ടെന്ന് ഓർമ്മയിൽ വരുന്നു.. എന്നാൽ 90 ശതമാനവും ജയിലിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്നു എന്നതും ജയിൽ ചാട്ടത്തിനായുള്ള ഗൂഢാലോചനകളിലൂടെ മുന്നോട്ട് പോവുന്നു എന്നതും കുറ്റം പറയാനില്ലാത്ത ഒരു ത്രില്ലർ ആയി ഡെവലപ്പ് ചെയ്തെടുത്തിരിക്കുന്നു എന്നതുമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ-ന്റെ പ്രത്യേകതയും ഹൈലൈറ്റും..

  കൃത്യമായ പ്ലോട്ട്..

  ഒരുപാട് വലിച്ചു വാരിയിട്ട കഥയും കാടും പടർപ്പുമൊന്നുമില്ലാത്ത കൃത്യതയാർന്ന സ്ക്രിപ്റ്റ് ആണ് പടത്തിനായ് ദിലീപ് കുര്യൻ ഒരുക്കിയിരിക്കുന്നത്. കോട്ടയത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരായ ജേക്കബിന്‌ (ആന്റണിവർഗീസ്)യാദൃച്ഛികമായി ഒരു സബ് ഇൻസ്പെക്ടറുടെ മരണത്തിന് ഉത്തരവാദിയും മൂന്നരക്കോടിയുടെ കവർച്ചയിൽ പങ്കാളിയും ആകേണ്ടി വരുന്നു.. കൂട്ടുപ്രതിയായ ബെറ്റിയെ(അശ്വതി)മഠത്തിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്നതിനിടെ പോലീസ് സംഘത്തെ ആക്രമിച്ച് അവളെയും കൊണ്ട് മൈസൂരിലേക്ക് കടക്കുന്ന അയാളെ വലയെറിഞ്ഞ് പിടിച്ച് കോട്ടയം സബ് ജയിലിൽ അടച്ചിരിക്കുകയാണ്.. പോലീസിന് അയാളോട് കലിപ്പുണ്ട്, മൂന്നരക്കോടിയുടെ പണവും പതിനൊന്ന് കോടിയുടെ രേഖകളും നഷ്ടപ്പെട്ട മുതലാളി അപ്പച്ചൻ അയാളെ ജയിലിൽ വച്ചുതന്നെ തീർക്കാൻ കൊട്ടേഷൻ കൊടുത്തിട്ടുണ്ട്.. ഭാര്യയെ ആണെങ്കിൽ അയാൾക്ക് മൈസൂരിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്.. ജയിലുചാടുകയല്ലാതെ വേറെ രക്ഷയില്ല. അതിനായുള്ള പ്ലാനുകളാണ് സിനിമ

  കാടും പടലും തല്ലുന്നില്ല..

  ജയിൽ ചാടാനുള്ള ശ്രമങ്ങളിൽ അയാൾ കൂട്ടാളികളാക്കുന്നത് സൈമൺ (വിനായകൻ) ദേവസ്യ (ചെമ്പൻ) ഗിരിജൻ (സിനോജ്)രമേഷ്&രാജേഷ് ട്വിൻസ് (പേരറിയില്ല) എന്നിവരെ ആണ്.. പ്രതിനായകൻ ആയി ചാട്ടത്തിന് വിഘാതം നിൽക്കാൻ പകയോടെ ഉദയനും (യൂക്ലാമ്പ് മാർഷൽ ടിറ്റോ) ഉണ്ട്.. ആകെ മൊത്തം ഡാർക്ക് ടോണിൽ ആണ് കാര്യങ്ങൾ പോവുന്നത്.. ജേക്കബിന് ഇത്തിരി ഫ്ലാഷ്ബാക്ക് കൊടുത്തിട്ടുണ്ട് എന്നതൊഴികെ, ബാക്കിയുള്ളവരൊക്കെ ജയിലുള്ളതെന്താണോ അതായിട്ട് തന്നെയാണ് നമ്മൾക്ക് മനസിലാക്കാനാവുന്നത്.. ആരെയും വെള്ളപൂശാനായി കാടും പടലും തല്ലുന്നില്ല. ജേക്കബ് പോലും ന്യായീകരണങ്ങളൊന്നുമില്ലാത്ത അസ്സൽ ക്രിമിനലാണ്.. അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.. അതുകൊണ്ട് തന്നെ വയലൻസ് മൂഡ് പടത്തിന് നഷ്ടപ്പെട്ടു പോവുന്നുമില്ല.

  പെപ്പെയുടെ രണ്ടാം വരവ്..

  അങ്കമാലി ഡയറീസിൽ പെപ്പെയായ് വന്ന് പ്വൊളിച്ച ആന്റണി വർഗീസ് രണ്ടാം വരവിലും മിന്നിത്തിളങ്ങി പ്വൊളിച്ച് പാളീസാക്കുന്ന പ്രകടനം പുറത്തെടുക്കുന്നത് സിനിമയെ ചെറുതായിട്ടൊന്നുമല്ല ചാർജാക്കി നിർത്താൻ സഹായിക്കുന്നത്.. പെപ്പെ ഒരു ആക്സിഡന്റൽ ഫ്ലൂക് അല്ലെന്ന് അടിവരയിടും മട്ടിൽ ഇരുത്തം വന്ന പ്രകടനം കാഴ്ചവെക്കുന്ന ആന്റണി മലയാള സിനിമയുടെ മുൻ നിരയിലേക്കാണ് കസേര വലിച്ചിടുന്നത്.. ഇൻട്രോ സീനിൽ മാത്രമല്ല ക്ലൈമാക്സ് ആക്ഷനിലും ആന്റണിയ്ക്ക് കിട്ടുന്ന കയ്യടികൾക്ക് കയ്യും കണക്കുമില്ല. വിനായകൻ, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനത്തെക്കുറിച്ച് എടുത്തിപറയേണ്ട കാര്യമില്ലല്ലോ.. വേർസറ്റൈൽ..

  ശർമ്മാജിയും മറ്റും..

  വിനായകനും ചെമ്പനും ആന്റണിയും പ്രതീക്ഷിച്ചപോൽ പൂണ്ടു വിളയാടിയപ്പോൾ ആദിമധ്യാന്തം നിറഞ്ഞാടി ഞെട്ടിച്ച മറ്റൊരാൾ രാജേഷ് ശർമ്മയാണ്. വെട്ടിരുമ്പ് പോലുള്ള ജയിലറായി ശർമ്മാജി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.. അരക്കിറുക്കൻ ആയ സിനോജ് ആണ് സ്കോർ ചെയ്ത മറ്റൊരു കഥാപാത്രം. ലിജോ ജോസ് പെല്ലിശേരിയും പ്രധാനപ്പെട്ട ഒരു റോളിൽ ഉണ്ട്. സിനിമയെ വേറെ ലെവലിലെത്തിക്കാൻ ഹാർഡ് വർക്ക് ചെയ്ത മറ്റു രണ്ടുപേർ ഛായാഗ്രഹണം ചെയ്ത ഗിരീഷ് ദാമോദരനും പശ്ചാത്തലസംഗീതം നിർവഹിച്ച ദീപക് അലക്സാണ്ടറുമാണ്.. രണ്ടിനെയും വിശേഷിപ്പിക്കാൻ നോ വേഡ്സ്.. ജേക്ക്സ് ബിജോയ് കമ്പോസ് ചെയ്ത ഒരു ഗാനം ഇല്ലായിരുന്നുവെങ്കിലും പടത്തിന് കുഴപ്പമൊന്നുമില്ല.. പക്ഷെ ആക്ഷൻ കൊറിയോഗ്രാഫിയുടെ കാര്യം അങ്ങനെയല്ല.. സിനിമയിൽ നിർണായകവും ശ്രദ്ധേയവുമായ ഡിപ്പാർട്ട്മെന്റ് ആണത്.. അതുകൊണ്ടുതന്നെ സുപ്രീം സുന്ദർ എന്ന സ്റ്റണ്ട് മാസ്റ്ററുടെ പേര് എടുത്തു പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല

  അഭിമാനിയ്ക്കാം..

  ടൈറ്റിലിൽ പറഞ്ഞ പോലെത്തന്നെ സ്ക്രീനിൽ എന്തു
  സംഭവിക്കുമെന്ന ആകാാംക്ഷയാൽ പ്രേക്ഷകനെ സീറ്റിൻ തുമ്പത്തേയ്ക്ക് തള്ളിയിരുത്തുന്ന ഒരു സിനിമയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.. തുടക്കത്തിൽ എന്ന പോലെ തന്നെ ഒടുക്കം വരെയും ത്രസിപ്പിച്ചുനിർത്താനും ഉറക്കെകയ്യടിപ്പിക്കാനുമുള്ള കണ്ടന്റ് സിനിമയ്ക്കുണ്ട്. ജീവിതവും സിനിമയും പഠിപ്പിച്ചു തന്ന ഗുരുനാഥനായ ലിജോ ജോസിന് സമർപ്പിച്ചുകൊണ്ടും കെജി ജോർജ് തന്ന ഇൻസ്പിരേഷനുകളെ എടുത്തു പറഞ്ഞു കൊണ്ടും ആദ്യ സിനിമ തുടങ്ങിയ ടിനു പാപ്പച്ചന് തീർച്ചയായും അഭിമാനിക്കാം.. രണ്ടുപേരുടെയും പേര് ചീത്തയാക്കിയിട്ടില്ല.. അതുകൊണ്ട് മലയാളികൾക്ക് ഇനിയും ഇയാളിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുകയും ചെയ്യാം.. ധൈര്യമായിട്ട് തന്നെ..

  English summary
  Swathanthryam Ardharathriyil review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more