»   » മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആര്‍ക്കു വേണ്ടി?

മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആര്‍ക്കു വേണ്ടി?

Posted By:
Subscribe to Filmibeat Malayalam

പ്രായം തിരിച്ചറിയാത്തതായിരുന്നു നമ്മുടെ സൂപ്പര്‍താരങ്ങളുടെ പ്രശ്‌നം. മകളുടെ പ്രായമാകാന്‍ പോന്ന പെണ്‍കുട്ടികളെ പ്രേമിച്ചു നടക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശനമേറ്റിരുന്നത്. പ്രായം അന്‍പതു കഴിഞ്ഞിട്ടും പ്രേമിച്ചു നടക്കുന്ന താരങ്ങള്‍ക്ക് യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രായത്തിനനുസരിച്ച വേഷങ്ങള്‍ സ്വീകരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറായി. ഭാര്യയും മക്കളും ഉള്ള നായകന്റെ വേഷത്തിലായിരുന്നു അടുത്തകാലത്ത് ലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നത്. എന്നാല്‍ ഈ പരിണാമത്തില്‍ മമ്മൂട്ടി വെല്ലുവിളിയെ അതിജീവിച്ചപ്പോള്‍ ലാല്‍ കാല്‍തടഞ്ഞു വീണുപോയി എന്നുപറയാം. സത്യവും നീതിയും ഇല്ലാതാകുന്ന കാലത്ത് മമ്മൂട്ടി നീതിയുടെയും ധര്‍മ്മത്തിന്റെയും നന്മയുടെയും പ്രതീകങ്ങളായ കഥാപാത്രങ്ങളെയായിരുന്നു സ്വീകരിച്ചിരുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയ്ന്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളുടെ വിജയം ഇതാണു കാണിക്കുന്നത്.

Mohanlal

എന്നാല്‍ അതേസമയം ലാല്‍ സ്വീകരിച്ചത് സാധാരണജീവിതത്തില്‍ നിന്ന് ഉയരത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. അവയാകട്ടെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് വളരെ ഉയരത്തിലും. ഒരുതരത്തില്‍ പറഞ്ഞാല്‍ കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങള്‍. അതിമാനുഷികനായിരുന്ന ലാല്‍ അതിഭാവുകത്വം നിറഞ്ഞ വേഷങ്ങളിലേണ് പരിണമിച്ചത്. അത് പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നു. ലാലിന്റെ മുഖത്തെ കൃത്രിമത്വം ഫാന്‍സുകാര്‍ക്കു പോലും ഇഷ്ടമില്ലാതായിരുന്നു എന്നതാണു സത്യം.

മുന്‍പ് രഞ്ജിത്ത് പറഞ്ഞൊരു കാര്യമുണ്ടായിരുന്നു.ലാല്‍ കുറേ ഉപഗ്രഹങ്ങളുടെ പിടിയിലാണെന്ന്. അവരാണു ലാലിനെ വഴിതെറ്റിക്കുന്നതെന്ന്. ലാലിന് നല്ല കഥാപാത്രങ്ങളെ നല്‍കിയാല്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഭ്രമരം, പ്രണയം, സ്പിരിറ്റ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പക്ഷേ ഇപ്പോള്‍ വരുന്ന ചിത്രങ്ങളിലെല്ലാം ലാലിന്റെ മുഖത്ത് സ്വാഭാവിക വികാരങ്ങള്‍ പോലും വരാത്ത സ്ഥിതിയായി. ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നിവയിലെ ലാലിന്റെ മുഖഭാവം കണ്ടാല്‍ നമുക്ക് മനസ്സിലാകും. ജന്റില്‍മാനില്‍ ലാലിന്റെ മുഖത്ത് കൃത്രിമത്വം അതിന്റെ പരകോടിയിലാണ്. ലോക്പാലില്‍ ലാല്‍ സാധാരണക്കാരന്റെ ചില വേഷം സ്വീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ അവിശ്വസനീയമായേ തോന്നുകയുള്ളൂ. അതേസമയം മമ്മൂട്ടി ചിത്രങ്ങളിലെ സാധാരണക്കാരനെ നമുക്ക് ഇഷ്ടമാകുകയും ചെയ്യും.

മുഖത്തെ അമിത മേക്കപ്പും തലയ്ക്കു ചേരാത്ത വിഗുമാണ് ലാലിന് ദോഷമാകുന്നത്. റെഡ് വൈനില്‍ ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്വാഭാവികമായ ഒരു പ്രകടനവും നടത്താന്‍ പറ്റുന്നില്ല.

തനിക്കു പറ്റിയ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ ലാല്‍ പരാജയപ്പെടുകയാണ്. എത്രയോ തവണ അവതരിപ്പിച്ച മദ്യപാനിയുടെ റോള്‍ ഇനിയും വരുമ്പോള്‍ തന്നെ ലാല്‍ ഒഴിവാക്കണമായിരുന്നു. മലയാള സിനിമയില്‍ വന്ന മാറ്റം തിരിച്ചറിയാതെയാണ് സിദ്ദീഖ് അത്തരമൊരു ചിത്രത്തിനു തുനിഞ്ഞതു തന്നെ. അങ്ങനെയൊരു കഥ കേട്ടപ്പോള്‍ തന്നെ ലാല്‍ പറ്റില്ലെന്നു പറയണമായിരുന്നു. നാലു സ്ത്രീകള്‍ക്കിടയിലെ ഒരു ഹീറോയായി ഇനിയും തനിക്കു വിജയിക്കാന്‍ പറ്റുമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണയാണ് ചിത്രത്തിനു ദോഷമായതും.

ലോക്പാല്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതിന്റെ വിജയസാധ്യത മനസ്സിലാക്കാമായിരുന്നു. എസ്.എന്‍. സ്വാമിയുടെ അന്വേഷണത്തിനൊന്നും ഇനിയിവിടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റില്ലെന്ന് സാഗര്‍ ഏലിയാസ് ജാക്കിയുടെ പരാജയത്തില്‍ നിന്നു ലാല്‍ മനസ്സിലാക്കണമായിരുന്നു. പരാജയങ്ങളില്‍ നിന്നു പരാജയത്തിലേക്കാണ് ലാല്‍ യാത്ര ചെയ്യുന്നത്. അതു മനസ്സിലാക്കി തനിക്കു സാധിക്കുന്ന വേഷത്തിലേക്കു ലാല്‍ വന്നില്ലെങ്കില്‍ ഫാന്‍സുകാര്‍ പോലും കൂടെയുണ്ടാകില്ല.

English summary
Mohanlal and Mammootty is consciously opting to work on roles that are closer to their age. But if we close watch, we can identify superstar Mohanlal's majority selections are wrong.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam