»   » സെയ്‌ഫിനെ അത്ര വിശ്വാസം പോരെന്ന്‌ കരീന

സെയ്‌ഫിനെ അത്ര വിശ്വാസം പോരെന്ന്‌ കരീന

Posted By:
Subscribe to Filmibeat Malayalam
Kareena
ബോളിവുഡില്‍ പ്രണയം പൂക്കുകയും കരിയുകയും ചെയ്യാറുള്ളത്‌ കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിലാണ്‌. കല്യാണംവരെ എത്തിയ സല്‍മാന്‍ കത്രീന പ്രണയം ഇപ്പോള്‍ ഏതാണ്ട്‌ പൂര്‍ണമായും കരിഞ്ഞുവെന്നാണ്‌ കേള്‍ക്കുന്നത്‌.

അതിനിടെ ബോളിവുഡ്‌ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രണയവിവാഹമുണ്ട്‌ സെയ്‌ഫ്‌-കരീന ജോഡികളുടേത്‌, ഷാഹിദ്‌ കപൂറിനെ വിട്ട്‌ കരീന സെയ്‌ഫിനെ പ്രണയിക്കാന്‍ തുടങ്ങിയിട്ട്‌ ഇപ്പോള്‍ ഏതാണ്ട്‌ രണ്ടുവര്‍ഷം തികയാറായി. എന്നിട്ടും കല്യാണക്കാര്യത്തില്‍ ഇതേവരെ തീരുമാനമൊന്നും ആയിട്ടില്ല.

കല്യാണം കഴിക്കുന്നില്ല പകരം ലിവ്‌ ഇന്‍ നടത്താനാണ്‌ ഇരുവരുടെയും തീരുമാനമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ഈ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും അത്രയ്‌ക്ക്‌ ശുഭകരമല്ല. ഇപ്പോള്‍ കേള്‍ക്കുന്നത്‌ കരീനയ്‌ക്ക്‌ സെയ്‌ഫിനെ അത്രയ്‌ക്കങ്ങോട്ട്‌ വിശ്വാസമില്ലെന്നാണ്‌.

സോണി ടിവിയിലെ റിയാലിറ്റിഷോ ആയ ദസ്‌ കാ ദമ്മിലാണ്‌ കരീന സെയ്‌ഫിനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്‌. പരിപാടിയുടെ അവതാരകന്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനാണ്‌. ഷോയുടെ രണ്ടാം എപ്പിസോഡില്‍ അതിഥികളായി എത്തിയത്‌ കരീനയും സഹോദരി കരീഷ്മയുമായിരുന്നു.

ഷോയ്‌ക്കിടെ എന്തിനാണ്‌ സ്‌ത്രീകള്‍ ഭര്‍ത്താക്കന്മാരുടെയും കാമുകന്മാരുടെയും മൊബൈല്‍ മെസേജുകള്‍ പരിശോധിക്കുന്നതെന്ന ചോദ്യത്തിന്‌ കരീന നല്‍കി ഉത്തരമാണ്‌ സെയ്‌ഫിനെ ഇപ്പോള്‍ അങ്കലാപ്പിലാക്കിയിരിക്കുന്നത്‌.

കാമുകന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും മൊബൈല്‍ ഫോണും അവര്‍ക്കു വരുന്ന സന്ദേശങ്ങളും പരിശോധിക്കുന്നത്‌ അവരവരുടെ സുരക്ഷയ്‌ക്ക്‌ നല്ലതാണെന്നാണ്‌ കരീന തട്ടിവിട്ടത്‌. തനിക്ക്‌ സെയ്‌ഫ്‌ അലി ഖാനില്‍ അത്ര വിശ്വാസം പോരെന്നും കരീന തുറന്നടിച്ചു.

എല്ലാ ഭാര്യമാരും കാമുകിമാരും കാമുകന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും ഫോണും മറ്റും പരിശോധിക്കുന്നത്‌ എന്തുകൊണ്ടും നല്ലതാണെന്നാണ്‌ കരീനയുടെ അഭിപ്രായം. ഇതേചോദ്യം കരീന തിരിച്ച്‌ സല്‍മാനോട്‌ ചോദിച്ചപ്പോള്‍ താന്‍ ഇതേവരെയും കാമുകിയുടെ ഫോണ്‍ കണ്ടിട്ടില്ലെന്നായിരുന്നു മസില്‍ഖാന്റെ ഉത്തരം.

മാത്രമല്ല തനിക്ക്‌ തന്റെ കാമുകിയില്‍ പൂര്‍ണവിശ്വാസമാണെന്നും എന്നാല്‍ കാമുകി തന്റെ ഫോണുകളും മെസേജുകളും പരിശോധിക്കാറുണ്ടെന്നും സല്ലു പറഞ്ഞു. എന്തായാലും സല്ലു പറഞ്ഞ ഈ കാമുകി കത്രീനയാണോ ഇനി പുതിയ വല്ല മുഖങ്ങളുമാണോയെന്ന സംശയവും ഇതോടെ ഗോസിപ്പുകാരുടെ ഉള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇനി ഇക്കാര്യം കണ്ടെത്തുകയെന്നതാണ്‌ അവരുടെ ദൗത്യം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam