»   » ബോളിവുഡിന്‌ 200 കോടിയുടെ ദീപാവലി

ബോളിവുഡിന്‌ 200 കോടിയുടെ ദീപാവലി

Posted By:
Subscribe to Filmibeat Malayalam
Lara Duttha
ദീപാവലി അടിച്ചു പൊളിയ്‌ക്കാന്‍ ബോളിവുഡ്‌ വിപണിയില്‍ ഇറക്കുന്നത്‌ ഇരുനൂറ്‌ കോടിയുടെ സിനിമകള്‍. ഐപിഎല്ലിന്റെ ആവേശത്തിലും നിര്‍മാതക്കളുടെ സമരത്തിലും മുങ്ങിപ്പോയ ഈ വര്‍ഷത്തെ ബോളിവുഡ്‌ ഉയിര്‍പ്പ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌ ബിഗ്‌ ബജറ്റ്‌ ദീപാവലി സിനിമകളിലാണ്‌.

അജയ്‌ ദേവ്‌ ഗണിന്റെ ഓള്‍ ദ ബെസ്‌റ്റ്‌, അക്ഷയ്‌ കുമാര്‍-സഞ്‌ജയ്‌ ദത്ത ടീമിന്റെ ബ്ലൂ, സല്‍മാന്‍ ചിത്രം മേം ഓര്‍ മിസിസ്‌ ഖന്ന എന്നീ മൂന്ന്‌ ചിത്രങ്ങള്‍ക്ക്‌ മാത്രമായി 200 കോടിയാണ്‌ മുടക്കിയിരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയനുഭവിയ്‌ക്കുന്ന ഹിന്ദി സിനിമാ ലോകത്തെ രക്ഷിയ്‌ക്കാന്‍ ഇതില്‍ രണ്ട്‌ സിനിമകളെങ്കിലും ബോക്‌സ്‌ ഓഫീസില്‍ പണം വാരണം. മറിച്ചാണ്‌ സംഭവിയ്‌ക്കുന്നതെങ്കില്‍ അതിന്റെ ആഘാതത്തില്‍ നിന്ന്‌ അടുത്ത കാലത്തൊന്നും വിപണിയ്‌ക്ക്‌ രക്ഷപ്പെടാനാവില്ല.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ദീപാവലി വിപണി ഹിന്ദി സിനിമാ വ്യവസായത്തിന്‌ എക്കാലത്തും വലിയ ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്‌. കുച്ച്‌ കുച്ച്‌ ഹോത്താ ഹെ, വീര്‍സറാ, ഫാഷന്‍ തുടങ്ങിയവ ഇതില്‍ ചിലത്‌ മാത്രം. ഇങ്ങനെയൊരു ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന ബിഗ്‌ ബജറ്റ്‌ സിനിമകള്‍ തിയറ്ററുകളില്‍ തരംഗം സൃഷ്ടിയ്‌ക്കുമെന്നാണ്‌ നിര്‍മാതക്കളുടെ പ്രതീക്ഷ.

വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യുന്ന മൂന്ന്‌ സിനിമകളും വ്യത്യസ്‌ത തീമുകളാണ്‌ കൈകാര്യ ചെയ്യുന്നത്‌. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമായ ബ്ലൂവിന്‌ മാത്രം നൂറ്‌ കോടിയാണ്‌ നിര്‍മാതക്കള്‍ മുടക്കിയിരിക്കുന്നത്‌. രാജ്യത്തെ രണ്ടായിരത്തോളം തിയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രം ലാഭമാകുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. ഗോല്‍മാല്‍ റിട്ടേണ്‍സിന്‌ ശേഷം അജയ്‌ ദേവ്‌ഗണിന്റെ കോമഡി ചിത്രമായ ഓള്‍ ദ ബെസ്റ്റ്‌, പ്രണയകഥ പറയുന്ന സല്‍മാന്‍-കരീന ടീമിന്റെ മേം ഓര്‍ മിസിസ്‌ ഖന്ന ഇവയെല്ലാം ഹിറ്റാകുമെന്നാണ്‌ സിനിമാ നിരീക്ഷകര്‍ പ്രവചിയ്‌ക്കുന്നത്‌. കാമ്‌നി, ന്യൂയോര്‍ക്ക്‌, ലവ്‌ ആജ്‌ കല്‍, വാണ്ടഡ്‌ എന്നിങ്ങനെ നാല്‌ സിനിമകള്‍ മാത്രമാണ്‌ ഈ വര്‍ഷം ബോക്‌സ്‌ ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam